കോഴിക്കോട്: ഓണാഘോഷത്തിന്റെ മറവിൽ നികുതിവെട്ടിച്ചുള്ള അനധികൃത വിൽപന തടയാൻ പരിശോധന കർശനമാക്കി ലീഗൽ മെട്രോളജി വകുപ്പ്. ലീഗൽ മെട്രോളജി കൺട്രോളർ വി.കെ.അബ്ദുൾ ഖാദറിന്റെ നിർദ്ദേശ പ്രകാരം ജില്ലയിലെ 379 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിയമലംഘനം നടത്തിയ 28 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് 1,21,000 രൂപ പിഴ ഈടാക്കി.
ലീഗൽ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖകൾ ഇല്ലാതെയും പാക്കറ്റിന് പുറത്ത് ആവശ്യമായ പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതെയും സാധനങ്ങൾ വിൽപ്പന നടത്തിയ വ്യാപാര സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്ത് പിഴ ഈടാക്കിയത്. പിഴ ഒടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും.
മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപ്പന നടത്തുക, നിർമാതാവിന്റെ വിലാസം, ഉൽപന്നം പാക്ക് ചെയ്ത തിയതി, അളവ്, തൂക്കം, പരമാവധി വിൽപ്പന വില, തുടങ്ങിയവ ഇല്ലാത്ത പാക്കറ്റുകൾ വിൽപ്പന നടത്തുക, എം.ആർ.പിയെക്കാൾ അധിക തുക ഈടാക്കുക, വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഈ മാസം ഏഴിന് ആരംഭിച്ച പരിശോധനകൾ ഓണം വരെ തുടരും. രണ്ട് സ്‌ക്വാഡുകളായാണ് പരിശോധന നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |