വർക്കല: ജ്യേഷ്ഠനെ മർദ്ദിച്ചു കൊന്ന കേസിൽ യുവാവ് അറസ്റ്റിലായി. ചെറുന്നിയൂർ കാറാത്തല ലക്ഷംവീട് അജിത്ത് വിലാസത്തിൽ അജീഷ് ആണ് അറസ്റ്റിലായത്. അജീഷും കൊല്ലപ്പെട്ട ജ്യേഷ്ഠൻ അജിത്തും ശത്രുതയിലായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളികളാണ് ഇരുവരും.അജീഷ് ഞായറാഴ്ച രാത്രി 9 മണിയോടെ അജിത്തിന്റെ വീട്ടിലെത്തി വഴക്കിടുകയും ഇരുവരും ഏറ്റുമുട്ടുകയും ചെയ്തു. നിലത്തുവീണ അജിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിടിച്ചു മാറ്റാൻ ശ്രമിച്ച മാതാവ് ശ്യാമയ്ക്കും പരിക്കേറ്റു. അജിത്തിന്റെ മുഖത്തും തലയിലും ആഴത്തിലുള്ള ഏഴോളം മുറിവുകൾ ഉള്ളതായും രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന തേപ്പ് കരണ്ടി ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് അജീഷ് പൊലീസിന് മൊഴി നൽകി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. 2015 ജനുവരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് മരിച്ച അജിത്ത്. ഈ കേസിൽ അജീഷും പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് വിചാരണ അന്തിമഘട്ടത്തിലിരിക്കെ ഇവർ ശത്രുതയിലായി വഴക്കിടാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സുഹൃത്തിനെ കൊന്നതും തേപ്പുകരണ്ടി കൊണ്ട്
കാറാത്തല ചാണിക്കൽ കോളനിയിൽ ദീപു( 25)വിനെ വെട്ടിക്കൊന്ന കേസിൽ പ്രതികളാണ് അജീഷും കൊല്ലപ്പെട്ട അജിത്തും. മദ്യലഹരിയിൽ ഇവർ തമ്മിലുള്ള വാക്കേറ്റത്തിനൊടുവിൽ തേപ്പുകരണ്ടി, സ്റ്റീൽ കത്തി എന്നിവ ഉപയോഗിച്ചാണ് ദീപുവിനെ കൊലപ്പെടുത്തിയത്. കുത്തും വെട്ടുമേറ്റ് ഒരാഴ്ചയോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദീപുവിന്റെ മരണം 2015 ജനുവരി 19 നായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |