ആലുവ: ദേശീയപാതയിലെ അനധികൃത പാർക്കിംഗിനെതിരെ വ്യാപാക പരാതി ഉയർന്നിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം. തായിക്കാട്ടുകര ഐശ്വര്യ നഗർ റെസിഡന്റ്സ് അസോസിയേഷനാണ് വീണ്ടും പരാതിയുമായി രംഗത്തെത്തിയത്.
മുട്ടം മുതൽ പുളിഞ്ചോട് വരെ ചരക്ക് വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് അപകടം ക്ഷണിച്ചുവരുത്തുന്നതായാണ് പരാതി. കഴിഞ്ഞ ദിവസം ഐശ്വര്യ നഗറിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം നടന്നിരുന്നു. ഐശ്വര്യ നഗറിലെ താമസക്കാർക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ പോലും കഴിയാതെയാണ് പ്രധാനഗേറ്റിന്റെ ഇരുവശത്തും ചരക്കുവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മാസങ്ങൾക്ക് മുമ്പ് ദേശീയപാതയിലെ അനധികൃത പാർക്കിംഗ് മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഇല്ലാതാക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചൂർണിക്കര ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് മന്ത്രിക്കും വ്യവസായ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിരുന്നു.
അമ്പാട്ടുകാവിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചതിനെ തുടർന്ന് അനധികൃത പാർക്കിംഗിനെതിരെ പൊലീസ് നടപടി തുടങ്ങിയിരുന്നു. മന്ത്രിമാർ ഇടപെട്ടതിനെ തുടർന്ന് കുറച്ചുദിവസം അനധികൃത വാഹന പാർക്കിംഗിനെതിരെ പൊലീസ് നടപടിയെടുത്തെങ്കിലും പിന്നീട് നിലച്ചു. പരിശോധന തുടരാൻ ആവശ്യമായ അംഗബലമില്ലെന്നാണ് പൊലീസ് പറയുന്നത്.
1.80 ലക്ഷം രൂപ
ഒരാഴ്ച കൊണ്ട് ശേഖരിച്ച പിഴ
1000
ഒരു ലോറിക്കുള്ള പിഴ
'കോടതിവിധി നടപ്പാക്കുന്നില്ല'
ദേശീയപാതയോരത്തെ അനധികൃത പാർക്കിംഗിനെതിരെ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നടപ്പാക്കുന്നില്ലെന്നാണ് തായിക്കാട്ടുകര ഐശ്വര്യ നഗർ അലോട്ടീസ് അസോസിയേഷൻ ആരോപിക്കുന്നത്. അസോസിയേഷന്റെ ഹർജിയിലാണ് ദേശീയപാതയിലെ ചരക്കുലോറികളുടെ അനധികൃത പാർക്കിംഗ് നേരത്തെ ഹൈക്കോടതി നിരോധിച്ചത്. ഐശ്വര്യ നഗറിലേക്ക് സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ തിരിയാൻ കഴിയാറില്ല.
'കയർകെട്ടി അടയ്ക്കണം'
ദേശീയപാതയിലെ അനധികൃത പാർക്കിംഗിൽ ഭൂരിപക്ഷവും അന്യസംസ്ഥാന വാഹനങ്ങളായതിനാൽ പിഴ ചുമത്തിയാലും പാർക്കിംഗിൽ കാര്യമായ കുറവ് ഉണ്ടാവില്ല. പാർക്കിംഗ് തടയുന്നതിന് കളമശേരിയിലേതുപോലെ വലിയ കയർകെട്ടി നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കണമെന്നാണ് പൊലീസ് പറയുന്നത്. ഇതിന് അതാതിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളാണ് മുൻകൈയെടുക്കേണ്ടത്. അല്ലെങ്കിൽ ഒരിടത്ത് നിന്ന് മാറ്റിച്ചാൽ അടുത്ത സ്ഥലത്ത് പാർക്ക് ചെയ്യുന്ന സ്ഥിതിയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |