യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം യാനിക്ക് സിന്നർക്ക്
ന്യൂയോർക്ക്: യു.എസ്. ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടത്തിലെ ആദ്യ ഇറ്റാലിയൻ മുത്തമിട്ട് ലോക ഒന്നാം നമ്പർ താരം യാനിക്ക് സിന്നർ. ഫൈനലിൽ അമേരിക്കൻ താരം യു.എസിന്റെ ടെയ്‍ലർ ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്നർ തന്റെ ആദ്യ യു.എസ് ഓപ്പൺ കിരീടവും രണ്ടാം ഗ്രാൻസ്ളാമും സ്വന്തമാക്കിയത്. ഈ സീസണിലെ ആദ്യ ഗ്രാൻസ്ളാമായ ഓസ്ട്രേലിയൻ ഓപ്പണിലും കിരീടം നേടിയത് സിന്നറാണ്.
6–3,6–4, 7–5 എന്ന സ്കോറിനാണ് സിന്നർ ടെയ്‍ലർ ഫ്രിറ്റ്സിനെ ഫൈനലിൽ തോൽപ്പിച്ചത്. ആദ്യ രണ്ട് സെറ്റുകളിലും സിന്നറിന് തന്നെയായിരുന്നു ആധിപത്യം. അവസാന സെറ്റിൽ ടെയ്‍ലർ ഫ്രിറ്റ്സ‍് പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. സെമിയിൽ ബ്രിട്ടന്റെ ജാക് ഡ്രേപ്പറെ 7–5,7–6 (7–3), 6–2 എന്ന സ്കോറിന് തോൽപ്പിച്ചാണ് സിന്നർ യു.എസ് ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമായത്. ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ചായിരുന്നു സിന്നർ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമണിഞ്ഞത്.
1
യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരം
2
ഈ സീസണിലെ സിന്നറുടെ രണ്ടാം കിരീടം. ഈ വർഷമാദ്യം നടന്ന ഓസ്ട്രേലിയൻ ഓപ്പണിലും ചാമ്പ്യനായത് സിന്നർ
23
കാരനാണ് സിന്നർ.
2009
ന് ശേഷം ഗ്രാൻസ്ളാം ഫൈനലിലെത്തുന്ന ആദ്യ അമേരിക്കൻ പുരുഷ താരമാണ് ടെയ്‍ലർ ഫ്രിറ്റ്സ‍് .
സിന്നറുടെ വിജയവഴികൾ
2001 ഓഗസ്റ്റിൽ ഇറ്റലിയിലെ ഇനിചെനിലാണ് സിന്നറിന്റെ ജനനം. റിക്കോർഡ് പിയറ്റി, മാസിമോ സർറ്റോറി എന്നിവർക്കു കീഴിലായിരുന്നു സിന്നറുടെ ടെന്നിസ് പരിശീലനം.
2019ൽ നെക്സ്റ്റ് ജനറേഷൻ എടിപി ഫൈനൽസ് ജയിച്ചതാണ് കരിയറിലെ ആദ്യത്തെ പ്രധാന കിരീടനേട്ടം. കഴിഞ്ഞ വർഷം കനേഡിയൻ ഓപ്പൺ വിജയിച്ച താരം, എടിപി ഫൈനൽസിലെത്തിയെങ്കിലും നൊവാക് ജോക്കോവിച്ചിനു മുന്നിൽ അടിപതറുകയായിരുന്നു.
2022 ലെ യു.എസ് ഓപ്പണിൽ സിന്നർ അവസാന എട്ടിലെത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രീക്വാർട്ടറിൽ അലക്സാണ്ടർ സ്വരേവിനോടു തോറ്റു.
2023 ലെ വിംബിൾഡൺ സെമി ഫൈനൽ കളിച്ച താരം കൂടിയാണ് സിന്നർ.
സിന്നർ, വിവാദങ്ങളുടെ കനൽവഴികൾ താണ്ടിയ വിന്നർ
ഈ വർഷം രണ്ട് ഉത്തേജക പരിശോധനകളിൽ പരാജയപ്പെട്ട് വിലക്കിലായിരുന്ന താരമാണ് യാനിക്ക് സിന്നർ. വിലക്കിനെതിരെ താരം നൽകിയ അപ്പീൽ പരിഗണിച്ചാണ് യു.എസ് ഓപ്പണിൽ കളിക്കാൻ പ്രഫഷണൽ ടെന്നിസ് അസോസിയേഷൻ അനുമതി നൽകിയത്.
മാർച്ച് മാസത്തിൽ നടത്തിയ ഉത്തേജക പരിശോധനയിലാണ് സിന്നറുടെ ശരീരത്തിൽ ക്ളോസ്റ്റെബോൾ എന്ന ഉത്തേജക വസ്തുവിന്റെ അംശം നേരിയ തോതിൽ കണ്ടെത്തിയത്. ദിവസങ്ങൾക്ക് ശേഷം വീണ്ടും പരിശോധന നടത്തിയപ്പോഴും ഇതേ വസ്തു ബ്ളഡിൽ കണ്ടെത്തിയതിനെത്തുടർന്ന് താരത്തെ താത്കാലികമായി വിലക്കി.
ഇതിനെതിരെ സിന്നർ അപ്പീൽ നൽകി. താൻ മനപ്പൂർവ്വം ഉത്തേജകം കഴിച്ചിട്ടില്ലെന്നും വിരലിന് സംഭവിച്ച പരിക്കിന് പുരട്ടിയ ഓയിൻമെന്റിൽ നിന്ന് ഉത്തേജകാംശം ശരീരത്തിനുള്ളിലേക്ക് കടക്കുകയായിരുന്നുവെന്നും സിന്നർ വാദിച്ചു. ദേഹത്ത് പുരട്ടുന്ന മരുന്നിൽ നിന്ന് ഉത്തേജകാംശം ഉള്ളിലെത്തുമെന്ന് അറിവില്ലായിരുന്നുവെന്നും സിന്നർ അറിയിച്ചു.
സിന്നറുടെ വാദം പരിഗണിച്ച അപ്പീൽ കമ്മറ്റി അത് അംഗീകരിച്ച് വിലക്ക് നീക്കി. മനപ്പൂർവ്വം താരം ഉത്തേജകമുപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയാണ് വിലക്ക് മാറ്റുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ താരത്തിന് യു.എസ് ഓപ്പണിൽ കളിക്കാൻ അനുമതി ലഭിക്കുകയും ചെയ്തു.
വിലക്കിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഡെനിസ് ഷാപ്പോവലോവ്, ടാരാ മൂർ, നിക്ക് കിർഗിയോസ് തുടങ്ങിയ മറ്റ് ടെന്നിസ് താരങ്ങൾ. സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. വനിതാ താരമായിരുന്നെങ്കിൽ വിലക്ക് വരുമായിരുന്നെന്നും പുരുഷ താരമായതിനാൽ ഒഴിവാക്കപ്പെട്ടു എന്നും ആരോപണം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |