ഡബ്ല്യൂസിസിയോട് ചോദിച്ച പല ചോദ്യങ്ങൾക്കും ഇതുവരെയായിട്ടും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലെന്ന് തുറന്നുപറഞ്ഞ് നടി രഞ്ജിനി. ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പരാതിയുമായി രംഗത്തെത്തിയവർക്ക് നീതി ലഭിക്കാൻ ഇനിയും കാലതാമസം ഉണ്ടാകുമെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജിനി കൂടുതൽ വിവരങ്ങൾ തുറന്നുപറഞ്ഞത്.
'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതുമായി ബന്ധപ്പെട്ട് എതിർത്തിട്ടില്ല. എല്ലാം തെറ്റിദ്ധാരണയാണ്. എന്റെ പിറകിൽ മറ്റാരൊക്കെയോ ഉണ്ടെന്ന് സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായിരുന്നു അത്. നീതിക്കുവേണ്ടിയാണ് നിലനിൽക്കുന്നത്. അങ്ങനെ അല്ലായിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോഴും സിനിമയിൽ സജീവമാകുമായിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെ അല്ലല്ലോ.
2017ൽ കൊച്ചിയിൽ വച്ച് ഒരു പ്രമുഖ നടി പീഡനത്തിരയായ സംഭവം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അവർക്കുപോലും ഇതുവരെയായിട്ടും കൃത്യമായ നീതി ലഭിച്ചിട്ടില്ല. അതുപോലെ റിപ്പോർട്ടിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്ന എത്രയോ സിനിമാ പ്രവർത്തകരുണ്ട്. അപ്പോൾ അവർക്കാവശ്യമായ നീതി എന്നായിരിക്കും ലഭിക്കുക. റിപ്പോർട്ട് വന്ന ഒരു മാസം പിന്നിടുമ്പോഴും അതിനായി യാതൊരു നീക്കങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. അതിനുപകരം കോൺക്ലേവ് സംഘടിപ്പിക്കാനാണ് പോകുന്നത്. എന്തിനാണ് കോൺക്ലേവ്? ഈ നീക്കത്തിൽ വലിയ നിരാശയുണ്ട്. ഒരു ജഡ്ജിന്റെ വാക്കുകൾക്ക് വിലയില്ലാതെ പോകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
ഡബ്ല്യൂസിസി കാരണമാണ് ഹേമാ കമ്മിറ്റി ഉണ്ടായത്. അത് വലിയ ഒരു നേട്ടമാണ്. അതിലെ ഒരു അംഗം മാത്രമാണ് ഞാൻ. പല കാര്യങ്ങളിലും തീരുമാനം എടുക്കുന്ന സമയത്ത് അവർ എന്റെ സമീപിച്ചിരുന്നില്ല. അത് മനസിലാകുന്നില്ല. സഹപ്രവർത്തകർ ആയിരുന്നിട്ടുപോലും അവർ ഞാൻ പറയുന്നത് കേട്ടിട്ടില്ല. റിപ്പോർട്ട് വന്ന സമയത്ത് ഞാൻ ചോദിച്ച പല ചോദ്യങ്ങൾക്കും ഇപ്പോഴും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. അതുകൊണ്ട് എനിക്ക് കോടതിയിൽ മാത്രമേ ചോദിക്കാൻ കഴിയുളളൂ. ഞാൻ കോടതിയിൽ സമീപിച്ചതിൽ ഒരു അംഗം പോലും പിന്തുണയുമായി എത്തിയില്ല. സിനിമയ്ക്കുവേണ്ടി മാത്രമല്ല ഞാൻ എന്റെ നിലപാട് അറിയിച്ചത്. സീരിയൽ, മോഡലിംഗ് തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്കും കൂടിയാണിത്'- രഞ്ജിനി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |