വിവാദങ്ങൾ ഒന്നിനു പുറകെ ഒന്നായി സിനിമാ മേഖലയെ ഉലയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ചലച്ചിത്ര അക്കാഡമി ചെയർമാന്റെ കസേരയിലേക്ക് പ്രേംകുമാർ എത്തിയത്. 26 വർഷത്തെ ചരിത്രത്തിനിടയിൽ അക്കാഡമി ചെയർമാന്റെ കസേരയിലെത്തുന്ന ആദ്യ അഭിനേതാവ്. താത്കാലിക ചുമതലയാണെങ്കിലും പിഴവുകളില്ലാതെ ദൗത്യ നിർവഹണവുമായി മുന്നോട്ടു പോകാനാണ് പ്രേംകുമാറിന്റെ തീരുമാനം.
''ഞാൻ ജീവിതം പ്ലാൻ ചെയ്ത് മുന്നോട്ടു കൊണ്ടുപോകുന്ന ആളല്ല ഞാൻ, മലയാള സിനിമയിൽ മഹാരഥന്മാർ ധാരാളമുണ്ട്. ഈ പദവി എനിക്കു ലഭിച്ചത് ദൈവത്തിന്റെ കൃപ കൊണ്ടാണ് എന്നാണ് വിശ്വസിക്കുന്നത്. സർക്കാർ എന്നിലേൽപ്പിച്ച ഉത്തരവാദിത്വം എത്രമേൽ വലുതെന്ന ബോദ്ധ്യമുണ്ട്. ഇവിടെ എനിക്കേറെ ചെയ്യാനുണ്ട്."" അദ്ദേഹം 'കേരളകൗമുദി"യോടു പറഞ്ഞു. മനഃശാസ്ത്രത്തിൽ ബിരുദം നേടി, കോഴിക്കോട് സർവകലാശാലയിൽ നിന്ന് ബാച്ചിലർ ഓഫ് തിയേറ്റർ ആർട്സിൽ ഒന്നാം റാങ്ക് നേടിയ ശേഷം അഭിനയമേഖലയിലേക്ക് എത്തിയ പ്രേംകുമാറിന് ക്യാമറയ്ക്കു മുന്നിലും ഇനിയുമേറെ ചെയ്യാനുണ്ട്. വെല്ലുവിളികൾ നേരിടാൻ അദ്ദേഹം തയ്യാറുമാണ്. പ്രേംകുമാറുമായുള്ള സംഭാഷണത്തിൽ നിന്ന്:
രഞ്ജിത്ത് നല്ല സുഹൃത്ത്
രഞ്ജിത്ത് നല്ല സുഹൃത്താണ്. അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് അദ്ദേഹത്തിന്റെ സ്ഥാനമൊഴിയലും, അതിനുപിന്നാലെ എന്റെ ചുമതല ഏറ്റെടുക്കലും എന്നത് സന്തോഷകരമല്ല. എങ്കിലും സർക്കാർ ഏൽപ്പിച്ച ചുമതല ഭംഗിയായി നിർവഹിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. വളരെ കഠിനപ്രയത്നം ചെയ്യുന്ന ടീം ചലച്ചിത്ര അക്കാഡമിയിലുണ്ട്. സെക്രട്ടറി അജോയ് നൽകുന്ന പിന്തുണ വലിയ ശക്തിയാണ്.
2022-ലെ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാര പ്രഖ്യാപനം ഈ മാസം നടക്കും. 2023-ലെ ജെ.സി. ഡാനിയൽ പുരസ്‌കാര പ്രഖ്യാപനവും ഈ മാസമുണ്ട്. 2022-ലെ ടിവി പുരസ്‌കാരം പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക തടസങ്ങൾ കാരണം വിതരണം ചെയ്തിരുന്നില്ല. അത് ഉടനെയുണ്ടാകും. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഈ മാസം അവസാനം 'നിശാഗന്ധി"യിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ സമ്മതം അറിഞ്ഞാൽ തീയതി പ്രഖ്യാപിക്കും.
ഡിസംബർ 13 മുതൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടത്തുകയാണ്. വിശ്രമമില്ലാതെ പ്രവർത്തിച്ചാൽ മാത്രമെ ഇതെല്ലാം വിജയകരമാക്കാൻ കഴിയൂ.
സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കും
ഹേമ കമ്മിറ്റിയുടെ നിർദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്, സിനിമയിലെ സാങ്കേതിക മേഖലയിലെ സ്ത്രീകളുടെ കുറവ് പരിഹരിക്കണമെന്നതാണ്. അതിനായി സാങ്കേതിക മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പ്രാപ്തരായ, പ്രതിഭയുള്ള സ്ത്രീകളെ കണ്ടെത്തി പരിശീലനം നൽകും. ഗോത്രവർഗ വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്യാമ്പും നടത്തും.
ആരോപണങ്ങളിൽ ക്രൂശിക്കേണ്ട
കുറ്റം തെളിയിക്കപ്പെടുന്നതാണ് പ്രധാനം. അതുവരെ ആരോപണ വിധേയരെ ക്രൂശിക്കേണ്ട കാര്യമില്ല. ആരോപണ വിധേയരായവർ സഹപ്രവർത്തകരാണ്. ആർക്കെങ്കിലും എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നിയമനടപടികൾ നേരിടട്ടെ. നിവിൻ പോളിക്കെതിരെ വന്ന ആരോപണം തെറ്റെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞിരിക്കുന്നു. ആരോപണങ്ങളിൽ ചില സത്യങ്ങളുണ്ടാകാം. അർദ്ധസത്യങ്ങളുണ്ടാകാം. കള്ളങ്ങളുണ്ടാകാം. അതൊക്കെ അന്വേഷണങ്ങളിൽ തെളിയേണ്ടതാണ്. ആരോപണത്തിനു പിന്നിൽ പല ലക്ഷ്യങ്ങളുണ്ടെന്നും കേൾക്കുന്നു. സ്ത്രീകൾക്കു നേരെ ഒരു തൊഴിലിടത്തിലും അതിക്രമം ഉണ്ടാകാൻ പാടില്ല. കുടുംബങ്ങളിൽപ്പോലും പാടില്ല.
മോഹൻലാൽ തിരിച്ചുവരണം
'അമ്മ"യിലെ കൂട്ടരാജിയെ അപലപിക്കുന്നു. ആരോപണ വിധേയരായവർക്ക് മാറിനിൽക്കാം പക്ഷെ, 'അമ്മ"യുടെ പ്രസിഡന്റ് മോഹൻലാലിനെതിരെ ആരോപണമില്ല. അദ്ദേഹവും കുറ്റാരോപിതർ അല്ലാത്ത മറ്റുള്ളവരും തിരിച്ചു വരണം.
സിനിമയിൽ തമാശ കഥാപാത്രങ്ങൾ ചെയ്തതുകൊണ്ട് ഞാൻ ജീവിതത്തിലും തമാശക്കാരനാണെന്ന് വിചാരിക്കുന്നവരുണ്ട്. യഥാർത്ഥത്തിൽ ഒരു തമാശ പറയാൻ പറഞ്ഞാൽ എനിക്കു ബുദ്ധിമുട്ടാണ്. സിനിമയിൽ മിടുക്കരായ തിരക്കഥാകൃത്തുക്കൾ എഴുതിത്തരുന്ന തമാശകൾ കാണാതെ പഠിച്ച് അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. തിരക്കു കാരണം സിനിമയിൽ സജീവമാകാൻ കഴിയുന്നില്ല. അതിൽ വിഷമമില്ല. അവസാനം വന്ന 'ഗുരുവായൂരമ്പല നടയിൽ" ഉൾപ്പെടെ ഒഴിവാക്കി. 40 ദിവസം വേണമെന്നാണ് പറഞ്ഞത്.
ദൈവത്തിന്റെ അവകാശികൾ
'കേരളകൗമുദി"യിൽ ഉൾപ്പെടെ എഴുതിയ ലേഖനങ്ങളുടെ സമാഹാരം- 'ദൈവത്തിന്റെ അവകാശികൾ" ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചു. മോഹൻലാലും മമ്മൂട്ടിയും ചേർന്ന് പ്രകാശനം ചെയ്ത പുസ്തകത്തിന് കുറച്ചു നാളുകൾകൊണ്ട് അഞ്ചു പതിപ്പായി. ഇതൊക്കെത്തന്നെ സന്തോഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |