കൊല്ലം: ഓണം അടുത്തെത്തിയപ്പോൾ അടുക്കളയിൽ ആശ്വാസം പകർന്ന് പച്ചക്കറി വിലയിൽ ഇടിവ്. പ്രധാനപ്പെട്ട എട്ടോളം പച്ചക്കറി ഇനങ്ങൾക്ക് രണ്ടാഴ്ച മുൻപുള്ളതിനെ അപേക്ഷിച്ച് കിലോയ്ക്ക് പത്തും ഇരുപതും രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
സെഞ്ച്വറിയിൽ എത്തി നിന്നിരുന്ന ചേനയ്ക്ക് ഇപ്പോഴത്തെ ഹോൾസെയിൽ വില കിലോയ്ക്ക് 65 ആണ്. വെളുത്തുള്ളി കിലോയ്ക്ക് 100 രൂപ കുറഞ്ഞ് ഹോൾസെയിൽ വില 300 ആയി. മുളക്, ബീറ്റ്‌റൂട്ട്, സവാള, ചെറിയഉള്ളി , ക്യാരറ്റ്, ഇഞ്ചി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കാണ് താമതമ്യേന വില കുറഞ്ഞത്. എന്നാൽ വഴുതന, നാടൻ പടവലം, വെണ്ടയ്ക്ക എന്നീ ഇനങ്ങൾക്ക് 10 രൂപ വീതം കൂടി. ക്യാബേജ്, മുരിങ്ങയ്ക്ക, തക്കാളി എന്നിവയ്ക്ക് മാറ്റം ഉണ്ടായിട്ടില്ല. രണ്ടാഴ്ച മുൻപ് കിലോയ്ക്ക് 80 രൂപ ഉണ്ടായിരുന്ന കറിനാരങ്ങയ്ക്ക് ഓണം എത്തിയതോടെ 110 ആയി. 100 രൂപ ഉണ്ടായിരുന്ന മാങ്ങയ്ക്ക് 120 ആയി. അടുത്ത രണ്ടുദിവസം അഞ്ചു രൂപയോളം വിലകൂടാൻ സാദ്ധ്യത ഉണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
കോയമ്പത്തൂർ, പാവൂർ സത്രം, തിരുനെൽവേലി, മൈസൂർ, മേട്ടുപ്പാളയം, അലൻകുളം, കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പച്ചക്കറി എത്തുന്നത്. ജില്ലയിൽ ഹോർട്ടികോർപ്പ്, കുടുംബശ്രീ തുടങ്ങിയവയുടെ നേതൃത്വത്തിൽ ഓണം മുന്നിൽ കണ്ട് ആരംഭിച്ച ചന്തകളിൽ തദ്ദേശീയമായി കൃഷി ചെയ്ത പച്ചക്കറികളും ആവശ്യത്തിനുണ്ട്.
അനധികൃത കച്ചവടം തകൃതി
വഴിയോരങ്ങളിലും വാഹനങ്ങളിലും പച്ചക്കറികൾ വിൽക്കുന്നത് ഓണം അടുക്കുന്തോറും സ്ഥിരം കച്ചവടക്കാർക്ക് വിനയാവുന്നുണ്ട്. . ഇത്തരം അനധികൃത കച്ചവടങ്ങൾ കാരണം കടകളിൽ തിരക്ക് കുറഞ്ഞെന്നാണ് പച്ചക്കറിക്കടക്കാർ പറയുന്നത്.
ഇന്നലത്തെ പച്ചക്കറി വില ( ഹോൾസെയിൽ, റീട്ടെയിൽ )
വെണ്ടയ്ക്ക: 30, 40
മുളക്: 35, 50
പടവലം (നാടൻ): 40..50
ക്യാബേജ്: 40,50
മുരിങ്ങയ്ക്ക: 40,60
ബീറ്റ്‌റൂട്ട്: 40, 50
ചേന: 65, 80
സവാള: 49, 58
ചെറിയ ഉള്ളി: 40, 50
ക്യാരറ്റ്: 90 , 100
തക്കാളി: 30,40
ഇഞ്ചി: 70, 90
ഇഞ്ചി ഫസ്റ്റ് ക്വാളിറ്റി: 120, 160
ഉരുളക്കിഴങ്ങ്: 42, 50
വെളുത്തുള്ളി: 300, 350
വഴുതന: 60, 70
നാടൻ പയർ: 80, 90
ഏത്തൻ (നാടൻ): 65, 80
ഏത്തൻ (വരവ് ):42 ,50
ഓണം അടുത്തതോടെ പച്ചക്കറി വിലയിൽ വലിയതോതിൽ കുറവുണ്ടായി. അടുത്ത രണ്ടു ദിവസങ്ങളിലാണ് ഏകപ്രതീക്ഷ- എം.ജെ.അൻവർ, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള വെജിറ്റബിൾസ് മർച്ചന്റ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |