മലപ്പുറം: എഡിജിപി എം ആർ അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്ന് പി വി അൻവർ എംഎൽഎ. അജിത് കുമാർ ചുമതലയിൽ നിന്ന് മാറുന്നതിലൂടെ ഇനിയും ഒരുപാട് ഉദ്യോഗസ്ഥരും ജനങ്ങളും തെളിവുകളുമായി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടാതെ അജിത് കുമാറിന്റെ നീക്കങ്ങൾ ഇന്റലിജൻസിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'കേരളം സത്യം അറിയാൻ കാത്തിരുന്ന ചില കേസുകൾ അജിത് കുമാറിന്റെ നേതൃത്വത്തിൽ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. സത്യവിരുദ്ധമായ ചില കേസുകൾ ക്ലോസ് ചെയ്തു. ഇതിന്റെ പേരിലേക്ക് കടക്കുന്നില്ല. ഇനിയും അജിത് കുമാറിനെ ആ സ്ഥാനത്ത് ഇരുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ താഴെയുള്ളതോ സമന്മാരോ ആയ ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കുമ്പോൾ അജിത് കുമാറിന്റെ സാന്നിദ്ധ്യം അവരുടെ ആത്മവിശ്വാസത്തിന് കുറവ് വരുത്തുമെന്നാണ് ഞാൻ കരുതുന്നത്.
ഐ ജിക്ക് ഞാൻ കൊടുത്ത മൊഴിയിൽ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിക്ക് പുറമേ മറ്റ് ചില കാര്യങ്ങൾ കൂടി പറഞ്ഞിട്ടുണ്ട്. മലപ്പുറം പൊലീസിലെ മോഹൻദാസ് എന്നൊരു ഉദ്യോഗസ്ഥനെകുറിച്ചുള്ള ചില സംശയങ്ങളായിരുന്നു പറഞ്ഞിരുന്നത്. അതുമായി ബന്ധപ്പെട്ട് നൽകിയ ഒരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചു.
മോഹൻദാസിനെ ഫോൺ ചോർത്താൻ ഉപയോഗിച്ചിട്ടുണ്ട്. മോഹൻദാസ് അഞ്ച് വർഷമാണ് മലപ്പുറം വിജിലൻസ് യൂണിറ്റിലുണ്ടായിരുന്നത്. ശേഷം മലപ്പുറം ജില്ലാ പൊലീസിലേക്ക് ട്രാൻസ്‌ഫർ ആയി. മലപ്പുറം ജില്ലാ പൊലീസിലുണ്ടായിരുന്ന മോഹൻദാസിനെ ഒരു ഉത്തരവുമില്ലാതെ എസ് സുജിത് ദാസ് വിജിലൻസിൽ നിലനിർത്തിക്കൊണ്ട് മൂന്നിലധികം വർഷം സെെബർ ഇന്റർസെപ്ഷൻ നടത്തി. മോഹൻദാസിന്റെ ജോലി ജില്ലാ പൊലീസിലാണ്. വിജിലൻസിന്റെ ഒരു ഓർഡർ പോലും ഇല്ലാതെയാണ് ഈ ജോലി ചെയ്യിച്ചിട്ടുള്ളത്',- അൻവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |