ലണ്ടൻ: മുൻകാമുകനെ പിന്തുടർന്ന് ശല്യപ്പെടുത്തിയ യുവതിക്ക് 20 ആഴ്‌ച ജയിൽശിക്ഷ വിധിച്ച് കോടതി. യുകെയിലാണ് സംഭവം. ദന്താശുപത്രിയിലെ നഴ്‌സായ സോഫി (31) ആണ് ശിക്ഷിക്കപ്പെട്ടത്. പ്രണയബന്ധം പിരിഞ്ഞശേഷവും പിന്തുടർന്ന് ശല്യപ്പെടുത്തിയതിനാണ് യുവതിയെ കോടതി ശിക്ഷിച്ചത്.
ദന്തഡോക്‌ടറായ ഡേവിഡ് പേജ്‌ലിയറാണ് (54) പരാതിക്കാരൻ. തടവ് ശിക്ഷയ്‌ക്ക് പുറമെ 12 മാസത്തേക്ക് സോഫിയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുമുണ്ട്. കൂടാതെ അഞ്ച് വർഷത്തേക്ക് ഡേവിഡിനെ കാണുകയോ അദ്ദേഹത്തിന്റെ വീട്ടിലോ ജോലി സ്ഥലത്തോ പോകുന്നതിൽ നിന്ന് സോഫിയെ കോടതി വിലക്കുകയും ചെയ്‌തു.
പ്രണയബന്ധം വേർപിരിഞ്ഞ ശേഷം ആയിരത്തിലേറെ തവണയാണ് സോഫി ഡേവിഡിനെ ഫോണിൽ വിളിച്ചത്. കൂടാതെ ഡേവിഡ് എവിടെ പോകുന്നു എന്നറിയാൻ രഹസ്യമായി അദ്ദേഹത്തിന്റെ കാറിൽ ട്രാക്കിംഗ് ഉപകരണവും ഘടിപ്പിച്ചു. ഇതിനെല്ലാം പുറമേ ഡേവിഡിന്റെ 13.5 ലക്ഷം പൗണ്ടിന്റെ (ഏകദേശം 14 കോടി രൂപ) ആഡംബര വീട്ടിലേക്ക് സോഫി അതിക്രമിച്ച് കയറിയതായും പരാതിയുണ്ട്. വീട്ടില്‍ കയറിയ സോഫി ഡേവിഡ് വരുന്നത് വരെ കിടപ്പുമുറിയില്‍ കാത്തിരിക്കുകയായിരുന്നു. കോടതിയിലെത്തിയപ്പോഴാണ് ഇക്കാര്യങ്ങളെല്ലാം പുറംലോകമറിയുന്നത്.
ഭാര്യയുടെ മരണശേഷമാണ് ഡേവിഡ് സോഫിയുമായി പ്രണയത്തിലാകുന്നത്. ആദ്യഘട്ടത്തിൽ തങ്ങൾ തമ്മിലുള്ള ബന്ധം സുഗമമായി മുന്നോട്ടുപോയിരുന്നുവെന്ന് ഡേവിഡ് കോടതിയെ അറിയിച്ചു. എന്നാൽ, ക്രമേണ സാഹചര്യം മാറി. തുടർന്ന് സോഫിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്നാണ് ബന്ധം അവസാനിച്ചത്.
സോഫി പിന്തുടരുന്നതില്‍ എപ്പോഴും താന്‍ ആശങ്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. ദിവസം ആയിരം തവണയോളം ഫോണ്‍ വിളിക്കുന്ന കാര്യവും ഡേവിഡ് കോടതിയെ അറിയിച്ചു. വീട്ടില്‍ അതിക്രമിച്ചുകയറി കിടപ്പുമുറിയില്‍ കാത്തിരുന്ന സോഫി തന്റെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായും ഡേവിഡ് കോടതിയെ അറിയിച്ചു.
കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയപ്പോൾ സോഫിക്ക് ജയിൽശിക്ഷ നൽകരുതെന്നും അത് താൻ ആഗ്രഹിക്കുന്നില്ലെന്നും ഡേവിഡ് അഭ്യർത്ഥിച്ചു. എന്നാൽ, കോടതി സോഫിക്ക് ശിക്ഷ വിധിക്കുകയായിരുന്നു. പ്രണയബന്ധം തകര്‍ന്നത് സോഫിയെ മാനസികമായി തകര്‍ത്തുവെന്നും ആ സാഹചര്യം നേരിടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അവരെന്നുമാണ് സോഫിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |