തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ എട്ടാംദിവസത്തെ ആദ്യമത്സരത്തിൽ അഞ്ചു വിക്കറ്റിന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെ കീഴടക്കി ട്രിവാൻഡ്രം റോയൽസ്. ബ്ലൂ ടൈഗേഴ്സ് ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം ക്യാപ്ടൻ അബ്ദുള്‍ ബാസിതിന്റെ അപരാജിത അർദ്ധസെഞ്ച്വറിയുടെ (50*) മികവിൽ 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ റോയൽസ് മറികടക്കുകയായിരുന്നു. മൂന്ന് വിക്കറ്റുകളും നേടിയ ബാസിതാണ് പ്ലേയർ ഓഫ് ദ മാച്ച്.
രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിനെതിരെ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസിനെ 90 റൺസിനു പുറത്താക്കിയ കാലിക്കറ്റ് 11.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. ലീഗിലെ ആദ്യ ഹാട്രിക്കിന് കാലിക്കറ്റിന്റെ അഖിൽ ദേവ് അർഹനായി. കാലിക്കറ്റിന്റെ അജിത് വാസുദേവനാണ് പ്ലേയർ ഓഫ് ദ മാച്ച്.
ടോസ് നേടിയ ട്രിവാൻഡ്രം കൊച്ചിയെ ബാറ്റിംഗിനയച്ചു. ടി.എസ് വിനിൽ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ കൊച്ചിയുടെ ഓപ്പണർ ജോബിൻ ജോബി (1) യുടെ വിക്കറ്റ് നഷ്ടമായി. അബ്ദുS ബാസിതിന് ക്യാച്ച് നല്കിയാണ് ജോബി, പുറത്തു പോയത്. അനുജ് ജോതിൻ (15 റൺസ്), ആനന്ദ് കൃഷ്ണൻ (6), ഷോൺ റോജർ(20), പവൻ ശ്രീധർ(1) എന്നിവർ വേഗത്തിൽ പുറത്തായതോടെ കൊച്ചി 9.4 ഓവറിൽ അഞ്ചിന് 48 എന്ന നിലയിലായി. നിഖിൽ തോട്ടത്ത്- സിജോമോൻ കൂട്ടുകെട്ട് ടീം സ്‌കോർ 87ലെത്തിച്ചു. 18 പന്തിൽ നിന്ന് 13 റൺസെടുത്ത സിജോമോനെ ക്യാപ്ടൻ അബ്ദുൾ ബാസിത് പുറത്താക്കിയതോടെ കൊച്ചി കൂടുതൽ പ്രതിരോധത്തിലായി. 20 പന്തിൽനിന്നും രണ്ട് സിക്‌സും നാലു ബൗണ്ടറിയും ഉൾപ്പെടെ 37 റൺസെടുത്ത നിഖിൽ തോട്ടത്തെ അബ്ദുൾ ബാസിത് ക്ലീൻ ബൗൾഡാക്കി. ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ(12), ബേസിൽ തമ്പി(12) എന്നിവർക്ക് കാര്യമായ സംഭാവന ചെയ്യാനായില്ല. ഇന്നിംഗ്‌സിലെ അവസാന പന്തിൽ ഷൈൻ ജോൺ ജേക്കബിനെ വിനോദ്കുമാറിന്റെ പന്തിൽ അബ്ദുൾ ബാസിത് പുറത്താക്കിയതോടെ കൊച്ചി 131 റൺസിന് ആൾഔട്ടായി.
132 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രത്തിന് സ്‌കോർ 36 ലെത്തിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. 16 റൺസെടുത്ത റിയാ ബഷീറിനെ ഉണ്ണികൃഷ്ണന്റെ പന്തിൽ സിജോമോൻ പുറത്താക്കി. ഉണ്ണികൃഷ്ണന്റെ ഇതേ ഓവറിൽ തന്നെ ഗോവിന്ദ് പൈയും റൺസൊന്നുമെടുക്കാതെ പുറത്തായി. ക്യാപ്റ്റൻ അബ്ദുൾ ബാസിദും എ.കെ ആകർഷും ചേർന്ന് ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. അവസാന ഓവറിൽ നാലു റൺസ് വിജയ ലക്ഷ്യം മുന്നിലുള്ളപ്പോൾഓവറിലെ രണ്ടാം പന്തിൽ സിംഗിളെടുത്ത് ബാസിത് അർദ്ധ സെഞ്ച്വറി തികച്ചു. 32 പന്തിൽ അഞ്ചു സിക്‌സും ഒരു ബൗണ്ടറിയും ഉൾപ്പെടെയായിരുന്നു ഇന്നിംഗ്‌സ്. 25 റൺസുമായി നിന്ന ആകർഷ് അവസാന ഓവറിലെ നാലാംപന്തിൽ സിജോമോൻ ജോസഫിന്റെ ഗംഭീര ക്യാച്ചിലൂടെ പുറത്തായി. ഇതോടെ ഗ്യാലറികളിൽ ആകെ ആകാംക്ഷ നിറഞ്ഞു. എന്നാൽ ഒരു പന്ത് ബാക്കി നിൽക്കെ ജോഫിന്‍ അനൂപിന്റെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് റോയൽസിന് വിജയം സമ്മാനിച്ചു.
ഇന്ന് ഉച്ചയ്ക്ക് 2.30ന് കൊല്ലം സെയ്‌ലേഴ്സും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടും. വൈകിട്ട് 6.45ന് ആലപ്പി റിപ്പിൾസും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിലാണ് മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |