നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയുമടക്കം ഫോൺ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ നേതൃത്വത്തിൽ ചോർത്തിയെന്ന പി.വി.അൻവർ എം.എൽ.എയുടെ ആരോപണത്തിൽ സർക്കാർ എന്തു നടപടിയെടുത്തെന്ന് ഉടനടി അറിയിക്കാൻ മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്തുനൽകി. ആരോപണം ഗൗരവമേറിയതാണ്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാൽ ഇതേക്കുറിച്ച് അന്വേഷിക്കണം. അൻവർ പുറത്തുവിട്ട എസ്.പി സുജിത്ത്ദാസുമായുള്ള ഫോൺ സംഭാഷണത്തെക്കുറിച്ചും അന്വേഷണം വേണം. പൊലീസ് ഉദ്യോഗസ്ഥരുടെ ക്രിമിനൽ ബന്ധം ഈ സംഭാഷണത്തിൽ നിന്ന് വ്യക്തമാവുന്നുണ്ട്.
പൊലീസിന് ചോർത്താനാവുന്ന വിവരങ്ങൾ പുറമെയുള്ളവർക്ക് ലഭിക്കുന്നത് ആശങ്കാജനകമാണ്. ഫോൺ ചോർത്തൽ സുപ്രീംകോടതി ഉത്തരവുകൾക്കും കേന്ദ്ര മാർഗ നിർദ്ദേശങ്ങൾക്കും വിരുദ്ധമാണ്. സോഫ്‌റ്റ്‌വെയറുപയോഗിച്ച് ഫോൺ ചോർത്തിയെന്ന എം.എൽ.എയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്.
അനധികൃതമായ ഫോൺ ചോർത്തൽ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കലാണ്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഫോൺ ചോർത്തിയതായി അൻവർ വെളിപ്പെടുത്തിയിട്ടും ഇതുവരെ കേസെടുത്തിട്ടില്ല. ഗവർണർ കത്ത് നൽകിയതോടെ സർക്കാരിന് ഇനി നടപടി എടുക്കാതിരിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |