ന്യൂഡൽഹി : അഞ്ച് ഒളിമ്പിക്സിൽ മത്സരിച്ചിട്ടുള്ള ഇന്ത്യൻ ഷൂട്ടർ രൺധീർ സിംഗ് ഏഷ്യൻ ഒളിമ്പിക് കൗൺസിൽ (ഒ.സി.എ.) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം 2021 മുതൽ ആക്ടിംഗ് പ്രസിഡന്റായിരുന്നു. സ്ഥിരം പ്രസിഡന്റായി 2028 വരെ തുടരാം. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് 77കാരനായ രൺധീർ.
പഞ്ചാബ് പട്യാലയിലെ കായികപാരമ്പര്യമുള്ള രാജകുടുംബത്തിലെ അംഗമാണ് രൺധീർ. ഇദ്ദേഹത്തിന്റെ അമ്മാവൻ മഹാരാജ യാദവീന്ദ്ര സിങ് ടെസ്റ്റ് ക്രിക്കറ്റ് താരവും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗവുമായിരുന്നു. അച്ഛൻ ബലീന്ദ്ര സിംഗ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരവും ദീർഘകാലം ഒളിമ്പിക് കമ്മിറ്റിയംഗവുമായിരുന്നു. രൺധീർ 2001 മുതൽ 2014 വരെ ഐ.ഒ.സി. അംഗമായിരുന്നു. പിന്നീട് ഓണററി അംഗമായി . 2036 ഒളിമ്പിക്സിന് ഇന്ത്യ ആതിഥ്യം വഹിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യക്കാരൻ ഏഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ തലപ്പത്തെത്തുന്നത്.
ഏഷ്യൻ ഗെയിംസിൽ
യോഗ പ്രദർശന ഇനം
2026 ൽ ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ യോഗ പ്രദർശന ഇനമായി ഉൾപ്പെടുത്താൻ ഒ.സി.എ. യോഗം തീരുമാനിച്ചു. ശ്രദ്ധനേടിയാൽ 2030 ഏഷ്യൻ ഗെയിംസിൽ യോഗ മത്സരയിനമാവുമെന്നും യോഗയുടെ മേന്മകൾ മറ്റുരാജ്യങ്ങളെ ബോധ്യപ്പെടുത്തി പ്രചാരം വർധിപ്പിക്കണമെന്നും രൺധീർ സിംഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |