കൊല്ലം: പെൺസുഹൃത്തുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. കൊല്ലം കുമ്മിളിലാണ് സംഭവം. ചിതറ സ്വദേശി സതീശിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
സതീശിന്റെ പെൺസുഹൃത്ത് സുജിതയാണ് രണ്ടാം പ്രതി. സതീശിന്റെ ഭാര്യ സായൂജ്യയെ സുജിതയുടെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അകന്നുകഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച വെള്ളമുണ്ട സ്വദേശി കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കൽപ്പറ്റ ആലഞ്ചേരിയിലാണ് സംഭവം. ആലഞ്ചേരിമുക്ക് കാക്കഞ്ചേരി നഗർ രവീന്ദ്രൻ (30) ആണ് ഭാര്യ സ്വപ്‌നയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായത്. രാത്രി കടയിൽ പോയി മടങ്ങുകയായിരുന്ന ഭാര്യയെ പ്രതി വഴിയരികിൽവച്ച് ആക്രമിക്കുകയായിരുന്നു. കയ്യിൽ കരുതി ബ്ളേഡ് കൊണ്ട് യുവതിയുടെ കഴുത്തിൽ മുറിവേൽപ്പിച്ചതിനുശേഷം ഓടി രക്ഷപ്പെട്ട രവീന്ദ്രനെ നാട്ടുകാർ ചേർന്ന് പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്.
രവീന്ദ്രൻ പതിവായി മദ്യപിക്കുമായിരുന്നുവെന്നും ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നുവെന്നും സ്വപ്‌ന പറയുന്നു. ഇക്കാരണത്താൽ ഭർത്താവിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ ഭാര്യയുമായി ഒന്നിച്ച് കഴിയാൻ അനുരഞ്ജന ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിന്റെ പകയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മുൻപും ഇയാൾ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി ബന്ധുക്കൾ പറയുന്നു. സ്വപ്‌നയെ കൊലപ്പെടുത്തുമെന്ന് രവീന്ദ്രൻ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |