കുമളി: കോൺഗ്രസ് ഭരിക്കുന്ന നെടുങ്കണ്ടം ആസ്ഥാനമായുള്ള ഇടുക്കി ഡീലേഴ്സ് കോ- ഓപ്പറേറ്റീവ് ബാങ്ക് കുമളി ശാഖയിലടക്കം രണ്ട് കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ കുമളി ശാഖാ മുൻ മാനേജരെ ക്രൈം ബ്രാഞ്ച് സാമ്പത്തിക വിഭാഗം അറസ്റ്റ് ചെയ്തു. പ്രാദേശിക കോൺഗ്രസ് നേതാവ് കൂടിയായ കുമളി കുങ്കിരിപ്പെട്ടി തുണ്ടത്തിൽ വൈശാഖ് മോഹനാണ് (38) പിടിയിലായത്. ഇയാൾ ഒളിവിലായിരുന്നു. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. പുതിയ ഭരണ സമിതി നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകൾ കണ്ടെത്തിയത്. കുമളി ബ്രാഞ്ചിൽ 1.49 കോടിയും കട്ടപ്പന ബ്രാഞ്ചിൽ 28 ലക്ഷം രൂപയുമാണ് ഇയാൾ തിരിമറി നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. 2021 മുതൽ 2023 വരെയുള്ള കാലഘട്ടത്തിലാണ് ബാങ്കിൽ വൈശാഖ് മോഹനൻ തട്ടിപ്പ് നടത്തിയത്. നിക്ഷേപത്തുകയിൽ നിന്നും ചിട്ടിയിൽ നിന്നുമായിരുന്നു തട്ടിപ്പുകൾ നടത്തിയത്. ബാങ്കിന്റെ രസീതുകൾ ഉപയോഗിച്ച് നിക്ഷേപകരിൽ നിന്ന് വൻതുകുകൾ ഇയാൾ കൈപ്പറ്റിയിരുന്നു. എന്നാൽ ഇതൊന്നും ബാങ്കിൽ രേഖപ്പെടുത്തിയിരുന്നില്ല. വായ്പ തിരിച്ചടക്കാൻ നൽകിയ തുക മരിച്ചയാൾക്ക് ചിട്ടിപ്പണമായി നൽകിയെന്ന് രേഖയുണ്ടാക്കി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ മതിയായ രേഖകളില്ലാതെ വായ്പ അനുവദിച്ചും വൈശാഖ് തട്ടിപ്പ് നടത്തി. രണ്ട് മാസം മുമ്പ് ബാങ്ക് അധികൃതരുടെ പരാതിയെ തുടർന്ന് കുമളി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ആദ്യഘട്ടത്തിൽ തുക തിരിച്ചടയ്ക്കാമെന്ന് ബാങ്ക് ഭരണസമിതിക്ക് വൈശാഖ് ഉറപ്പ് നൽകിയിരുന്നു. പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. കുമളി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് രഹസ്യ കേന്ദ്രത്തിൽ നിന്ന് വൈശാഖിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതിയെ കുമളിയിലെ ബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി. ബാങ്കിന്റെ നെടുങ്കണ്ടത്തെ ഹെഡ് ഓഫീസ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള തട്ടിപ്പുകളിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. ലക്ഷങ്ങൾ നിക്ഷേപിച്ച സാധാരണക്കാർ പണം തിരികെ ലഭിക്കാൻ ബാങ്കിൽ കയറിയിറങ്ങുകയാണ്. ബാങ്കിന് കുമളി, കട്ടപ്പന, അടിമാലി എന്നിവിടങ്ങളിൽ ശാഖകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |