തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയവുമായി നടൻ നിവിൻ പോളി. സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിൽ നിവിൻ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നൽകിയത്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരുൾപ്പെടെ നിരവധിപേർ നടന്മാർക്കും സംവിധായകർക്കുമെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. അതിനൊപ്പമാണ് നിവിൻ പോളിയുടെ പേരും ഉയർന്നത്. അവസരം വാഗ്ദാനം ചെയ്‌ത് ദുബായിലെ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. എന്നാൽ, ആരോപണം ഉയർന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച് നിവിൻ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചു.
പിന്നാലെ പരാതിയിലെ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് വിനീത് ശ്രീനിവാസൻ, നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം, നടി പാർവതി കൃഷ്‌ണ, നടൻ ഭഗത് മാനുവൽ തുടങ്ങിയവർ തെളിവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് നിവിൻ ഇപ്പോൾ നേരിട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തലവൻ. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് നിവിൻ പരാതി നൽകിയത്. തനിക്കെതിരെയുള്ള പീഡന പരാതി ചതിയാണെന്നും സംഭവത്തിൽ താൻ നിരപരാധിയാണെന്നും നിവിൻ പോളി ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |