തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സർക്കാർ ഏർപ്പെടുത്തിയ ജീവനക്കാരുടെ സാലറി ചലഞ്ചിൽ തണുത്ത പ്രതികരണം. ലക്ഷ്യമിട്ടത് 500 കോടി. കിട്ടുക 300 കോടിയിൽ താഴെ. ആകെയുള്ള 5.32 ലക്ഷം ജീവനക്കാരിൽ പങ്കെടുത്തത് 52% പേർ മാത്രം. ഈമാസം അഞ്ചുവരെയായിരുന്നു സമ്മതപത്രം നൽകാനുള്ള അവസരം. അതേസമയം, പൊതുജനങ്ങളിൽ നിന്ന് ഇതുവരെ 347 കോടിയോളം ദുരിതാശ്വാസ നിധിയിൽ ലഭിച്ചു.
സാലറി ചലഞ്ചിന്റെ ഒൗദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല. പങ്കെടുത്ത ജീവനക്കാരിൽ ഏറെപേരും ലീവ് സറണ്ടറിൽ നിന്ന് തുക ഈടാക്കാനുള്ള സമ്മത പത്രമാണ് നൽകിയത്. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായോ ഗഡുക്കളായോ നൽകാനായിരുന്നു അവസരം.
സമ്മതപത്രം നൽകാത്തവരിൽ നിന്നു പണം ഈടാക്കേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം. ശമ്പള സോഫ്റ്റ് വെയറായ സ്പാർക്ക് വഴിയായിരുന്നു സമ്മതപത്രം നൽകേണ്ടിയിരുന്നത്.
പ്രതികരണം കുറഞ്ഞതിന് കാരണം
1.ശമ്പളത്തിൽ കൈവയ്ക്കാനുള്ള ജീവനക്കാരുടെ വിമുഖത
2.അഞ്ചു ദിവസത്തെ ശമ്പളം നിർബന്ധമാക്കിയതിൽ
പ്രതിപക്ഷ സംഘടനകളുടെ എതിർപ്പ്
ആദ്യ രണ്ട് സാലറി ചലഞ്ചുകൾ
2018ൽ പ്രളയ ദുരിതാശ്വാസത്തിന്. 80% ജീവനക്കാർ പങ്കാളികളായി. കിട്ടിയത് 1246.98 കോടി. ലക്ഷ്യമിട്ടത് 1500 കോടി
2020ൽ കൊവിഡ് കാലത്ത്. കടുത്ത എതിർപ്പുയർന്നു. ചില സംഘടനകൾ കോടതിയെ സമീപിച്ചു. കിട്ടിയത് 700 കോടി. ലക്ഷ്യമിട്ടത് 1000 കോടി
ശിവഗിരിയിൽ പ്രവാസി സംഗമം
ശിവഗിരി : ശിവഗിരിയിൽ നടക്കുന്ന ആഗോള പ്രവാസിസംഗമത്തിന്റെ മുന്നോടിയായുള്ള പ്രചാരണ യോഗങ്ങൾ അവസാനഘട്ടത്തിലേക്ക്. വിദേശ രാജ്യങ്ങളിൽ സന്യാസിമാർ നേരിട്ടും പ്രവാസി കൂട്ടായ്മകളും പ്രചാരണ യോഗങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. കേരളത്തിലും മറ്റുസംസ്ഥാനങ്ങളിലും ഗുരുദേവ പ്രസ്ഥാനങ്ങളും മലയാളി സംഘടനകളും യോഗങ്ങൾ നടത്തുന്നുണ്ട്. ശിവഗിരി കേന്ദ്രീകരിച്ച് ജില്ലാ, മണ്ഡലം, യൂണിറ്റ് തലത്തിൽ ഗുരുധർമ്മപ്രചരണസഭയും, മാതൃസഭയും, യുവജനസഭയും നടത്തി വരുന്ന പ്രചാരണ യോഗങ്ങളും അവസാനഘട്ടത്തിലായി. നാട്ടിലും വിദേശത്തുമുള്ള എല്ലാ പ്രവാസികൾക്കും കുടുംബത്തോടൊപ്പം 16, 17 തീയതികളിൽ നടക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കാമെന്ന് ശിവഗിരിമഠം അറിയിച്ചു.
ശിവഗിരിയിൽ കഥാപ്രസംഗ വേദി
ശിവഗിരി : കഥാപ്രസംഗത്തിന്റെ ശതാബ്ദി പ്രമാണിച്ച് നവരാത്രി ദിവസങ്ങളിൽ കഥാപ്രസംഗം അവതരിപ്പിക്കാൻ ശിവഗിരിയിൽ വേദി സജ്ജമാക്കും. സംഗീതം, ഡാൻസ്, ഓട്ടൻതുളളൽ, വില്ലാട്ട് തുടങ്ങിയ കലകളും അവതരിപ്പിക്കാനാകും. വിവരങ്ങൾക്ക് ഫോൺ : 9447551499
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |