(വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പിൽ ഉയർന്ന ജനരോഷത്തെ പ്രമുഖ സാമൂഹ്യ നിരീക്ഷകൻ ഡിജോകാപ്പൻ വിശകലനം ചെയ്യുന്നു.)
ചെറിയൊരു ഹാളിൽ ഭൂരിപക്ഷം ഉദ്യോഗസ്ഥരും ചെറിയ ശതമാനം ഉപഭോക്താക്കളും പങ്കെടുക്കാറുള്ള വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അദാലത്തിൽ എന്തു കൊണ്ടാണ് ഹാളുകൾ നിറഞ്ഞ് ആളുകൾ എത്തുന്നതെന്ന് ഇനിയെങ്കിലും കെ.എസ്.ഇ.ബി മനസിലാക്കണം. അമിത ശമ്പളവും പെൻഷനും ധൂർത്തും നടത്താൻ സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന വൈദ്യുത ചാർജ് വർദ്ധനവിനെതിരായ ജനവികാരമാണ് അദാലത്തുകളിൽ മുഴങ്ങിക്കേൾക്കുന്നത്.
ബോർഡിന്റെ കണക്കുളെല്ലാം പൊളിക്കുകയായിരുന്നു ഉപഭോക്താക്കൾ. പുറത്തു നിന്ന് വൈദ്യുതി യൂണിറ്റിന് 5.27 മുതൽ 12 രൂപയ്ക്ക് വരെ ബോർഡ് വാങ്ങുമ്പോൾ പുരപ്പുറ സോളാർ പദ്ധതിയനുസരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നവർക്ക് 3.15 പൈസ മാത്രമേ നൽകുന്നുള്ളൂ. പണമില്ലെന്ന കാരണത്താൽ ബോർഡ് നിക്ഷേപങ്ങൾ നടത്തുന്നില്ല. ലക്ഷങ്ങൾ മുടക്കി പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കുന്നവർക്ക് കൂടുതൽ പണം നൽകുന്നുമില്ല. 2030ൽ വൈദ്യുതി ഉപഭോഗത്തിന്റെ അമ്പത് ശതമാനം മറ്റ് സോഴ്സുകളിൽ നിന്ന് കണ്ടെത്തണമെന്നാണ് കേന്ദ്ര നിർദ്ദേശം. ആവശ്യമായ വൈദ്യുതിയുടെ അഞ്ച് ശതമാനം പാരമ്പര്യേതര മാർഗങ്ങളിലൂടെ ഉത്പാദിപ്പിക്കണമെന്ന് 2008ൽ റെഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ മൊത്തം വൈദ്യുതിയുടെ 0.2 മാത്രമേ പുരപ്പുറ സോളാർ പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്നുള്ളൂ.
എന്നിട്ടും നഷ്ടം പുരപ്പുറ സോളാർ പദ്ധതി കാരണമെന്നാണ് ബോർഡ് പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 158.81 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുരപ്പുറ സോളാർ പദ്ധതിയിലൂടെ ഉത്പാദിപ്പിച്ചു. കഴിഞ്ഞ വർഷം കേരളത്തിന്റെ വൈദ്യുതി ആവശ്യം 30938 ദശലക്ഷം യൂണിറ്റായിരുന്നു.വിവിധ പദ്ധതികൾ പൂർത്തിയാക്കാൻ ഹൈക്കോടതി സമയം നിശ്ചയിച്ചെങ്കിലും അതും നടപ്പായില്ല. ഈ വിഷയത്തിൽ കമ്മിഷൻ ബോർഡിനോട് വിശദീകരണം തേടാനുള്ള തീരുമാനം നല്ലതാണ്.
പുതിയ കേന്ദ്ര വൈദ്യുതി നിയമപ്രകാരം പ്രവർത്തന നഷ്ടം നികത്താൻ നിരക്ക് കൂട്ടാൻ അനുവാദമില്ല. സമ്മർ താരിഫ് , താരിഫ് തത്വത്തിന് എതിരാണ്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടി പ്രയോജനമുള്ള ട്രാൻസ് ഗ്രിഡ് പദ്ധതിക്ക് സംസ്ഥാനമാണ് കൂടുതൽ തുക മുടക്കിയത്. കിഫ്ബിയിൽ നിന്ന് 1682 കോടിയും, കെ.എസ്.ഇ.ബി 255 കോടിയും കേന്ദ്ര ഗ്രാന്റ് 609 കോടിയുമാണ്. എന്നാൽ ലാഭ വിഹിതം ചോദിച്ചു വാങ്ങിയില്ല. വൻകിടക്കാരുടെ കുടിശികയും പിരിക്കുന്നില്ല. ക്രിയാത്മക ഇടപെടലുകൾ നടത്താതെ ഭാരം മുഴുവൻ ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ല.
വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത ഉപഭോക്താവ് അദാലത്തിൽ പറഞ്ഞത് ഇങ്ങനെ '' ചൈന അമ്പത് വർഷം ഗ്യാരന്റിയുള്ള ബാറ്ററി ഉടനെ വിപണിയിലിറക്കും. പകൽ സോളാറിൽ നിന്ന് വൈദ്യുതി സൂക്ഷിച്ചാൽ രാത്രി ബോർഡിനെ ആശ്രയിക്കാതിരിക്കാം'' .അത് എല്ലാവരും നടപ്പാക്കിയാൽ ഭാവിയിൽ ബോർഡിന്റെ ആവശ്യമേയില്ലാതാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |