കാൺപുർ: ഉത്തർപ്രദേശിൽ ദേശീയപാതയിൽ സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരം. കാൺപൂരിനുസമീപം ഗുജനിയിൽ ബുധനാഴ്ച പുലർച്ചെ 6.15നാണ് മൃതദേഹം കണ്ടെത്തിയത്. മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി വലിച്ചെറിയുകയായിരുന്നെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ രണ്ട് ദിവസമായിട്ടും പൊലീസിന് പ്രതികളെ സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണത്തിന് മൂന്ന് സംഘങ്ങളെ നിയോഗിച്ചു.
സമീപത്തെ സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ ദേശീയപാതയ്ക്ക് സമീപത്തെ ആശുപത്രിയിലെ സി.സി.ടിവി ദൃശ്യങ്ങളിൽ യുവതി നടന്നുപോകുന്നതായി കാണാം. മൃതദേഹം ലഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പുള്ള ദൃശ്യമാണ് ഇത്. കൊല്ലപ്പെട്ട യുവതിയാകാം ഇതെന്ന് കരുതുന്നു. ദൃശ്യത്തിലെ യുവതി ധരിച്ച വസ്ത്രവും മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച വസ്ത്രത്തിന്റെ ഭാഗവുമായി സാമ്യമുണ്ടെന്ന് പൊലീസ് പറയുന്നു. കൂടുതൽ തെളിവിനായി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സി.സിടിവി ദൃശ്യങ്ങൾ നാട്ടുകാരെ കാണിച്ച് യുവതിയെ തിരിച്ചറിയാനുള്ള നീക്കവും പൊലീസ് നടത്തുന്നു. അപകടമാണോ കുറ്റകൃത്യമാണോ എന്ന് അന്വേഷിക്കുകയാണെന്നും യുവതി ആരെന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സ്ത്രീകളെ കാണാതായ സംഭവങ്ങളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചു. ഞെട്ടിക്കുന്ന സംഭവമാണെന്നും കുറ്റവാളികൾക്ക് തക്ക ശിക്ഷ നൽകണമെന്നും സമാജ്വാദി പാർട്ടി (എസ്.പി) നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |