ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സിലെ അയോഗ്യതയ്ക്ക് ശേഷം ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ ആശുപത്രിയിൽ വന്ന് ഫോട്ടോയെടുത്ത് പിന്തുണ പ്രഖ്യാപിച്ചത് രാഷ്ട്രീയ പ്രകടനമായിരുന്നുവെന്ന് ഗുസ്‌തിതാരവും ഹരിയാന അസംബ്ളി ഇലക്ഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ വിനേഷ് ഫോഗട്ട്. ഒരു പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനേഷിന്റെ ആരോപണം.
'' പി.ടി. ഉഷ മാഡം വരുമ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നു പോകുന്ന ഒരാളായിരുന്നു ഞാൻ. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. അങ്ങനെയുള്ളവർക്കൊപ്പമാണെന്ന് ലോകത്തെ കാണിക്കാൻ ആശുപത്രിയിൽ എത്തി ഒരു ഫോട്ടോ എടുത്തതല്ലാതെ മറ്റൊന്നും ചെയ്തില്ല. അറിയാതെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത് കൂടെയുണ്ടെന്ന് പറയുന്നതിലൂടെ എന്ത് പിന്തുണയാണ് എനിക്ക് ലഭിച്ചതെന്നറിയില്ല. അങ്ങനെയല്ലല്ലോ പിന്തുണ കാണിക്കേണ്ടത്. രാഷ്ട്രീയത്തിൽ പലതും നടക്കുന്നത് അടഞ്ഞ വാതിലുകൾക്ക് പിന്നിലാണ്. അതുപോലെ അവിടെയും സംഭവിച്ചു. പലരും പറഞ്ഞു ഗുസ്‌തി വിടരുതെന്ന്. എല്ലായിടത്തും രാഷ്‌ട്രീയമാണ്. പിന്നെന്തിന് ഗുസ്‌തിയിൽ തുടരണമെന്ന് ചിന്തിച്ച് ഹൃദയം തകർന്നാണ് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്-വിനഷ് ഫോഗട്ട് പറഞ്ഞു.
വിനേഷിനൊപ്പമുള്ള ഫോട്ടോ പോസ്റ്റു ചെയ്തുകൊണ്ട് ഒളിമ്പിക് അസോസിയേഷൻ ഒപ്പമുണ്ടെന്ന് പി.ടി. ഉഷ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനപ്പുറം ഒരു പിന്തുണയും ലഭിച്ചില്ലെന്നാണ് വിനേഷിന്റെ ആരോപണം. വിനേഷ് കായിക കോടതിയിൽ നൽകിയ അപ്പീലിൽ വിധി വരുംമുമ്പ് ഭാരം കുറയ്ക്കേണ്ടത് വിനേഷിന്റെ മാത്രം ഉത്തരവാദിത്വമാണെന്ന് ഉഷ പ്രസ്താവന ഇറക്കിയിരുന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റിന്റെ ഈ പ്രസ്താവന കേസിലെ വിധിയെ ബാധിച്ചതായി ആരോപണമുണ്ട്.
ബി.ജെ.പി നോമിനേറ്റ് ചെയ്‌ത രാജ്യസഭാ എം.പി കൂടിയായ ഉഷയ്ക്കെതിരെ ഹരിയാന തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ വിനേഷിന്റെ വെളിപ്പെടുത്തലിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |