കണ്ണൂർ: ഇൻഡിഗോ വിമാനക്കമ്പനിയെ ബഹിഷ്‌കരിക്കുന്നത് അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണാൻ വേണ്ടി ഡൽഹിക്ക് പറക്കാൻ വേണ്ടിയാണ് ഇപി ജയരാജൻ ഇൻഡിഗോ വിമാനം തിരഞ്ഞെടുത്തത്. കരിപ്പൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ജയരാജൻ ഡൽഹിക്ക് പറന്നത്.
കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇപി തള്ളിയിട്ടതിനെത്തുടർന്ന് വിമാനക്കമ്പനി മൂന്ന് ആഴ്ചത്തേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ഇപി ബഹിഷ്‌കരണം ആരംഭിച്ചത്. പിന്നാലെ വിലക്ക് പിൻവലിച്ചെങ്കിലും പിന്നീട് അവരുടെ വിമാനത്തിൽ യാത്ര ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നില്ല. കമ്പനി നിരവധി തവണ ജയരാജനെ ബന്ധപ്പെട്ടെങ്കിലും വഴങ്ങാൻ അദ്ദേഹം തയ്യാറായില്ല. പിന്നീട് കണ്ണൂരിലേക്ക് ട്രെയിനിലായിരുന്നു യാത്ര.
ഇതിനിടെ, ഇപി ജയരാജൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതോടെ പദവികൾ ഇല്ലാത്ത അവസ്ഥയിലായതിനാലാണ് രാഷ്ട്രീയം മതിയാക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിനുള്ള ആദ്യപടിയായി നേതൃത്വത്തിന് അവധി അപേക്ഷ നൽകാനും സാദ്ധ്യതയുണ്ടത്രേ.
കിട്ടുന്ന പെൻഷനും വാങ്ങി വീട്ടിലിരുന്നാലെന്താ എന്ന ചിന്തയിലാണെന്ന് അദ്ദേഹം സമീപകാലത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.അതിനിടെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയേക്കും എന്നും കേൾക്കുന്നുണ്ട്. എന്നാൽ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായി തുടരുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |