ഗാന്ധിനഗർ: കഴിഞ്ഞ ദിവസം ഗണേശ വിഗ്രഹ മണ്ഡപത്തിന് നേരെയുണ്ടായ കല്ലേറിൽ ഗുജറാത്തിൽ സംഘർഷം. സൂറത്തിലെ സയേദ്‌പുരയിലാണ് ഗണേശ മണ്ഡപത്തിനുനേരെ ചിലർ കല്ലെറിഞ്ഞത്. സംഭവത്തെത്തുടർന്ന് കല്ലെറിഞ്ഞ ആറുപേരെയും ഇതിന് പ്രേരിപ്പിച്ച 27 പേരെയും അറസ്റ്റ് ചെയ്തതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഗ്‌വി പറഞ്ഞു.
ഗണേശ വിഗ്രഹത്തിന് നേരെ ചില കുട്ടികൾ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്ന് സൂറത്ത് പൊലീസ് കമ്മിഷണർ അനുപം സിംഗ് ഗെലോട്ട് വ്യക്തമാക്കി. പൊലീസ് ഉടൻതന്നെ കുട്ടികളെ അവിടെനിന്ന് നീക്കി. പിന്നാലെ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷം നിയന്ത്രിക്കാൻ ചില പ്രദേശങ്ങളിൽ ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിക്കേണ്ടി വന്നു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നതെന്നും പൊലീസ് കമ്മിഷണർ പറഞ്ഞു.
സംഭവസ്ഥലം സന്ദർശിച്ച ഗുജറാത്ത് ആഭ്യന്തമന്ത്രി, കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സമാധാനാന്തരീക്ഷം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്ധ്യപ്രദേശിലെ രത്‌ലമിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു. ഗണേശ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് നേരെയാണ് കല്ലേറുണ്ടായത്. ശനിയാഴ്ച രാത്രി മോച്ചിപുര മേഖലയിൽ പ്രതിഷ്ഠയ്ക്കായി വിഗ്രഹം കൊണ്ടുപോകുന്നതിനിടെയാണ് സംഭവമുണ്ടായത്. തുടർന്ന് കല്ലെറിഞ്ഞയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ഞൂറോളം പേർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സംഭവത്തിൽ അജ്ഞാത വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |