നീറ്റ് മെഡിക്കൽ പി.ജി ഓൺലൈൻ കൗൺസലിംഗ് റൗണ്ടിൽ പങ്കെടുക്കുന്നതിനു മുമ്പ് ഗൃഹപാഠം ചെയ്യണം. നീറ്റ് പി.ജി റാങ്കിന്റെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് പ്രക്രിയ. റാങ്ക് അനുസരിച്ച് മുൻവർഷങ്ങളിൽ ലഭിച്ച കോഴ്‌സ്,കോളേജ് എന്നിവയെക്കുറിച്ച് ധാരണയുണ്ടാകണം. മൂന്നു വർഷ എം.ഡി,എം.എസ്,ഡി.എൻ.ബി സീറ്റുകൾക്കാണ് പ്രവേശനം. കൂടുതൽ പേർ താത്പര്യപ്പെടുന്ന ബ്രാഞ്ചുകളെക്കുറിച്ചും അറിയണം. വിദ്യാർത്ഥിയുടെ താത്പര്യം,അഭിരുചി,മനോഭാവം,പഠിക്കാനുള്ള പ്രാപ്തി,ഉപരിപഠന,ഗവേഷണ,തൊഴിൽ സാദ്ധ്യതകൾ എന്നിവ അറിഞ്ഞിരിക്കണം. ക്ലിനിക്കൽ,പാരാക്ലിനിക്കൽ,നോൺ ക്ലിനിക്കൽ എന്നിവയിൽ ഉൾപ്പെടുന്ന കോഴ്‌സുകളെക്കുറിച്ച് മനസിലാക്കണം.
നോൺ
ക്ലിനിക്കൽ
അടുത്ത കാലത്തായി നോൺ ക്ലിനിക്കൽ വിഭാഗത്തിൽ ഫാർമക്കോളജി,അനാട്ടമി,ഫിസിയോളജി,ബയോകെമിസ്ട്രി എന്നിവയ്ക്കു ചേരുന്നവരുടെ എണ്ണത്തിൽ കുറവ് ദൃശ്യമാണ്. എന്നാൽ തൊഴിൽ മേഖലയിൽ രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകരാകാൻ നോൺ ക്ലിനിക്കൽ വിഷയങ്ങൾ ഉപകരിക്കും. രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ അദ്ധ്യപകരുടെ ക്ഷാമം നിലനിൽക്കുന്നു. പത്തോളജി,കമ്മ്യൂണിറ്റി മെഡിസിൻ എന്നിവയ്ക്കും സാദ്ധ്യതയേറെയാണ്. അഡ്വാൻസ്ഡ് ഡയഗ്‌നോസ്റ്റിക് ലാബുകളിൽ നോൺ ക്ലിനിക്കൽ,പാരാക്ലിനിക്കൽ എം.ഡി പൂർത്തിയാക്കിയവർക്ക് അവസരങ്ങളുണ്ട്.
എം.ബി.ബി.എസ്,എം.ഡി പൂർത്തിയാക്കിയവരെ മാത്രമേ മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർമാരായി നിയമിക്കാവൂ എന്ന് നാഷണൽ മെഡിക്കൽ കൗൺസിൽ നിഷ്‌കർഷിച്ചു വരുന്നു. ലോകാരോഗ്യ സംഘടന(WHO),ലോകബാങ്ക്,ADB,അന്താരാഷ്ട്ര ഏജൻസികൾ മുതലായവയിൽ കമ്മ്യൂണിറ്റി മെഡിസിൻ പൂർത്തിയാക്കിയവർക്ക് സാദ്ധ്യതകളുണ്ട്. കൊവിഡിനുശേഷം പബ്ലിക് ഹെൽത്ത്,എപ്പിഡെമിയോളജി,മോളിക്കുലർ ബയോളജി,റീജനറേറ്റീവ് ബയോളജി മുതലായവയ്ക്കു സാദ്ധ്യതയുണ്ട്.
ക്ലിനിക്കൽ
കോഴ്സുകൾ
ക്ലിനിക്കൽ വിഭാഗത്തിലെ കോഴ്‌സികൾക്കാണ് വിദ്യാർത്ഥികൾ കൂടുതലായും താത്പര്യപ്പെടുന്നത്. ഡെർമറ്റോളജി,റേഡിയോളജി,ജനറൽ മെഡിസിൻ,ജനറൽ സർജറി,ഗൈനക്കോളജി,പൾമണോളജി,എം.എസ് ഓർത്തോ,ഇ.എൻ.ടി,എമർജൻസി മെഡിസിൻ,അനസ്‌തേഷ്യ,സൈക്ക്യാട്രി എന്നീ ക്രമത്തിലാണ് വിദ്യാർത്ഥികൾ കഴിഞ്ഞവർഷം കോഴ്‌സുകൾക്ക് താത്പര്യം പ്രകടിപ്പിച്ചത്. കൊവിഡിനുശേഷം എം.ഡി സൈക്യാട്രിക്ക് മികച്ച അവസരങ്ങളുണ്ട്.
നാലു റൗണ്ട്
കൗൺസലിംഗ്
മെരിറ്റ് സീറ്റുകൾക്ക് പുറമെ സ്വകാര്യ,കല്പിത സർവകലാശാലകളിൽ മാനേജ്‌മെന്റ്,എൻ.ആർ.ഐ സീറ്റുകളുമുണ്ട്. കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും എൻ.ആർ.ഐ സീറ്റുകൾ ലഭ്യമാണ്.
50% അഖിലേന്ത്യ ക്വോട്ട സീറ്റുകൾ,100% ഡീംഡ്,സെൻട്രൽ യൂണിവേഴ്‌സിറ്റി സീറ്റുകൾ,ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിലെ മുഴുവൻ സീറ്റുകൾ എന്നിവയിലേക്ക് നാലു റൗണ്ട് കൗൺസലിംഗ് പ്രക്രിയകളുണ്ട്.
26168 എം.ഡി,13649 എം.എസ്,922 ഡി.എൻ.ബി സീറ്റുകളിലേക്കാണ് കൗൺസലിംഗ് നടക്കുക.
ഡീംഡ് യൂണിവേഴ്‌സിറ്റികളിലേക്കും,അഖിലേന്ത്യ ക്വോട്ടയിലേക്കും പ്രത്യേക രജിസ്‌ട്രേഷൻ ഫീസും, തിരിച്ചു ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റുമുണ്ട്. www.mcc.nic.in.
സംസ്ഥാന
കൗൺസലിംഗ്
സംസ്ഥാനങ്ങളിലെ സർക്കാർ,സ്വാശ്രയ/സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്കു സംസ്ഥാന തലത്തിൽ കൗൺസലിംഗ് പ്രക്രിയ പ്രഖ്യാപിക്കും. തമിഴ്നാട്ടിലെ മെഡിക്കൽ കോളേജുകളിലേക്കുള്ള മാനേജ്മെന്റ്,എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള രജിസ്‌ട്രേഷൻ 15ന് അവസാനിക്കും. www.tnhealth.in.gov.in,www.tnmedicalselection.net.
സംസ്ഥാന പ്രവേശനപരീക്ഷ കമ്മിഷണർ കേരളത്തിലെ സർക്കാർ,സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കുള്ള മെരിറ്റ് എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള കൗൺസലിംഗ് രജിസ്‌ട്രേഷൻ പ്രക്രിയ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക വിജ്ഞാപനം പുറത്തിറക്കും. www.cee.kerala.gov.in.
പുതുച്ചേരി www.centacpuducherry.in വഴി രജിസ്റ്റർ ചെയ്യാം. കർണാടക എക്‌സാമിനേഷൻസ് അതോറിട്ടി www.kea.kar.nic.in രജിസ്‌ട്രേഷൻ തീയതി ഉടൻ പ്രഖ്യാപിക്കും. തെലങ്കാന,ആന്ധ്ര,ഗുജറാത്ത്,മഹാരാഷ്ട്ര തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലേക്കും നിശ്ചിത ശതമാനം സീറ്റുകളിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യത്തിനനുസരിച്ച് മൂന്ന് ബ്രാഞ്ചെങ്കിലും കണ്ടെത്തണം. ഉയർന്ന ഫീസ് നൽകി പഠിക്കുന്നതിനു പകരം നീറ്റ് പി.ജി റിപ്പീറ്റ് ചെയ്ത് റാങ്ക് മെച്ചപ്പെടുത്തിയാൽ കുറഞ്ഞ ഫീസ് നൽകി സർക്കാർ മെഡിക്കൽ കോളേജുകളിൽ പഠിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |