പാലക്കാട്: മുൻ എം.എൽ.എയും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ.ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സഖാവിന് ചേർന്ന പണിയല്ല ശശി ചെയ്തത്. പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു. പാർട്ടിയുണ്ടെങ്കിലേ നേതാക്കളുള്ളൂ. പാർട്ടി ജില്ലാ സെക്രട്ടറിയെ സ്ത്രീ പീഡനക്കേസിൽ കുടുക്കാൻ ശ്രമിച്ചു. ശശി മുതിർന്ന നേതാവായതു കൊണ്ടാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാത്തതെന്നും പാലക്കാട്, ഒറ്റപ്പാലം മേഖലാ റിപ്പോർട്ടിംഗിനിടെ ഗോവിന്ദൻ വിശദീകരിച്ചു.
ശശിക്കെതിരെ പാർട്ടി ഫണ്ട് തിരിമറി ഉൾപ്പെടെയുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്റെ പരിശോധനയ്ക്കിടെയാണ് പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരെ നടത്തിയ ഗൂഢാലോചന വ്യക്തമായത്. ചിറ്റൂരിൽ വ്യാപക സ്പിരിറ്റ് വേട്ട നടന്നപ്പോൾ സുരേഷ് ബാബുവിന് അതിൽ പങ്കുണ്ടെന്ന് വരുത്തി തീർക്കാനും ശ്രമിച്ചു.
ഇതോടെയാണ് സംസ്ഥാന നേതൃത്വം കടുത്ത നടപടി എന്ന തീരുമാനത്തിൽ എത്തിയത്.
പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ശശി ഉപയോഗിച്ചു. പലവട്ടം തിരുത്താൻ അവസരം നൽകി. ശശി അതിന് തയ്യാറായില്ലെന്നും കുറ്റപ്പെടുത്തി. അതേസമയം നടപടി നേരിട്ടിട്ടും പി.കെ.ശശി കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് തുടരുന്നതിൽ ജില്ലാ നേതൃത്വത്തിന് കടുത്ത എതിർപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |