തൃശൂർ: അദാലത്തുകൾ നടത്തേണ്ടാത്ത വിധം സംവിധാനങ്ങളെ കാര്യക്ഷമമാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ തൃശൂർ തദ്ദേശ അദാലത്ത് ജില്ലാതല ഉദ്ഘാടനം തൃശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾക്ക് സേവനം നിഷേധിക്കാൻ ചട്ടങ്ങൾ പലവിധം വ്യാഖ്യാനിക്കുന്നത് ഒഴിവാക്കി മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യം. ന്യായമായ ആവശ്യങ്ങൾക്കായി ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണ്. അത്തരം അവസരങ്ങളിൽ ചട്ടങ്ങൾ പുനഃപരിശോധിക്കും. അതേസമയം, നിയമലംഘനങ്ങൾ സാധൂകരിക്കാനുള്ള അവസരമായി ഇതിനെ കാണരുത്. അദാലത്തിൽ എടുക്കുന്ന തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കണം. കൃത്യനിർവഹണം നടത്തുന്നവരെ വേട്ടയാടാൻ അനുവദിക്കില്ല. സർക്കാർ സംരക്ഷണം നൽകുമെന്നും മന്ത്രി അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയായി. മേയർ എം.കെ. വർഗീസ്, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, വി.ആർ. സുനിൽകുമാർ, എൻ.കെ. അക്ബർ, ഇ.ടി. ടൈസൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, കളക്ടർ അർജുൻ പാണ്ഡ്യൻ, തദ്ദേശ സ്വയംഭരണ ഡയറക്ടർ സൂരജ് ഷാജി, കില ഡയറക്ടർ ജനറൽ എ. നിസാമുദ്ദീൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ചീഫ് എൻജിനിയർ കെ.ജി. സന്ദീപ്, ചീഫ് ടൗൺ പ്ലാനർ ഷിജി ഇ. ചന്ദ്രൻ, ചേംബർ ഒഫ് മുൻസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ആർ. രവി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. ബസന്ത്‌ലാൽ, ജോയിന്റ് ഡയറക്ടർ പി.എം. ഷഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |