തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഡിവിസീവ് പൂളിലേക്ക് സമാഹരിക്കുന്ന നികുതിയുടെ പകുതിയും സംസ്ഥാനങ്ങൾക്ക് പങ്കുവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 41ശതമാനമാണ് പങ്കുവയ്ക്കുന്നത്. അതിലേറെ നികുതി സംസ്ഥാനങ്ങൾക്ക് പങ്കുവയ്ക്കാതെ സെസായും സർചാർജ്ജായും പിരിച്ചെടുക്കുന്നുണ്ട്. അത് സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും രാജ്യത്ത് സാമ്പത്തിക അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ചെയ്യും.
പതിനാറാം ധനകാര്യ കമ്മിഷൻ നയരൂപീകരണത്തിന് മുന്നോടിയായി ധനമന്ത്രിമാരുടെ ഏകദിന കോൺക്ലേവ് ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രത്തിന്റെ നികുതി അധികാരങ്ങളും സംസ്ഥാനങ്ങളുടെ ചെലവു ബാദ്ധ്യതകളും തമ്മിലുള്ള അസന്തുലിതാവസ്ഥ നിലനിൽക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. അതു പരിഹരിക്കാൻ നിലവിലെ നികുതി വിതരണം പുന:പരിശോധിക്കണമെന്നത് കേരളത്തിന്റെ ആവശ്യമാണ്. അസന്തുലിതാവസ്ഥ മികച്ച രീതിയിൽ പരിഹരിക്കുന്നതിന് നിലവിലെ വിതരണത്തിൽ നിന്ന് 50 ശതമാനംവരെ വർദ്ധിപ്പിക്കണം. ഇത് പുതിയ ആവശ്യമല്ല, മറ്റു സംസ്ഥാനങ്ങൾ മുൻ കമ്മിഷനുകൾക്ക് മുമ്പാകെ ഇത് ഉന്നയിച്ചിട്ടുണ്ട്.
ആരോഗ്യം, വിദ്യാഭ്യാസം, ജനസംഖ്യാ സൂചകങ്ങൾ എന്നിവയിൽ ഗണ്യമായ പുരോഗതി കൈവരിച്ച കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം ലഭിക്കേണ്ടതുണ്ട്.
തമിഴ്നാട്ടിലെ രാജമന്നാർ കമ്മിറ്റി, പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സർക്കാർ സമർപ്പിച്ച മെമ്മോറാണ്ടം,1983ലെ മുഖ്യമന്ത്രിമാരുടെ കോൺക്ലേവ് എന്നിവ സർക്കാരിയ കമ്മിഷനെ നിയമിക്കുന്നതിന് കാരണമായി. രാജ്യത്തിന്റെ ഫെഡറൽ സാമ്പത്തിക ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിന് അർത്ഥവത്തായ ശുപാർശകൾ നൽകിക്കൊണ്ട് ഈ പാരമ്പര്യം തുടരുന്നതിനാണ് തിരുവനന്തപുരം കോൺക്ളേവെന്നും മുഖ്യമന്ത്രി പറഞ്ഞു.
'അസന്തുലിതാവസ്ഥ
പരിഹരിക്കുക ലക്ഷ്യം'
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ വർദ്ധിച്ചുവരുന്ന അസന്തുലിതാവസ്ഥ ശ്രദ്ധയിൽപ്പെടുത്തുകയും പരിഹരിക്കുകയുമാണ് കേരളം സംഘടിപ്പിച്ച കോൺക്ലേവിന്റെ പ്രാഥമിക ലക്ഷ്യമെന്ന് അദ്ധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു,കർണാടക റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ,പഞ്ചാബ് ധനമന്ത്രി ഹർപാൽസിംഗ് ചീമ,തമിഴ്നാട് ധനമന്ത്രി തങ്കംതെന്നരസു തുടങ്ങിയവർ സംസാരിച്ചു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സ്വാഗതവും ധനവകുപ്പ് സെക്രട്ടറി കേശവേന്ദ്ര കുമാർ നന്ദിയും പറഞ്ഞു. ഡോ.അരവിന്ദ് സുബ്രഹ്മണ്യൻ പ്രത്യേക പ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |