പ്രവേശനത്തിന് പ്ളസ്ടുവിന് 45% മാർക്ക്
തിരുവനന്തപുരം: ഇരുപതിനായിരത്തിലേറെ ബി.ടെക് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ, സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മേഖലയിലുള്ള എൻജിനിയറിംഗ് കോളേജുകളിൽ എൻട്രൻസ് യോഗ്യതയില്ലാത്തവരെ പ്രവേശിപ്പിക്കാൻ സർക്കാർ ഉത്തരവ്. എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റിനുശേഷം ഒഴിവുണ്ടാവുന്ന സീറ്റുകളിലാണിത്.
ഈ സീറ്റുകളിൽ പ്രവേശനത്തിന് പ്ളസ് ടുവിന് 45ശതമാനം മാർക്ക് മതിയാവും. മൂന്ന് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്രുകളിൽ പ്രവേശനം നടത്താം. മാനേജ്മെന്റ് അസോസിയേഷനുകളുടെ ആവശ്യപ്രകാരം കഴിഞ്ഞ വർഷവും ഈ ഇളവ് അനുവദിച്ചിരുന്നു. എം.ബി.എ, എം.സി.എ ഒഴിവുള്ള സീറ്റുകളിലും എൻട്രൻസില്ലാത്തവർക്ക് പ്രവേശനം അനുവദിക്കും.
സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ) മാനദണ്ഡത്തിലാവും പ്രവേശനം. ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടുവിന് 45ശതമാനം മാർക്കാണ് കേന്ദ്രമാനദണ്ഡം. പ്ലസ്ടുവിന് ഓരോ വിഷയത്തിനും 60മാർക്കിന്റെ എഴുത്തു പരീക്ഷയിൽ വിജയിക്കാൻ18 മാർക്കാണ് വേണ്ടത്. 40മാർക്ക് പ്രാക്ടിക്കലിനും നിരന്തര മൂല്യനിർണയത്തിനുമാണ്. എൻജിനിയറിംഗ് പ്രവേശനത്തിനുള്ള യോഗ്യത നേടാൻ 27മാർക്ക് (45%)മതിയാവും. ഇളവുകളോടെ പ്രവേശനം നേടിയവരുടെ പട്ടിക സാങ്കേതിക സർവകലാശാല പരിശോധിച്ച് അംഗീകാരം നൽകണം.
പ്രവേശനം 126
കോളേജുകളിൽ
സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മേഖലയിലെ 126 കോളേജുകളിലാണ് എൻട്രൻസില്ലാതെ പ്രവേശനം. ഐ.എച്ച്.ആർ.ഡി, സഹകരണ അക്കാഡമി(കേപ്പ്) എന്നിവയുടെ 9വീതം കോളേജുകൾ, എൽ.ബി.എസിന്റെ രണ്ട്, കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്റെ മൂന്നാർ എൻജി.കോളേജ്, കെ.എസ്.ആർ.ടി.സിയുടെ ശ്രീചിത്ര, കേരള, കാലിക്കറ്റ്, എം.ജി വാഴ്സിറ്റികൾ നേരിട്ട് നടത്തുന്ന എൻജിനിയറിംഗ് കോളേജുകൾ എന്നിവിടങ്ങളിലും ഇളവനുവദിക്കും.
കാലിയായി
സീറ്റുകൾ
സ്വകാര്യ സ്വാശ്രയ കോളേജുകളിൽ 18,000, സർക്കാർ നിയന്ത്രിത മേഖലയിൽ 1600സീറ്റുകൾ കാലി. സർക്കാർ, എയ്ഡഡ് കോളേജുകളിലും സീറ്റൊഴിവുണ്ട്. മൂന്നാം അലോട്ട്മെന്റ് നടപടികൾ 13ന് പൂർത്തിയാവുമ്പോൾ ഒഴിവുകൾ കൃത്യമായി അറിയാനാവും.
56,407
എൻജിനിയറിംഗ് സീറ്റുകൾ
79,044
എൻട്രൻസ് പരീക്ഷയെഴുതിയവർ
58340
എൻട്രൻസ് യോഗ്യത നേടിയവർ
52500
റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർ
''തമിഴ്നാട്ടിൽ ജൂലായോടെ ക്ലാസ് തുടങ്ങി. പ്രവേശനം നേരത്തേയാക്കിയിരുന്നെങ്കിൽ ഇത്രയും സീറ്റൊഴിവുണ്ടാവുമായിരുന്നില്ല.''
-ബിജുരമേശ്
പ്രസിഡന്റ്, സ്വാശ്രയകോളേജ്
മാനേജ്മെന്റ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |