വിവാദങ്ങളുടെ ലക്ഷ്യം താനെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കഴിഞ്ഞ ദിവസം നടന്ന എൽ.ഡി.എഫ് യോഗത്തിൽ സി.പി.ഐ, ആർ.ജെ.ഡി, എൻ.സി.പി എന്നീ ഘടകകക്ഷികൾ എ.ഡി.ജി.പിയെ മാറ്റണമെന്ന വാദമുയർത്തിയപ്പോൾ മറ്റുള്ളവർ മൗനം പാലിച്ചു. ആമുഖ സംഭാഷണത്തിൽ മറ്റ് വിഷയങ്ങൾക്കൊപ്പം അൻവറിന്റെ ആരോപണങ്ങളും മുഖ്യമന്ത്രി സൂചിപ്പിച്ചു . സ്വർണ്ണക്കടത്ത്, പൊട്ടിക്കൽ അടക്കമുള്ള ആരോപണങ്ങളിൽ ചിലർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് സ്‌കൂൾ ഒളിമ്പിക്സ്, വയനാട് പുനരധിവാസം, ഉപതിരഞ്ഞെടുപ്പുകൾ തുടങ്ങി അജൻഡ വായിച്ചതോടെ ആർ.എസ്.എസ് നേതാക്കളുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ചയും അതിൽ ഉൾപ്പെടുത്തണമെന്ന ആർ.ജെ.ഡി പ്രതിനിധി വർഗീസ് ജോർജ് ആവശ്യപ്പെട്ടു. അജണ്ടയിൽ ഉൾപ്പെടാത്ത വിഷയം ചർച്ച ചെയ്യാൻ കഴിയില്ലെന്നും, ആവശ്യമെങ്കിൽ മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂചിപ്പിക്കുമെന്നും ഇടതു മുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ മറുപടി നൽകി. രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള എകോപന സമിതിയിൽ പ്രശ്നം ചർച്ച ചെയ്യണമെന്ന വാദത്തിൽ ആർ.ജെ.ഡി പ്രതിനിധി ഉറച്ചു നിന്നു. എ.ഡി.ജി.പിയുടെ സന്ദർശനം മുന്നണിയുടെ നയങ്ങൾക്ക് വിരുദ്ധമായതിനാൽ വിഷയം ചർച്ച ചെയ്യണമെന്നും,ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവശ്യപ്പെട്ടു.
തുടർന്ന് ,എ.ഡി.ജി.പിക്കെതിരായ അന്വേഷണത്തിൽ ആർ.എസ്.എസ് നേതാക്കളുമായുള്ള സന്ദർശനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം
മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാൽ, മന്ത്രി രാജന്റെ നിർദ്ദേശം പോലും ചെവിക്കൊള്ളാതെ പൊലീസുകാർ പൂരം കലക്കിതിന് പിന്നിൽ എ.ഡി.ജി.പിയാണെന്ന ആരോപണം എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ
പി.സി.ചാക്കോ ചൂണ്ടിക്കാട്ടി. ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തി എ.ഡി.ജി.പിയെ സസ്‌പെന്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ.ഡി.ജി.പിയുടെ സന്ദർശനം സംബന്ധിച്ചുയരുന്ന വിവാദങ്ങളുടെ ലക്ഷ്യം താനാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കുറെ നാളുകളായി തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ നിരന്തര ആരോപണങ്ങൾ പ്രതിപക്ഷവും മാദ്ധ്യമങ്ങളും ചേർന്ന് ഉന്നയിക്കുകയാണ്. ഇതു കൊണ്ടൊന്നും താൻ തളരില്ല. സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരില്ല. ആരോപണത്തിന്റെ പേരിൽ മാത്രം ഒരുയർന്ന ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്നും മാറ്റി നിറുത്താനാവില്ല. കൂടിക്കാഴ്ചയും അന്വേഷിക്കാമെന്നും , ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞതോടെ ,ഘടകകക്ഷികൾ വഴങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |