തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാർ തൃശൂരിലും കോവളത്തും ആർ.എസ്.എസിന്റെ ഉന്നത നേതാക്കളെ കണ്ടത് ഇന്റലിജൻസ് മേധാവി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനെ നേരിട്ടെത്തി ധരിപ്പിച്ചിരുന്നു.
2023 മേയ് 23ന് തൃശൂരിൽ ആർ.എസ്.എസ് ജനറൽസെക്രട്ടറി ദത്താത്രേയ ഹൊസബളെയെ കണ്ടതിനു പിന്നാലെ, ജൂൺ രണ്ടിനായിരുന്നു കോവളത്ത് റാം മാധവുമായുള്ള കൂടിക്കാഴ്ച.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആയതിനാൽ രേഖാമൂലമുള്ള റിപ്പോർട്ട് ഒഴിവാക്കി അന്ന് ഇന്റലിജൻസ് മേധാവിയായിരുന്ന ടി.കെ. വിനോദ്കുമാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി വിവരം അറിയിക്കുകയായിരുന്നു. വിവാദമായതോടെ കൂടിക്കാഴ്ചകളുടെ കൂടുതൽ വിവരങ്ങൾ ഇന്റലിജൻസ് ശേഖരിച്ചു. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ഇന്റലിജൻസിന്റെ പക്കലുണ്ടെന്നാണ് സൂചന. കൂടിക്കാഴ്ചകൾ സ്വകാര്യ ആവശ്യങ്ങൾക്കായിരുന്നു എന്നാണ് ഇന്റലിജൻസ് കണ്ടെത്തിയത്.
എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടിക്കാഴ്ചകൾ ആഭ്യന്തര വകുപ്പ് അന്വേഷിക്കുമെന്നാണ് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ആവർത്തിക്കുന്നത്. എന്നാൽ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ പ്രത്യേക സംഘം തന്നെയാവും ഇതും അന്വേഷിക്കുകയെന്നാണ് അറിയുന്നത്. പി.വി അൻവറിന്റെ ആരോപണങ്ങളിൽ മൊഴി രേഖപ്പെടുത്താൻ എ.ഡി.ജി.പിയെ പൊലീസ് മേധാവി അടുത്തയാഴ്ച വിളിച്ചുവരുത്തുമെന്ന് അറിയുന്നു. ഒരുമാസമാണ് അന്വേഷണത്തിന് അനുവദിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |