ജയ്‌പൂർ: കാൺപൂരിന് പിന്നാലെ രാജസ്ഥാനിലും ട്രെയിൻ അട്ടിമറി ശ്രമം. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. റെയിൽവേ ട്രാക്കിൽ 70 കിലോ വരുന്ന സിമന്റ് കട്ടയാണ് കണ്ടെത്തിയത്. ട്രാക്കിൽ സിമന്റ് കട്ട കണ്ടതിന് പിന്നാലെ ലോക്കോ പെെലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ കട്ടയുടെ മുകളിലൂടെ ട്രെയിൻ പായുകയും കട്ട പൊട്ടുകയും ചെയ്തു. ട്രെയിനിലെ ആർക്കും പരിക്കില്ല. ലോക്കോ പെെലറ്റിന്റെ സമയോജിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത്. ഗതാഗതം പുനഃസ്ഥാപിച്ചതായി പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും അറിയിച്ചു.
ഇന്നലെ കാൺപൂരിൽ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ വച്ച് അട്ടിമറി നടത്താൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ റെയിൽവേ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്ക് പോകുന്ന കാളിന്ദി എക്സ്‌പ്രസാണ് ട്രാക്കിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സിലിണ്ടർ 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ചു വീണിരുന്നു.
കാൺപൂർ - കാസ്‌ഗഞ്ച് റൂട്ടിൽ ബർരാജ്‌പൂരിനും ബിൽഹൗസിനും ഇടയിലുള്ള മുണ്ടേരി ഗ്രാമത്തിലൂടെ പോകുന്ന റെയിൽവേ ട്രാക്കിലാണ് ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നത്. ട്രെയിനിലെ ഉദ്യോഗസ്ഥർ റെയിൽവേ അധികൃതറെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. സംഭവത്തിൽ ഭീകരവിരുദ്ധ സ്ക്വാഡ്, ആർപിഎഫ്, ജിആർപി സംഘങ്ങൾ അന്വേഷണം നടത്തുകയാണ്.
ആരാണ് ഗ്യാസ് സിലിണ്ടർ ട്രാക്കിൽ വച്ചതെന്ന് വ്യക്തമല്ല. സിലിണ്ടറിന്റെ സമീപത്ത് നിന്ന് പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്. ട്രെയിൻ പാളം തെറ്റിക്കാനാണ് ശ്രമം നടത്തിയതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഡൽഹിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ സംഘവും കാൺപൂരിലേക്ക് തിരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |