തിരുവനന്തപുരം : പ്രാർത്ഥനാ നിർഭരമായ ചടങ്ങുകളോടെ അരുവിപ്പുറം മഠത്തിൽ ഭക്തരുടെ ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമായി. 14 മുറികളും പ്രാർത്ഥനാ ഹാളുമായി പണിതീർത്ത അതിഥി മന്ദിരമായ ഭക്തനികുഞ്ജം നാടിന് സമർപ്പിച്ചു.
അരുവിപ്പുറം മഠത്തിലും ക്ഷേത്രത്തിലുമായി എത്തുന്ന ഭക്തർക്ക് വിശാലമായ താമസസൗകര്യം ലഭ്യമാക്കും. ഇന്നലെ രാവിലെ 10ന് അരുവിപ്പുറത്തെ ശ്രീനാരായണ ഗുരു സന്നിധിയിലെ പ്രാർത്ഥനകൾക്ക് ശേഷം താക്കോലുമായി ശിവക്ഷേത്രത്തെ പ്രദക്ഷിണം ചെയ്താണ് സന്ന്യാസിമാർ ഭക്തനികുഞ്ജത്തിലേക്ക് എത്തിയത്. ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയിൽ നിന്ന് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ താക്കോൽ ഏറ്റുവാങ്ങി വാതിൽ തുറന്നു. സ്വാമി സച്ചിദാനന്ദ ആദ്യം പ്രവേശിച്ചു. തുടർന്ന് സ്വാമിമാരും പൊതുജനങ്ങളും കയറി. സമ്മേളനത്തിൽ മന്ദിരം നാടിന് സമർപ്പിച്ചതായി സ്വാമി സച്ചിദാനന്ദ പ്രഖ്യാപിച്ചു.
2023 ഏപ്രിൽ 5ന് തറക്കല്ലിട്ട മന്ദിരംഅതിവേഗം പൂർത്തിയാക്കിയ സ്വാമി സാന്ദ്രാനന്ദയെ സ്വാമി സച്ചിദാനന്ദ അഭിനന്ദിച്ചു. നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പ്രാർത്ഥനാ ഹാൾ സംഭാവനയായി സമർപ്പിക്കുകയും ചെയ്ത എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠന് മഠത്തിന്റെ ഉപഹാരം സ്വാമി സച്ചിദാനന്ദ സമ്മാനിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള വ്യക്തിത്വങ്ങളാണ് 14മുറികൾ സംഭാവന ചെയ്തത്.
ഗുരുപാദ പത്മ ട്രസ്റ്റ് തൃശൂർ, ഡോ.വിജയരാഘവൻ, നളിനി വിജയരാഘവൻ, നിർമ്മല മോഹൻ മുംബയ് , വത്സല.പി.ആർ മലാഡ് മുംബയ്, ദിവാകരൻ - മീനാക്ഷി ദിവാകരൻ തിരുവല്ല, ലീല - ലൈല കേശവദാസപുരം, ടി.കെ.സുന്ദരേശൻ പുനലൂർ, ഡോ.എ.വി.അനൂപ് മെഡിമിക്സ്, വി.കൃഷ്ണൻ -പി.വൈ.ജയലേഖ വഴുതൂർ, കെ.വാസുദേവൻ - നളിനി പ്രാവച്ചമ്പലം, ബാബുരാജ് ബി.കെ.ജി ഹോഡിംഗ്സ് ബഹറിൻ, ശ്രീനാരായണ കൾച്ചറൽ മിഷൻ അഹമ്മദാബാദ്, എം.എസ്.രവി, കേരളകൗമുദി എന്നിവരുടെ പേരുകളിലാണ് ഭക്തനികുഞ്ജത്തിൽ മുറികളുള്ളത്. മുറികൾ സംഭാവന ചെയ്ത വ്യക്തികൾക്ക് സ്വാമി സച്ചിദാനന്ദ സർട്ടിഫിക്കറ്റ് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |