SignIn
Kerala Kaumudi Online
Saturday, 12 October 2024 12.32 AM IST

ആഫ്രിക്കയിൽ ഒരു കുഞ്ഞ് കേരളം തന്നെ സൃഷ്‌ടിച്ച് മലപ്പുറം സ്വദേശികളായ യുവ ദമ്പതികൾ, പിന്നാലെ സർക്കാർ ക്ഷണം

Increase Font Size Decrease Font Size Print Page
arun-sumi

പ്രകടമാവാത്ത സ്‌നേഹം നിരർത്ഥകവും പിശുക്കന്റെ കൈയിലെ നാണയശേഖരം പോലെ ഉപയോഗശൂന്യവും ആണെന്നാണ് വിവേകികൾ പറഞ്ഞിരിക്കുന്നത്. സഹജീവികളോടുള്ള സ്‌നേഹവും കരുണയും മനസിൽ കൊണ്ടുനടക്കാതെ അതിന് പ്രവൃത്തിയിലൂടെ നിരവധി രൂപങ്ങൾ നൽകിയിരിക്കുകയാണ് മലപ്പുറം നിലമ്പൂർ പോത്തുകൽ സ്വദേശിയായ അരുണും ഭാര്യ സുമിയും.

മലാവിയിലെ പ്രവർത്തനങ്ങളുടെ തുടക്കം

തെക്കുകിഴക്കൻ ആഫ്രിക്കയിൽ നാലുവശവും കരയാൽ ചുറ്റപ്പെട്ട രാജ്യമായ മലാവിയിൽ അവിടുത്തെ ജനതയ്‌ക്ക് പ്രതീക്ഷയും സന്തോഷവും നൽകിയ യുവദമ്പതികളാണ് അരുണും സുമിയും. മൂന്ന് വർഷങ്ങൾക്ക് മുൻപ് അരുൺ മലാവിയിൽ ഒരു കമ്പനിയിൽ ജോലി നോക്കവെ വഴിയിലൊരു ഗ്രാമത്തിൽ കണ്ട കാഴ്‌ചയാണ് എല്ലാ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടത്.

2021 ഫെബ്രുവരി മാസത്തിലായിരുന്നു അത്. പുതിയ കമ്പനിയിൽ ജോലിക്ക് കയറിയ ശേഷം വാഹനത്തിൽ പോകവെ കുറച്ച് കുട്ടികൾ മഴ നനഞ്ഞ് ഓടിവരുന്നത് കണ്ടു. തൊട്ടടുത്തുള്ള സ്‌കൂളിലെ കുട്ടികളായിരുന്നു അത്. അവർ മഴയിൽ കളിച്ച് രസിച്ച് വരികയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഡ്രൈവർ പറഞ്ഞപ്പോഴാണ് വാസ്‌തവം തിരിച്ചറിഞ്ഞത്. കുട്ടികൾ പഠിക്കുന്ന സ്‌കൂൾ,​ യാത്രയ്‌ക്കിടെ കണ്ടു. പുല്ലുമേഞ്ഞ രണ്ട് മുറികൾ മാത്രമുള്ള ഒരു ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ കെട്ടിടമായിരുന്നു സ്‌കൂൾ. മഴ നന‍ഞ്ഞ് ബുക്കെല്ലാം ചേർത്ത് പിടിച്ച് വിഷമിച്ചാണ് കുട്ടികൾ അവിടെനിന്നിരുന്നത്. അതിൽ നിന്ന് രക്ഷപ്പെടാനുള്ള ഓട്ടമായിരുന്നു അത്.

അതോടെ സ്‌കൂളിലെ കുട്ടികൾ മഴ നനയാതിരുന്ന് പഠിക്കുന്ന തരത്തിൽ സ്‌കൂൾ ഒന്ന് പുതുക്കാൻ പറ്റുമോ എന്ന് ആലോചനയായി. സർക്കാർ സ്‌കൂളായിരുന്നു അത്. സ്‌കൂൾ അധികൃതരുമായി പിന്നീട് ഇക്കാര്യം സംസാരിച്ചു. അപ്പോഴാണ് നാലാം ക്ളാസ് വരെയുളള സ്‌കൂളാണിതെന്നും ക്ളാസിൽ ബാക്കിയുള്ള കുട്ടികൾ മരച്ചുവട്ടിലൊക്കെയിരുന്നാണ് പഠിക്കുന്നത് എന്നും അറിഞ്ഞത്.

അതോടെ തന്റെ ആഗ്രഹം അരുൺ അധികൃതരോട് തുറന്നു പറഞ്ഞു. കൈയിലുള്ള കുറച്ച് പണം ചേർത്ത് മെല്ലെ നല്ലൊരു സ്‌കൂളാക്കാം എന്നുള്ള ഐഡിയയായിരുന്നു അത്. സ്‌കൂൾ അധികൃതരും തയ്യാറായി. ഒരൊറ്റ ആഴ്‌ചകൊണ്ട് സ്‌കൂൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ 40,​000 ഇഷ്‌ടികകൾ ചുട്ടെടുത്തു. അതോടെ വലിയ ഊർജ്ജമാണ് അരുണിന് കൈവന്നത്. സ്‌കൂൾ ഒന്ന് മുതൽ നാല് വരെ പഠിക്കുന്ന കുട്ടികൾക്ക് പഠിക്കാവുന്ന ഒരൊറ്റ കെട്ടിടമാക്കി മാറ്റാൻ അതോടെ ആലോചനയായി.

പ്രൈമറി സ്‌കൂളിന്റെ പ്ളാൻ

മലാവിയിൽ സൈറ്റ് അഡ്‌മിനായി ജോലി നോക്കുന്ന അരുൺ താൻ മനസിൽ കണ്ട സ്‌കൂൾ കെട്ടിടത്തിനായി ഒരു പ്ളാൻ തയ്യാറാക്കി. തന്റെ സഹപ്രവർത്തകനായ കെന്നത്തിനെ പ്ളാൻ കാണിച്ചു. അതോടെ കെന്നത്തും ഒപ്പംകൂടി.തന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അരുൺ സുഹൃത്തും സഹപാഠിയുമായ ആഷിഫിനോടും പറഞ്ഞു. ദുബായിൽ ജോലിനോക്കുന്ന ആഷിഫും എന്ത് സഹായത്തിനും ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു.

bricks

സ്‌കൂൾ നിർമ്മാണത്തിലിരിക്കുന്ന സമയത്ത് കൊവിഡ് പ്രശ്‌നം വന്നു. അക്കാലത്ത് കൊവിഡ് പ്രതിരോധത്തിന് യു.എൻ പിന്തുണയിൽ ഒരു ടീം അവിടെ പ്രവർത്തിച്ചിരുന്നു കൊവിഡ്-19 ടീം. അവർ അതുവഴി കടന്നുപോകുമ്പോൾ സ്‌കൂൾ പണിനടക്കുന്നത് കണ്ടു. വിവരം തിരക്കിയപ്പോൾ സ്‌കൂൾ നിർമ്മാണത്തെക്കുറിച്ചും അരുണിന്റെ പങ്കാളിത്തത്തെക്കുറിച്ചും ടീച്ചർമാർ പറഞ്ഞു. അതോടെ അവരും ഒരു റൂം നിർമ്മിച്ച് നൽകാൻ തയ്യാറായി. വൈകാതെ അരുൺ ജോലിനോക്കുന്ന കമ്പനിയും അവിടെ വലിയൊരു ക്ളാസ് റൂമും ഓഫീസ് റൂമും നിർമ്മിച്ച് നൽകി. ഒന്നുമുതൽ അഞ്ച്‌വരെ ക്ളാസുകൾ ഇന്നവിടെയുണ്ട്. നല്ല ടോയ്‌ലറ്റും വേൾഡ് വിഷന്റെ സപ്പോർട്ടും വന്നു.കുട്ടികൾക്ക് പ്രഭാതഭക്ഷണവും പോഷകാഹാരവും നൽകുന്നുണ്ട്. അതോടെ മലാവി ഡയറീസിന്റെ പ്രവർത്തനങ്ങൾക്ക് ശുഭാരംഭമായി.

സുമി ഒപ്പം ചേർന്നു

2022ലാണ് സുമി അരുണിനൊപ്പം ചേരുന്നത്. വിവാഹശേഷം മലാവിയിലെത്തി വളരെവേഗം തന്നെ അരുണിന്റെ പ്രവർത്തനങ്ങളിൽ ഒപ്പംകൂടി. മലാവിയിൽഅരുണിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു വർഷം മുൻപേ സുമിക്കറിയാമായിരുന്നു. സ്‌കൂളിന്റെ പ്രവർത്തനങ്ങൾ വളരെവേഗം മുന്നോട്ട് പോയി.സ്‌കൂളിന് പെയിന്റടിച്ചത് ഇരുവരും ചേർന്നാണ്. നാട്ടിലുള്ളവർക്ക് നല്ല ഭക്ഷണമുണ്ടാക്കി നൽകാൻ സുമി പഠിപ്പിച്ചു. അടുപ്പ് ഉണ്ടാക്കി നൽകാൻ കഴിഞ്ഞു.

ചെയ്യുന്നത് സാമൂഹിക ഉത്തരവാദിത്വം

ചാരിറ്റിയായല്ല തനിക്ക് ചുറ്റുമുള്ള മനുഷ്യർക്കായി എന്തെങ്കിലും ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് മലാവി ഡയറീസ് പ്രവർത്തിക്കുന്നതെന്ന് അരുൺ പറയുന്നു. ചുറ്റുമുള്ള ജനങ്ങൾക്ക്, തനിക്ക് അന്നം നൽകുന്ന രാജ്യത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും ചെയ്‌തുകൊടുക്കണം എന്ന സാമൂഹിക ഉത്തരവാദിത്വമാണ് നിറവേറ്റുന്നതെന്നാണ് ഇരുവരുടെയും കാഴ്‌ചപ്പാട്.തങ്ങളുടെ പ്രവർത്തനം കണ്ട് നിരവധി പേർ അക്കൗണ്ട് നമ്പർ ചോദിച്ച് സമീപിച്ചിരുന്നു. പക്ഷെ ക്രൗഡ് ഫണ്ടിംഗ് രീതിയിലല്ല ഈ നാട്ടിൽ നിന്നും സമ്പാദിക്കുന്ന പണത്തിൽ നിന്നും ചെലവാക്കുന്നതാണ് തങ്ങളുടെ രീതിയെന്ന് ഈ യുവദമ്പതികൾ അവരോടെല്ലാം വ്യക്തമാക്കി.

കേരള മോഡൽ കിണർ

കിണർ നിർമ്മാണം നടത്തിയതിന് പിന്നിലെ കഥ ഇങ്ങനെ. ആദ്യം ജോലി നോക്കിയയിടത്ത് ജലദൗർലഭ്യം ഉണ്ടായിരുന്നില്ല. എന്നാൽ അവിടെ നിന്നും മുന്നൂറ് കിലോമീറ്റർ അകലെയൊരിടത്താണ് പിന്നീട് അരുൺ ജോലിനോക്കിയത്. അവിടെ ജനങ്ങളുടെ വെള്ളത്തിന്റെ ബുദ്ധിമുട്ട് കണ്ട് അവരെക്കൂടി ഉൾപ്പെടുത്തി കേരള മോഡൽ കിണർ കുഴിച്ചു. നല്ല തെളിഞ്ഞ വെള്ളമാണ് ലഭിച്ചത്. അതോടെ വളരെ സന്തോഷമായി. മൂന്ന് കിണറുകൾ ഇത്തരത്തിൽ ചെയ്‌തു. ഈ പ്രവർത്തനം യൂട്യൂബ് വീ‌ഡിയോയായി ഇട്ടപ്പോൾ അതിന് ലഭിച്ച കമന്റുകൾ വലിയ പ്രചോദനമാണ് നൽകിയത്. അരുൺ പറയുന്നു.

school

വലിയ ലക്ഷ്യം

നിലവിൽ വലിയൊരു ലക്ഷ്യം മുൻനിർത്തി ഉള്ള പ്രവർത്തനത്തിലാണ് അരുണും സുമിയും. ഒരു ഹയർ സെക്കന്ററി സ്‌കൂളിന്റെ നിർമ്മാണത്തിലാണ്. വളരെ മെല്ലെയെങ്കിലും അത് വിജയത്തിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. ഗ്രാമത്തിലെ കുട്ടികൾ നേരിടുന്ന പ്രത്യേകിച്ച് പെൺകുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ കേട്ടറിഞ്ഞാണ് ഈ പ്രവർത്തനത്തിലേക്ക് അവർ തിരിഞ്ഞത്.

35ഓളം ഗ്രാമങ്ങൾ ചുറ്റുമുണ്ടായിരുന്നു. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് കുട്ടികൾ കൃഷിയിലോ കുടുംബ തൊഴിലിലോ ഏർപ്പെടുകയും നേരത്തെ വിവാഹിതരാകുകയും ചെയ്യുന്ന പതിവ് മാറ്റാനാണ് അവിടെ സ്‌കൂൾ കൊണ്ടുവരാൻ തീരുമാനിച്ചത്. നാല് ഡിവിഷൻ വച്ചാണ് ഹയർ സെക്കന്ററി സ്‌കൂൾ നിർമ്മാണം. പണി പൂ‌ർത്തിയായ ശേഷം മലാവി സർക്കാരിന് നൽകാനാണ് തീരുമാനം.

സന്തോഷത്തോടെ സ്വീകരിച്ച് ജനം

ഗ്രാമത്തിലെ ജനങ്ങൾക്ക് പണം കൊടുത്ത് വാങ്ങാൻ കഴിയാത്തവ പണം നൽകി ചെയ്യുന്നതാണ് മലാവി ഡയറിയുടെ പ്രവർത്തനം. എന്നാൽ ഗ്രാമത്തിലെ ആളുകളുടെ കൂടി അദ്ധ്വാനം കൂടിച്ചേർത്താണ് ഈ പ്രവർത്തനങ്ങൾ. വലിയ സന്തോഷത്തോടെയാണ് ഈ പ്രവർത്തനങ്ങൾ അവർ സ്വീകരിച്ചത്. മലാവിയിലെ ജനങ്ങൾക്ക് നമ്മുടെ മലയാളിത്തമുള്ള ഭക്ഷണസാധനങ്ങൾ വളരെ ഇഷ്‌ടമായി. മസാലകളൊന്നും ചേർത്തുള്ള ഭക്ഷണം ഇവിടെയില്ല. ഇത്തരം ഭക്ഷണം ഉണ്ടാക്കി നൽകി. ചിപ്‌സ് ഉണ്ടാക്കാനും അത് വിൽക്കാനും ഗ്രാമവാസികളായ സ്‌ത്രീകളെ പഠിച്ചു. ആവശ്യക്കാർക്ക് കട ഉണ്ടാക്കി കൊടുത്തു. അങ്ങനെ വളരെ പോസിറ്റീവായ മാറ്റം അവരിലുണ്ടാക്കി. കുളം കുഴിക്കാനും കൃഷിയ്‌ക്കും മറ്റും വേണ്ട കാര്യങ്ങൾനാട്ടുകാരെക്കൊണ്ടുതന്നെ ഉണ്ടാക്കിയെടുക്കാൻ വേണ്ട സഹായം നൽകി. അതിനാവശ്യമായ അറിവ് പറഞ്ഞുനൽകി.

ലോകകേരള സഭ

അരുണിന്റെ അച്ഛൻ അശോകനും അമ്മ പുഷ്‌പയും ഇവരുടെ പ്രവർത്തനങ്ങൾ പൂർണമായും പിന്തുണക്കുന്നു. സുമിയുടെ അമ്മ ഓമന പോത്തുകൽ നാരങ്ങപൊയിലിലെ അംഗനവാടിയിലെ ടീച്ചറാണ്. മികച്ച അംഗനവാടി ടീച്ചർക്കുള്ള അവാർഡ് സർക്കാരിൽ നിന്ന് സ്വീകരിച്ചയാളാണ്. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരള സഭയിലേക്ക് മലാവിയിൽ നിന്ന് അരുണിനും സുമിയ്‌ക്കും ക്ഷണം ലഭിച്ചു. വളരെയധികം അഭിമാനം തോന്നിയ കാര്യമാണ് ഇതെന്ന് ഈ യുവദമ്പതികൾ പറയുന്നു. എന്നാൽ ഇക്കൊല്ലം അതിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന വിവരം അറിയിച്ചു. പക്ഷെ അടുത്തവർഷം തീർച്ചയായും പങ്കെടുക്കാൻ സാധിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARUN, SUMI, VIDEOS, MALAWI DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.