കേളകം: പേരാവൂർ ക്ഷീര വികസന യൂണിറ്റിന് കീഴിലെ ചെട്ട്യാംപറമ്പ് ക്ഷീരോല്പാദക സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ജില്ലാതല ഇൻസ്പെക്ഷൻ ടീമിന്റെ റിപ്പോർട്ട്.നിലവിൽ 27 ലക്ഷത്തോളം രൂപ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സംഘത്തിന് സെക്രട്ടറിയടക്കമുള്ളവരിൽ നിന്നും കിട്ടാനുള്ള 25,70,089 രൂപ ഭരണ സമിതിയും ജീവനക്കാരും തിരിച്ചുപിടിക്കണമെന്ന് ക്ഷീര വികസന ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ നിർദേശിക്കുന്നു.
സെക്രട്ടറി അഡ്വാൻസ് ഇനത്തിൽ സംഘത്തിന് തിരികെ നല്കാനുള്ള 2,94,925 രൂപ ഉടനെ ഈടാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.സെക്രട്ടറി അഡ്വാൻസ് ഇനത്തിൽ ഓരോ വർഷവും ഭീമമായ തുകയുടെ ഇടപാടുകൾ നടന്നതായും ഈ തുക ഈടാക്കി ഇത്തരം ഇടപാടുകൾ ഭരണ സമിതി നിർത്തലാക്കണമെന്നും റിപ്പോർട്ടിലുണ്ട്.
വിവിധ ഇനത്തിൽ ലഭിച്ച തുകകൾ ക്യാഷ് ബുക്കിൽ കൃത്യമായി രേഖപ്പെടുത്താതെയും വൗച്ചറുകളിൽ യഥാസമയം ഒപ്പിടാതെയുമാണ് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയത്.വൗച്ചറുകളിലെയും ക്യാഷ് ബുക്കിലേയും തീയതികൾ മിക്കവയും തെറ്റാണെന്നും വ്യക്തമായിട്ടുണ്ട്. സെക്രട്ടറിയും പണം കൈപ്പറ്റിയവരും ഒപ്പിടാത്ത വൗച്ചറുകൾ പരിശോധനയിൽ കണ്ടെത്തി.
കാലിത്തീറ്റയുടെ സ്റ്റോക്കിലെ വ്യത്യാസം 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം നാലര ലക്ഷം രൂപയാണ്. മുഴുവൻ തുകയും ഈടാക്കാൻ ഭരണ സമിതി നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
അസി.ഡയറക്ടർ ട്വിങ്കിൾ മാത്യുവിന്റെ നേതൃത്വത്തിൽ സീനിയർ ഡി. ഇ.ഒ വി.കെ. നിഷാദ്, മുഹമ്മദ് അർഷത്, ഡി.എഫ്.ഐമാരായ എ.പ്രവീണ, ദീപ ജോസ്, സുജിൻ രാജ്, എം.സി. പൊന്നി, അനുശ്രീ എന്നിവരാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |