മനില: ഒരു പാസ്റ്ററെ പിടികൂടാൻ വേണ്ടിവന്നത് 2000 പൊലീസുകാർ. 'പ്രപഞ്ചത്തിന്റെ ഉടമ', 'നിയോഗിക്കപ്പെട്ട ദൈവപുത്രൻ' എന്നിങ്ങനെ സ്വയം വിശേഷിപ്പിച്ചിരുന്ന ഫിലിപ്പീൻസുകാരനായ പാസ്റ്റർ അപ്പോളോ ക്വുബോലോയ് ആണ് ഇന്നലെ ഫിലിപ്പീൻസിൽ നിന്ന് അറസ്റ്റിലായത്. കുട്ടികളുടെ ലൈംഗിക കടത്തുമായി ബന്ധപ്പെട്ട് ഇയാൾ എഫ്‌ബിഐയുടെ മോസ്റ്റ് വാണ്ടണ്ട് പട്ടികയിൽ ഉൾപ്പെട്ടിരുന്നു. കോടതി ഉത്തരവ് പ്രകാരമാണ് അറസ്റ്റ്.
ദവാവ നഗരത്തിൽ ക്വുബോലോയുടെ ഉടമസ്ഥതയിലുള്ള 'കിംഗ്‌ഡം ഒഫ് ജീസസ് ക്രൈസ്റ്റ്' എന്നറിയപ്പെടുന്ന പള്ളിയുടെ പേരിലുള്ള 74 ഏക്കർ കോമ്പൗണ്ടിലെ ബങ്കറിൽ ഇയാൾ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പ്രദേശത്ത് രണ്ടാഴ്‌ചയായി 2000ൽ അധികം പൊലീസുകാരെ വിന്യസിച്ചിരിക്കുകയായിരുന്നു. പൊലീസ് അകത്ത് പ്രവേശിക്കുന്നത് തടയുന്നതിനായി ഇയാളുടെ ആരാധകർ ഗേറ്റിൽ തടസം സൃഷ്ടിക്കുകയും ചെയ്തു.
ക്വുബോലോയെ പിടികൂടുന്നതിനായി 75,000 സീറ്റുകളുള്ള സ്റ്റേഡിയം, കത്തീഡ്രൽ, കോളേജ് എന്നിവിടങ്ങൾക്ക് മുകളിലായി പലതവണ പൊലീസിന്റെ ഹെലികോപ്‌ടറുകൾ വട്ടമിട്ട് പറക്കുകയും ചെയ്തു. തെർമൽ ഇമേജിംഗ്, റഡാർ സാങ്കേതിക വിദ്യ എന്നിവയുൾപ്പെടെ ഇയാളെ കണ്ടെത്താനായി പൊലീസ് ഉപയോഗിച്ചു.
ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേർട്ടയുടെ ദീർഘകാല സൂഹൃത്താണ് പാസ്റ്ററായ ക്വുബോലോയ്. കുട്ടികളുടെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടും ഇയാൾക്കെതിരെ പരാതി ഉയർന്നിട്ടുണ്ട്. 12നും 25നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയും യുവതികളെയും ലൈംഗികവൃത്തിക്കായി കടത്ത് നടത്തിയെന്ന പേരിൽ 2021ലാണ് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഈ പ്രായത്തിലെ പെൺകുട്ടികളെ ഇയാൾ അസിസ്റ്റന്റുമായി നിയോഗിക്കുകയും ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു.
പണ കള്ളക്കടത്ത്, വ്യാജ വിസ ഉപയോഗിച്ച് സഭാംഗങ്ങളെ അമേരിക്കയിൽ എത്തിക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ടും ക്വുബോലോയ്ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, ഫിലിപ്പീൻസിൽ ലക്ഷക്കണത്തിന് പേർ ആരാധിക്കുന്ന ക്വുബോലോയ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |