ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും പൊതുവിലും തൊഴിലാളിവർഗ്ഗ വിപ്ലവപ്രസ്ഥാനത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.
അങ്ങേയറ്റത്തെ ദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സഖാവ് സീതാറാം വിട പറഞ്ഞു എന്ന വിവരം അറിഞ്ഞത്. സീതാറാമുമായി ഒരുമിച്ച് കേന്ദ്ര കമ്മിറ്റിയിലും പി.ബിയിലും ഒക്കെ പ്രവർത്തിച്ചതിന്റെ നിരവധിയായ സന്ദർഭങ്ങൾ തുടർച്ചയായി മനസ്സിലേക്കെത്തുന്ന ഘട്ടമാണിത്.
സമാനതകളില്ലാത്ത മാർക്സിസ്റ്റ് സൈദ്ധാന്തികനും ബുദ്ധിജീവിയുമായിരുന്നു സീതാറാം യെച്ചൂരി. സീതാറാമിന്റെ അസാധാരണമായ നേതൃത്വശേഷിയും സംഘടനാപാടവവും പ്രത്യയശാസ്ത്ര വ്യക്തതയും കേരളത്തിലെ പാർട്ടിക്ക് എന്നും മാർഗ്ഗനിർദ്ദേശകമായിരുന്നിട്ടുണ്ട്. വൈഷമ്യങ്ങളിൽ നിന്ന് പാർട്ടിയെ വീണ്ടെടുക്കാനും സൈദ്ധാന്തികവും സംഘടനാപരവുമായ ഗരിമയിലൂടെ പ്രസ്ഥാനത്തെ മുമ്പോട്ടു നയിക്കാനും സഖാവിന്റെ ഇടപെടലുകൾ എക്കാലത്തും കേരളത്തിലെ പാർട്ടിക്ക് പ്രയോജനകരമായിട്ടുണ്ട്.
സി.പി.എമ്മിന്റെ രാഷ്ട്രീയ അടവ് തന്ത്ര സമീപനങ്ങൾ മാറുന്ന ദേശീയ സാർവ്വദേശീയ സാഹചര്യങ്ങൾക്കനുസൃതമായി രൂപപ്പെടുത്തുന്നതിൽ സവിശേഷമായ മികവോടെയുള്ള പങ്കാണ് സീതാറാം എന്നും വഹിച്ചിരുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് ബുദ്ധിമുട്ടേറിയ രാഷ്ട്രീയ ഘട്ടങ്ങളിൽ സീതാറാം യെച്ചൂരി പാർട്ടിയെ നയിച്ചത് മാതൃകാപരമായ രീതിയിലാണ്. ആധുനിക മുതലാളിത്തത്തിന്റെയും നവലിബറലിസത്തിന്റെയും കാലത്ത് കൃത്യമായ സൈദ്ധാന്തിക വ്യക്തതയോടെ ശരിയായ നയം രൂപീകരിക്കുന്നതിലും സുദൃഢമായ അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിലും പുതിയ ജനവിഭാഗങ്ങളിലേക്ക് പാർട്ടിയുടെ സ്വീകാര്യതയെ വ്യാപിപ്പിക്കുന്നതിലും സീതാറാം വഹിച്ച നേതൃത്വപരമായ പങ്ക് പാർട്ടിക്ക് ഒരിക്കലും മറക്കാവുന്നതല്ല.
അടിയന്തരാവസ്ഥയുടെ അമിതാധികാര സ്വേച്ഛാധിപത്യ കാലത്താണ് അതിനെ അതിശക്തമായി എതിർത്തുകൊണ്ട് സീതാറാം വിദ്യാർത്ഥി നേതാവെന്ന നിലയിൽ ദേശീയ ശ്രദ്ധയിലേക്കുയർന്നത്. അടിയന്തരാവസ്ഥയുടെ മറവിൽ അതിനിഷ്ഠൂരമായ കിരാതവാഴ്ചകൾ വ്യാപിച്ചപ്പോൾ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയിലേക്ക് ജെ.എൻ.യു ചാൻസലർ സ്ഥാനത്തു നിന്നുള്ള അവരുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്, അടിയന്തരാവസ്ഥയെ വെല്ലുവിളിച്ച്, വിദ്യാർത്ഥികളുടെ സമരജാഥയ്ക്ക് നേതൃത്വം നൽകിയ ആളാണ് സീതാറാം. ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തുടർച്ചയായി 3 തവണ തിരഞ്ഞെടുക്കപ്പെട്ടതും ഇന്നേവരെ മറ്റൊരാൾക്കും അത് സാധിച്ചിട്ടില്ല എന്നതും വിദ്യാർത്ഥി സമൂഹത്തിലെ സീതാറാമിന്റെ അസാധാരണമായ സ്വീകാര്യതയ്ക്കുള്ള ദൃഷ്ടാന്തമാണ്. സീതാറാം എല്ലാ അർത്ഥത്തിലും ഒരു ജനകീയ പാർലമെന്റേറിയനായിരുന്നു. പുറത്തുനടക്കുന്ന ജനകീയ സമരങ്ങളുടെ പ്രതിധ്വനികൾ പാർലമെന്റിൽ ഉണ്ടാവേണ്ടതുണ്ട് എന്ന് അദ്ദേഹം വിശ്വസിച്ചു. പാർലമെന്റ് ആദ്യമായും അടിസ്ഥാനപരമായും അഭിസംബോധന ചെയ്യേണ്ടത് പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ജനവിഭാഗങ്ങൾ നേരിടുന്ന ഗുരുതരമായ ജീവൽപ്രശ്നങ്ങളാണെന്ന കാര്യത്തിൽ സീതാറാമിന് സംശയമേ ഉണ്ടായിരുന്നില്ല. സഭാതലത്തിൽ സീതാറാം നടത്തിയ ഇടപെടലുകളും പ്രസംഗങ്ങളും രാജ്യമാകെ, ജനങ്ങളാകെ ശ്രദ്ധിക്കുന്ന തരത്തിലായി.
സി.പി.എമ്മിനെ സുശക്തമാക്കാനും അതിന്റെ സ്വീകാര്യത പുതിയ ജനവിഭാഗങ്ങളിലേക്ക് എത്തിക്കാനും വിശ്രമരഹിതമായാണ് സീതാറാം ഓടിനടന്ന് പ്രവർത്തിച്ചത്. ആ പ്രവർത്തനങ്ങൾക്കിടയിൽ തന്റെ ആരോഗ്യത്തെപ്പോലും സീതാറാം മറന്നു. വ്യക്തിപരമായ നഷ്ടങ്ങൾക്കും വേദനകൾക്കുമിടയിലും സമൂഹവും പാർട്ടിയും തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ കൃത്യമായി പൂർത്തീകരിക്കുന്നതിൽ പ്രതിബദ്ധതയോടെ നിന്നു അദ്ദേഹം.
സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അദ്ദേഹത്തോടൊപ്പം നീണ്ടകാലം ഒരുമിച്ചു പ്രവർത്തിച്ചു എന്നത് എന്റെ ജീവിതത്തിലെ പ്രധാന ഏടുകളിലൊന്നാണ്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാര്യമെടുത്താൽ കഴിഞ്ഞ 8 വർഷവും അദ്ദേഹത്തിന്റെ മാർഗനിർദ്ദേശവും പിന്തുണയും വളരെ വിലപ്പെട്ടതായിരുന്നു. അതുകൂടിയാണ് ഇപ്പോൾ നഷ്ടമാകുന്നത്.
ഈ വിയോഗം എനിക്കു വ്യക്തിപരമായും വലിയ നഷ്ടമാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ്. അതീവ ദുഃഖത്തോടെ കുടുംബത്തെയും പാർട്ടി സഖാക്കളെയും ഞാൻ അനുശോചനം അറിയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |