നെയ്റോബി: കെനിയയിലെ നെയ്റോബിയിൽ ജോമോ കെനിയാറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം ഇന്ത്യൻ കമ്പനിയായ അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ പ്രതിഷേധം. കെനിയ ഏവിയേഷൻ അതോറിറ്റി (കെ.എ.എ) തൊഴിലാളികൾ പണിമുടക്കിയതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായി.
നിരവധി സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. പുതിയ അന്താരാഷ്ട്ര ടെർമിനലിന്റെ നിർമ്മാണവും 30 വർഷത്തേക്ക് നിയന്ത്രണാവകാശവും അദാനി ഗ്രൂപ്പിന് നൽകാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി താത്കാലികമായി തടഞ്ഞെങ്കിലും പ്രതിഷേധം തുടരുകയാണ്. കരാർ സർക്കാർ ഉപേക്ഷിക്കണമെന്നാണ് ആവശ്യം. വിമാനത്താവളത്തിൽ 1.85 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ അദാനി ഗ്രൂപ്പ് തയ്യാറാണ്.
തൊഴിലാളികളെ അനുനയിപ്പിക്കാൻ സർക്കാർ ചർച്ച ആരംഭിച്ചു. വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്താൽ തദ്ദേശീയർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും വിദേശ തൊഴിലാളികളുടെ എണ്ണം കൂടുമെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |