ചിതറ: പെൺസുഹൃത്തുമായി ചേർന്ന് ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിൽ ചിതറ ചല്ലിമുക്ക് ഷൈനിഭവനിൽ സതീഷിനെ (ജോഷി 37) കടയ്ക്കൽ പൊലീസ് പിടികൂടി.
കഴിഞ്ഞ ജനുവരി 27 ന് ആയിരുന്നു സംഭവം. സതീഷിന്റെ പെൺസുഹൃത്ത് സതീഷിന്റെ ഭാര്യയെ കുമ്മിളിലുള്ള തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും സതീഷുമായി ചേർന്ന് ഇവരെ നിലത്തിട്ട് ചവിട്ടുകയും കത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. സതീഷ് തന്റെ വീട്ടിൽ ഒളിച്ച് താമസിക്കുന്നുണ്ടന്നു പറഞ്ഞാണ് പെൺസുഹൃത്ത് പരാതിക്കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ സായൂജ്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും കടയ്ക്കൽ സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. സംഭവശേഷം പ്രതികൾ ഒളിവിൽ പോവുകയും കഴിഞ്ഞ മാർച്ച് 28 ന് പെൺസുഹൃത്ത് പിടിയിലാവുകയും ചെയ്തു. ഒളിവിൽ കഴിയുന്നതിനിടെ സതീഷ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളി. തുടർന്ന് പൊലീസ് കഴിഞ്ഞദിവസം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി കേസിലെ പ്രതിയാണ് അറസ്റ്റിലായ സതീഷെന്ന് പൊലീസ് പറഞ്ഞു. കടയ്ക്കൽ സ്റ്റേഷനിൽ നാലും ചിതറ സ്റ്റേഷനിൽ രണ്ടും പാങ്ങോട്, വലിയമല സ്റ്റേഷനുകളിൽ ഓരോ കേസുവീതവും നിലവിലുണ്ട്. പോക്‌സോ കേസ് ഉൾപ്പെടെ സത്രീപീഡന കേസുകളാണ് കൂടുതലും. 2018ൽ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന പരാതിക്കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച സതീഷ്, പോക്‌സോ കേസിൽ ജയിലിലാകുകയും പുറത്തിറങ്ങിമൂന്ന് വർഷത്തിന് ശേഷം ഇവരെ വിവാഹം ചെയ്ത് കേസിൽ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. രണ്ടാം പ്രതിയും ഇയാളുടെ സുഹൃത്തുമായ യുവതി ഇപ്പോൾ ജാമ്യത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |