തിരുവനന്തപുരം: സംസ്ഥാനങ്ങളെ ഇനിയും സാമ്പത്തികമായി ഞെരുക്കരുതെന്നും അടുത്ത ധനകാര്യ കമ്മിഷനിലെങ്കിലും അതിന് മാറ്റമുണ്ടാക്കണമെന്നും കേരളം സംഘടിപ്പിച്ച ധനമന്ത്രിമാരുടെ കോൺക്ളേവിൽ അഭിപ്രായമുയർന്നു. വികസന അസന്തുലിതാവസ്ഥ പരിഹരിക്കാനെന്നു പറഞ്ഞാണ് ചില സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഹിതം നൽകുകയും ചിലർക്ക് കുറയ്ക്കുകയും ചെയ്യുന്നത്. എന്നാൽ കൂടുതൽ വിഹിതം കിട്ടുന്ന സംസ്ഥാനങ്ങൾ പലതും വികസിക്കുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കാര്യക്ഷമതയും ലക്ഷ്യപ്രാപ്തിയും ഇൻസെന്റീവായി കണക്കാക്കേണ്ടതിനു പകരം ശിക്ഷയ്ക്കുള്ള കാരണമായി വിലയിരുത്തുന്നത് അനീതിയാണ്. ജനസംഖ്യാ നിയന്ത്രണത്തിൽ കേരളം മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ അത് കേരളത്തിനു വിഹിതം കുറയാനുള്ള കാരണമായി കണക്കാക്കപ്പെട്ടു. ഇത്തരം കാര്യങ്ങൾ മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനങ്ങളിൽ സാമ്പത്തിക, രാഷ്ട്രീയ ഫെഡറലിസത്തെ കുറിച്ച് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പതിനാറാം ധനകാര്യകമ്മിഷന്റെ കൂടിക്കാഴ്ചകൾ കർണാടകത്തിലും പഞ്ചാബിലും തെലങ്കാനയിലും പൂർത്തിയായി. കേരളത്തിൽ ഡിസംബറിൽ. തമിഴ്നാട്ടിൽ അടുത്തമാസം. കമ്മിഷൻ മുമ്പാകെ അവതരിപ്പിക്കുന്നതെല്ലാം നേടിയെടുക്കാൻ കൂട്ടായി ശബ്ദമുയർത്തണമെന്ന അഭിപ്രായവും കോൺക്ലേവിലുണ്ടായി.
'കർണാടകയിലും നടത്തും'
ഇത്തരം സമ്മേളനം കൂടുതൽ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ച് അടുത്തുതന്നെ കർണാടകയിലും നടത്തുമെന്ന് മന്ത്രി കൃഷ്ണ ബൈരേ ഗൗഡ പറഞ്ഞു. കർണാടകയിൽ കേന്ദ്രവിഹിതം കിട്ടുന്നത് പകുതിയിലേറെ കുറഞ്ഞു. ഒൗദാര്യമല്ല നീതിയാണ് കർണാടകം ആവശ്യപ്പെടുന്നത്.
കേന്ദ്രസർക്കാരിന്റെ നയംമാറ്റംമൂലം പഞ്ചാബിന് 20000 കോടിയോളം രൂപയുടെ കുറവാണുണ്ടായതെന്ന് പഞ്ചാബ് ധനമന്ത്രി ഹർപാൽസിംഗ് ചീമ പറഞ്ഞു. നികുതിവരുമാനത്തിൽ മണ്ഡിടാക്സ് ഉൾപ്പെടെയുള്ളവ ജി.എസ്.ടി വന്നതോടെ നഷ്ടമായി.
പങ്കുവയ്ക്കുന്ന കേന്ദ്രനികുതി 35%ത്തിൽ നിന്ന് 41ആയി വർദ്ധിപ്പിച്ചെങ്കിലും അതുകൊണ്ട് സംസ്ഥാനങ്ങൾക്ക് പ്രത്യേക നേട്ടമൊന്നുമുണ്ടാകാതിരുന്നത് നയസമീപനത്തിലെ മാറ്റങ്ങൾ കൊണ്ടാണെന്ന് തെലങ്കാന മന്ത്രി ഭട്ടി വിക്രമാർക്കമല്ലു പറഞ്ഞു. ഒമ്പതാം ധനകാര്യകമ്മിഷന്റെ കാലത്ത് കേന്ദ്ര ധനവിഹിതം 7.931ശതമാനത്തിൽ നിന്ന് 15ാം ധനകാര്യ കമ്മിഷനിലെത്തുമ്പോൾ തമിഴ്നാടിന് 4.079 ശതമാനമായി കുറഞ്ഞെന്ന് തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസു പറഞ്ഞു.
''സംസ്ഥാനങ്ങളുടെ ചെലവിനങ്ങളിലെ സവിശേഷതകൾ പരിഗണിച്ച് നൽകുന്ന റവന്യു ഡെഫിസിറ്റ് ഗ്രാന്റ് ഒൗദാര്യമെന്ന നിലയിൽ നിന്നുമാറ്റി ധനകാര്യ കമ്മിഷൻ വ്യവസ്ഥകളിൽ ഉൾപ്പെടുത്തണം
-വി.ഡി.സതീശൻ,
പ്രതിപക്ഷനേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |