തിരുവനന്തപുരം: സി.ബി.ഐ അന്വേഷണമൊഴിവാക്കാൻ കോഴിക്കോട്ടെ റിയൽഎസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസ് തിടുക്കത്തിൽ ക്രൈംബ്രാഞ്ചിനുവിട്ട സർക്കാർ, മേൽനോട്ടമേൽപ്പിച്ചത് ഹരിയാനയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇലക്ഷൻ കമ്മിഷൻ നിയോഗിച്ച ഐ.ജിയെ. ഇന്ന് അംബാലയിൽ ചുമതലയേൽക്കുന്ന ഐ.ജി. പി.പ്രകാശ് അടുത്തമാസം പകുതിയോടെയേ മടങ്ങിയെത്തൂ.
അന്വേഷണച്ചുമതല കോഴിക്കോട്ടെ ഡിവൈ.എസ്.പിക്കാണ്. എൻ.ഐ.എയിൽ നിന്നെത്തിയ എസ്.പി വി.വിക്രമനെ ചുമതല ഏൽപ്പിക്കാതെ സംഘാംഗം മാത്രമാക്കി. മേൽനോട്ട ചുമതലയുള്ള ഐ.ജി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാൽ അന്വേഷണം പ്രഹസനമാകുമോ എന്ന് ആശങ്കയുയർന്നിട്ടുണ്ട്. എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെ ഉൾപ്പെടെ ആരോപണം ഉയർന്ന കേസായതിനാൽ അതീവ പ്രാധാന്യമുണ്ട്. അന്യസംസ്ഥാനത്തടക്കം അതിവേഗം അന്വേഷണം നടത്തേണ്ടതുമുണ്ട്.
300കോടിയുടെ റിയൽ എസ്റ്റേറ്റിടപാടിനിടെ കഴിഞ്ഞവർഷം ആഗസ്റ്റ് 21നാണ് മാമിയെ കാണാതായത്. തനിക്ക് 20കോടി കമ്മിഷൻ കിട്ടുമെന്നും രജിസ്ട്രേഷൻ അവസാനഘട്ടത്തിലാണെന്നും കുടുംബത്തോട് മാമി പറഞ്ഞിരുന്നു. മാമിയെ കാണാതായതിന് പിന്നാലെ രജിസ്ട്രേഷൻ നടന്നു. അരയിടത്തുപാലത്തെ ഓഫീസിൽ നിന്ന് വൈകിട്ട് ആറിന് പള്ളിയിലേക്ക് പോയ മാമി ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
റിയൽഎസ്റ്റേറ്റിടപാടുകാർ തട്ടിക്കൊണ്ടുപോയതാണെന്നാണ് സംശയം. കർണാടകത്തിലും ദുബായിലും മാമിക്ക് ഇടപാടുകളുണ്ടായിരുന്നു. കാണാതായതിന് രണ്ടാഴ്ച മുൻപ് ദുബായിലെത്തി ഇടപാടുകൾ നടത്തിയിരുന്നു. കോഴിക്കോട് ബൈപ്പാസിലെ പ്രോജക്ടിലാണ് ഒടുവിൽ ഇടനിലക്കാരനായത്. അന്യസംസ്ഥാനങ്ങളിലടക്കം നടത്തിയ കോടികളുടെ ഇടപാടുകളിലും അന്വേഷണം നടത്തേണ്ടതുണ്ട്.
എസ്.പിയുടെ ശുപാർശ തള്ളി
അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന മലപ്പുറം എസ്.പി എസ്.ശശിധരന്റെ ശുപാർശ തള്ളിയാണ് ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഒക്ടോബർ ഒന്നിന് പരിഗണിക്കും.
പൊലീസിന് ഗുരുതരവീഴ്ച
1.മാമിയെ വകവരുത്താൻ 10ലക്ഷത്തിന്റെ ക്വട്ടേഷനുണ്ടായെന്ന വിവരംകിട്ടിയെങ്കിലും തെളിവില്ലെന്നായിരുന്നു നേരത്തെ അന്വേഷണം നടത്തിയ ലോക്കൽ പൊലീസിന്റെ നിലപാട്.
2.പ്രധാന വിവരങ്ങളൊന്നും അന്വേഷിച്ചില്ല. മകളുടെ പരാതി ഡി.സി.പി ചോർത്തി. തുടക്കംമുതൽ ബാഹ്യഇടപെടൽ
3.ബിസിനസുകാരെ ചോദ്യംചെയ്തില്ല. മൊഴിയെടുത്തത് ഫോൺവഴി. ദുബായിലെ കൂടിക്കാഴ്ചകളും അന്വേഷിച്ചില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |