കൊച്ചി: പാലക്കാട് അട്ടപ്പാടി ഉൾപ്പെടെ അഞ്ച് വിദൂര ഗ്രാമങ്ങളിൽ എയർ ഫൈബർ സാങ്കേതികവിദ്യയിൽ അതിവേഗ 5 ജി സേവനങ്ങൾ എത്തുന്നു. നാളെ രാവിലെ 11.30ന് പട്ടിക വിഭാഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു പദ്ധതി ഉദ്ഘാടനം ചെയ്യും.
അട്ടപ്പാടി അഗളി പഞ്ചായത്തിലെ കോട്ടമേട്, ചിറ്റൂർ, വയനാട് പുൽപ്പള്ളി മേലേക്കാപ്പ്, ഇടുക്കി കോഴിമല പാമ്പാടിക്കുഴി, പത്തനംതിട്ട പെരുനാട് അട്ടത്തോട് എന്നിവിടങ്ങളിലെ സാമൂഹ്യ പഠന മുറികളിലും അംഗൻവാടികളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കി ഓൺലൈനായാണ് ഉദ്ഘാടനം.
പട്ടികവർഗ വികസന വകുപ്പും റിലയൻസ് ജിയോയുമായി സഹകരിച്ചാണ് 5 ജി എയർ ഫൈബർ സൗകര്യം ലഭ്യമാക്കുന്നത്. കേബിളുകളില്ലാതെ പ്രവർത്തിക്കുന്നതിനാൽ പ്രതികൂല കാലാവസ്ഥായിലും തടസമില്ലാത്ത 5 ജി സേവനം ലഭിക്കും. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമുള്ള വിദ്യാഭ്യാസ ആരോഗ്യ ക്ലാസുകൾ, തൊഴിൽ പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ ഇത് സഹായകമാകും.
ഉദ്ഘാടന യോഗത്തിൽ പട്ടിക വർഗ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ്, ജിയോ കേരള മേധാവി കെ.സി നരേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. അഞ്ച് കേന്ദ്രങ്ങളിലും ജനപ്രതിനിധികളും ഗ്രാമസഭ തലവന്മാരും ചടങ്ങിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |