കൊച്ചി: ഇന്ത്യയിൽ നിർമ്മിച്ച ആപ്പിളിന്റെ ഐ ഫോൺ 16 സീരീസ് അതിവേഗം ആഗോള വിപണികളിലെത്തും. ആദ്യമായാണ് ഇന്ത്യയിൽ നിർമ്മിച്ച ഒരു ആഗോള ഉത്പന്നം പുറത്തിറക്കുന്നതിന് തൊട്ടുപിന്നാലെ ലോകമൊട്ടാകെയുള്ള വിപണികളിൽ വില്പനയ്ക്ക് എത്തിക്കുന്നത്. ഇന്ത്യയുടെ വ്യാവസായിക ഉത്പാദന രംഗത്തിനും മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കും അഭിമാനിക്കാവുന്ന നാഴിക കല്ലാണിത്. ഇന്നലെയാണ് ആപ്പിൾ ഐ ഫോൺ 16 സീരീസ് വിപണിയിൽ അവതരിപ്പിച്ചത്. പന്ത്രണ്ട് ദിവസത്തിനുള്ളിൽ ലോകത്തിലെ പ്രമുഖ വിപണികളിൽ പുതിയ മോഡൽ ലഭ്യമാകും. ആപ്പിളിന്റെ കരാർ നിർമ്മാതാക്കളായ ഫോക്സ്കോൺ പുതിയ മോഡലിന്റെ ഉത്പാദനം ഇന്ത്യയിൽ ആരംഭിച്ചു.
ചൈനയും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പ്രധാന ഉത്പാദന കേന്ദ്രമായി ആപ്പിൾ ഇന്ത്യയെ മാറ്റുന്നത്.
ആഗോള വിപണിയിൽ ഇന്ത്യയുടെ പങ്കാളിത്തം ഏറുന്നു
2021ൽ ഇന്ത്യയിൽ നിർമ്മിച്ച ഐ ഫോൺ 13 മോഡലുകൾ ആഗോള വിപണിയിൽ എത്തിയത് വിപണനോദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ്. നിലവിൽ ആപ്പിളിന്റെ മൊത്തം വില്പനയുടെ 14 ശതമാനം വിഹിതം ഇന്ത്യൻ നിർമ്മിത ഫോണുകളാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 1.2 ലക്ഷം കോടി രൂപയുടെ ഐ ഫോണുകളാണ് ഇന്ത്യ നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |