തൃശൂർ: ആർ.എസ്.എസ് നേതാക്കളെ എ.ഡി.ജി.പി കണ്ടതിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിടണമെന്ന് സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തൃശൂർ പൂരത്തിന്റെ രാത്രി എഴുന്നള്ളിപ്പ് തടയാനും തിരുവമ്പാടി ദേവസ്വം പൂരം നിറുത്തിവയ്ക്കാനുമിടയായ സംഭവങ്ങളിൽ രാഷ്ട്രീയ താത്പര്യംവച്ച് ഗൂഢാലോചന നടന്നതായി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
എൽ.ഡി.എഫ് നിലപാടും ഇതായിരുന്നു. പൂരം നിറുത്തിവയ്ക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തുവരേണ്ടതുണ്ട്. സംഭവത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കൾ ബി.ജെ.പിയും സ്ഥാനാർത്ഥി സുരേഷ് ഗോപിയുമായിരുന്നെന്നും യോഗം വിലയിരുത്തി.
വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനായി. ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.പി. രാജേന്ദ്രൻ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.എൻ. ജയദേവൻ, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി. ബാലചന്ദ്രൻ എം.എൽ.എ, ടി.ആർ. രമേഷ് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |