അപകടം വീടിന് മുന്നിലെ റോഡ് മുറിച്ചു കടക്കുന്നതിനിടെ
വെള്ളറട: വെള്ളറടയിൽ മദ്ധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ ബൈക്ക് യാത്രികരായ യുവാക്കളുടെ കൊടുംക്രൂരത. അമിതവേഗത്തിൽ വന്ന ബൈക്കിടിച്ച് പരിക്കേറ്റ ഇയാളെ രണ്ട് യുവാക്കൾ ചേർന്ന് ആരും കാണാതെ സമീപത്തെ വീട്ടിലേക്ക് മാറ്റി വാതിൽ ചാരിയശേഷം കടന്നുകളയുകയായിരുന്നു. യഥാസമയം ആശുപത്രിയിലെത്തിക്കാതെ ഉപേക്ഷിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വെള്ളറട ചൂണ്ടിക്കൽ റോഡരികത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സുരേഷി(56)നെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് ദുർഗന്ധമുണ്ടായതോടെ പരിസരവാസികൾ നോക്കിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. അകത്തെ മുറിയിൽ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇടയ്ക്കിടെ ദൂരയാത്രകൾ പോകുന്നതിനാൽ സുരേഷിനെ രണ്ടു ദിവസം കാണാഞ്ഞിട്ടും ആരും തിരക്കിയില്ല. വാതിൽ തുറന്ന് കിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടില്ല. ഒറ്റയ്ക്കു താമസിക്കുന്ന ഇയാളുടെ മരണത്തിൽ സംശയം തോന്നിയ വെള്ളറട പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ശനിയാഴ്ച രാത്രി 11ഓടെ വീടിന് പുറത്തിറങ്ങി റോഡ് മുറിച്ചുകടന്ന സുരേഷ് മറുവശത്തേക്ക് പോയതായി സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമായി. ഉടൻ തിരിക റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. സുരേഷ് റോഡിൽ തലയടിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ രണ്ടുപേർ ചേർന്ന് തൂക്കിയെടുത്ത് വീടിനുള്ളിലേക്ക് കയറ്റി. ഉടൻ ഇവർ തിരികെ പോയി. രാത്രിയായതിനാൽ ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ല.സംഭവസ്ഥലത്ത് വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി.
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വിശദമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വ്യക്തതവരൂ. സുരേഷിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തൈയ്ക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. തിരുവനന്തപുരം മണ്ണന്തല മുക്കോലയ്ക്കൽ സ്വദേശിയായ സുരേഷ് ഭാര്യയും മക്കളുമായി പിരിഞ്ഞ് വർഷങ്ങളായി വെള്ളറടയിലെ ബന്ധുവിനൊപ്പമായിരുന്നു. ബന്ധു മരിച്ചതോടെ വീട്ടിൽ സുരേഷ് മാത്രമായി. മരപ്പണിക്കാരനായ സുരേഷിനെ ശനിയാഴ്ചയും കണ്ടതായി സുഹൃത്തുക്കൾ പൊലീസിനു മൊഴിനൽകിയിരുന്നു.
ലുങ്കിയുടുത്തവർ, പരിചയക്കാർ?
ബൈക്കിടിച്ച് റോഡിൽ വീണ സുരേഷിനെ ലുങ്കിയുടുത്തവരാണ് വീട്ടിലേക്ക് എടുത്തുകയറ്റിയത്. സുരേഷുമായി പരിചയമുള്ളവരാണ് ഇവരെന്നാണ് പൊലീസ് നിഗമനം. വീട്ടിൽ മറ്റാരും ഇല്ലെന്ന് വ്യക്തമായി അറിയാവുന്നതിനാലാണ് ധൈര്യത്തോടെ സുരേഷിനെ തൂക്കിയെടുത്ത് മുറിയിൽ കിടത്തിയത്. സംശയമുള്ളവർക്കായി തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. വെള്ളറട സി.ഐ പ്രസാദ്, എസ്.ഐ റസൽ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |