മോഹൻലാൽ എന്ന നടൻ എത്രയോ വർഷങ്ങളായി മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അഭിനയത്തിൽ ഇതിഹാസം രചിച്ച ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും മികച്ച നടന്മാരുടെ പട്ടികയിൽ മുൻ നിരയിലാണ് മോഹൻലാലിന്റെ സിംഹാസനം. ഈ ഓണക്കാലത്ത് മോഹൻലാലുമായി നടത്തിയ ദീർഘ സംഭാഷണം അതീവ ഹൃദ്യമായിരുന്നു. അതിന്റെ ആദ്യ ഭാഗമാണ് ചുവടെ. ഓണത്തിൽ നിന്നാണ് സംസാരം തുടങ്ങിയത്.
' ഒരുപാട് വർഷങ്ങളായി ഓണം വീട്ടിൽ അമ്മയുടെ കൂടെയാണ്. ഒരിക്കലും അത് മിസ് ആകാതിരിക്കാൻ നോക്കും. ഇപ്പോൾ അമ്മയ്ക്ക് അസുഖമൊക്കെയായി വിശ്രമത്തിലാണ്. എങ്കിലും അമ്മയോടൊപ്പം ചെലവഴിക്കാനാണ് ഇഷ്ടം. പണ്ട് അമ്മ ആരോഗ്യവതിയായിരുന്നു. അപ്പോൾ കുറച്ചുകൂടി സമയം കിട്ടുമായിരുന്നു. കൂടുതൽ ആൾക്കാർ വരും. ഇപ്പോൾ പഴയതു പോലെയില്ല. ഒരുപാടുപേർ നഷ്ടപ്പെട്ടു പോയി. അച്ഛൻ പോയി. സഹോദരൻ പോയി. അങ്ങനെ ഓരോരോ ആൾക്കാർ കൊഴിഞ്ഞു പോവുകയാണ്.
ഈയിടെ അമ്മയുടെ പിറന്നാളിന് കുഞ്ഞ് ഗായകൻ ആവിർഭവിന്റെ പാട്ട് ഒക്കെ കേട്ടു?
വിമാനത്തിൽ വച്ച് യാദൃച്ഛികമായി കണ്ട്, ക്ഷണിച്ചു വീട്ടിൽ വന്നതാണ്. അമ്മയുടെ മുന്നിൽ പാട്ടുപാടി. അമ്മ ഇത്തരം പ്രോഗ്രാമുകൾ കാണും. എന്റെ അമ്മ പാടുമായിരുന്നു. ഇപ്പോൾ അമ്മയ്ക്ക് പാടാൻ പറ്റില്ല. പാടാൻ ചുണ്ടനക്കും. എന്നാൽ പാട്ടുകൾ കേൾക്കാനിഷ്ടമാണ്. ഒരുപാട് കുട്ടികൾ വന്നു പാടാറുണ്ട്. അമ്മയെ ചികിത്സിക്കുന്ന ഡോക്ടർമാരുണ്ട്. അവരൊക്കെ വീട്ടിൽ വന്ന് അമ്മയ്ക്കൊപ്പമിരുന്ന് പാടാറുണ്ട്. അങ്ങനെ സൗഹൃദമുള്ള ഒരാളാണ് അമ്മ.
കുട്ടിക്കാലത്തെ ഓണം. അച്ഛനും അമ്മയും ഓണക്കോടി വാങ്ങിച്ചുതന്ന കാലം?
അന്നൊക്കെ ഓണക്കോടി കിട്ടുകയെന്നു പറയുന്നത് വലിയ കാര്യമല്ലേ. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരുപാട് ഡ്രസ്സൊക്കെയുള്ള ഒരാൾ ആയിരുന്നില്ല ഞാൻ . അച്ഛൻ ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്നു. വളരെ ലിമിറ്റഡ് ആയുള്ള കാര്യങ്ങളേയുള്ളൂ, ആ സമയത്ത്. ഓണത്തിനു കിട്ടുക എന്നതും, അത് സമയത്ത് തയ്ച്ചുകിട്ടുക എന്നതുമൊക്കെ ഏറ്റവും പ്രധാനമായിരുന്നു . ആ സമയത്തൊക്കെ ഞങ്ങൾ നാട്ടിൽ പോകും. പത്തനംതിട്ട ഇലന്തൂർ. അവിടെ കസിൻസൊക്കെ ഉണ്ടായിരുന്നു . ഏതാണ്ട് കോളേജ് കഴിഞ്ഞയുടൻ ഞാൻ സിനിമയിൽ വന്നു. പിന്നീട് പോകാൻ സമയം കിട്ടാതായി. ആ സ്ഥലങ്ങളൊക്കെ വിറ്രുപോയി. കുട്ടിക്കാലത്തെ ഓർമ്മകൾ കണ്ണടച്ചാൽ കിട്ടും. നമ്മൾ അവിടെ വള്ളംകളി കാണാൻ പോയതും നീന്താൻ പോയതും.... അങ്ങനെ ഒരുപാട് ഓർമ്മകളുണ്ട്.
മക്കൾക്കൊക്കെ ഓണക്കോടി വാങ്ങി നൽകാറുണ്ടോ? അവരെ ആ സമയത്ത് കിട്ടുമോ?
എന്റെ രണ്ടു മക്കളും ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. ഊട്ടിയിലെ ഹെബ്രോൺ സ്കൂളിൽ. ആ സമയത്ത് ഓണം അവരുടെ കലണ്ടറിൽ വരുന്ന കാര്യമേയായിരുന്നില്ല. രണ്ടുപേർക്കും ഓണക്കോടി എന്നൊരു സങ്കല്പവും അതിനാൽ ഉണ്ടായിരുന്നില്ല. ഓണത്തിന് വീട്ടിൽ വരികയെന്നൊക്കെയുള്ള കാര്യവുമില്ല. എന്റെ മകൻ ഇപ്പോൾ ജർമ്മനിയിലാണ്. മകൾ തായ്ലാൻഡിലും. ഓണമെന്നു പറഞ്ഞ് അവരെ വിളിച്ചു വരുത്തേണ്ട കാര്യമില്ലല്ലോ. അവർപുതിയ തലമുറയാണ്. ഓണത്തിനെക്കുറിച്ച് കാര്യങ്ങളൊക്കെ അറിയാം.
നമ്മുടെ കുട്ടിക്കാലത്ത് അച്ഛൻ, അമ്മ, അപ്പൂപ്പൻ, മുത്തശ്ശി, അപ്പച്ചി, അമ്മാവൻ.... അവരുടെ ഒരു പ്രഭാവലയത്തിൽ, അവരുടെ സ്നേഹവലയത്തിൽ കിടന്നാണ് നമ്മൾ വളർന്നത്. ഈ കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെയൊരു സന്ദർഭം ഉണ്ടായിട്ടില്ല. ഞാൻ മദ്രാസിലാണല്ലോ. അവർക്ക് അച്ഛൻ, അമ്മ എന്നേയുള്ളൂ. നമുക്കു കിട്ടിയതൊക്കെ അവർക്കും കിട്ടണമെന്ന് ആഗ്രഹിച്ചിട്ടു കാര്യമില്ല. അവരുടേതായ രീതിയിൽ ജിവിക്കുന്നവരാണ്. അവർക്ക് അവരുടേതായ ഒരുപാട് കാര്യങ്ങളുണ്ട്. പിന്നെ എന്റെ കുട്ടികൾ ഇങ്ങനെയുള്ള കാര്യങ്ങളിലൊന്നും പ്രത്യേകിച്ച് ഒരു അഭിനിവേശം ഉള്ളവരുമല്ല.
ബറോസിന്റെ വിശേഷങ്ങൾ?
എന്റെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും പ്ളാൻഡ് ആയി നടന്നിട്ടുള്ളതല്ല. ഉദാഹരണത്തിന് 'കർണ്ണഭാരം" എന്ന സംസ്‌കൃത നാടകം. അത് ഒരിക്കലും ഞാൻ ചെയ്യുമെന്ന് കരുതിയതല്ല. എങ്ങനെ ചെയ്‌തുവെന്നും അറിയില്ല. 'വാനപ്രസ്ഥം" എന്ന സിനിമയിൽ കഥകളി നടനായിട്ടുള്ള അഭിനയവും അതുപോലെയാണ്. വിസ്മയം എന്നു പറയുന്നത് അതൊക്കെയാണ്. അങ്ങനെ ഒരുപാടു വിസ്മയങ്ങൾ നിറഞ്ഞതാണ് ജീവിതം. നമ്മൾക്ക് ചെയ്യാൻ പറ്റാത്ത ഒരു കാര്യം ചെയ്യുകയെന്ന ആഗ്രഹത്താൽ ആലോചിച്ചതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് 'ബറോസ്." അത് എങ്ങനെ ഉണ്ടായി എന്നു ചോദിച്ചാൽ , ഞാൻ ടി.കെ. രാജീവ്‌കുമാറുമായി ഒരുപാട് പ്രോജക്ടുകൾ ചെയ്തിട്ടുണ്ട്. ആരും ചെയ്യാത്ത, ഒരു ത്രീഡി നാടകം സാദ്ധ്യമാണോയെന്ന് ഞങ്ങൾ നോക്കി. കണ്ണാടിവച്ചു കാണുന്ന ഒരു ത്രിഡി നാടകം. അത് അത്ര എളുപ്പമല്ല. ഇന്ത്യയിൽ ആരും ചെയ്തിട്ടില്ല.
ആദ്യത്തെ ത്രിഡി സിനിമ ചെയ്തത് 'നവോദയ"യാണ്. ടി.കെ. രാജീവ്‌കുമാറും അതിന്റെ ഭാഗമായിരുന്നു. അവരുമായി ചർച്ചകൾ നടത്തി. പക്ഷേ കോസ്റ്റ് ഫാക്ടർ വളരെ കൂടുതലാണ്. നാടകമാകുമ്പോൾ ഓരോ സ്ഥലങ്ങളിലേക്കും മാറിപ്പോകണം. ഭയങ്കരമായ ഇൻവെസ്റ്റ‌്‌മെന്റ് വരുന്നതുകൊണ്ട് ഒടുവിൽ വേണ്ടെന്നു വച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ജിജോ പറയുന്നത്, അദ്ദേഹത്തിന്റെ കൈയിൽ ഒരു സ്റ്റോറി ലൈൻ ഉണ്ടെന്ന്. അതൊരു ത്രിഡി ഫിലിമാക്കി ചെയ്യാമെന്നും. ജിജോയാണ് ആദ്യ ത്രിഡി ഫിലിം ചെയ്തത്. 40 വർഷമായി. ഒരുപാട് ഫോറിനേഴ്സ് ഒക്കെ ആക്ട് ചെയ്യേണ്ട സിനിമയാണ്. 'ബറോസി"ൽ സ്‌പെയിൻ, പോർച്ചുഗൽ, ഗ്രീസിൽ നിന്നുള്ള ആക്ടേഴ്സ് ഒക്കെ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യക്കാരില്ല, ഞാനേയുള്ളൂ. ഞാനും ഒന്നോ രണ്ടോ പേരും.
ആ രണ്ടുപേരിൽ പ്രണവുണ്ടോ?
ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞാൽ അതിന്റെ രസം പോയില്ലേ. സിനിമ കണ്ടുനോക്കൂ. അങ്ങനെ അതിന്റെ കഥയൊക്കെ ആയപ്പോൾ ജിജോ പറഞ്ഞു. ഈ സിനിമ താൻ ചെയ്യുന്നില്ലെന്ന്. ഇതിലും വലിയ സിനിമയാണ് അദ്ദേഹത്തിന്റെ മനസിൽ. വേറെ ആരു ചെയ്യുമെന്നായി. ഞാൻ നവോദയയിലൂടെ, 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി"ലൂടെ സിനിമയിൽ വന്നതാണല്ലോ (തിരനോട്ടം മുമ്പ് ചെയ്തെങ്കിലും). ഇതൊരു വലിയ ചാൻസാണ്. അപ്പോൾ ഞാൻ സംവിധാനം ചെയ്യാമെന്നു പറഞ്ഞു. ഞങ്ങളുടെ തന്നെ പ്രൊഡക്‌ഷനിൽ ചെയ്യാമെന്നും പറഞ്ഞു. അല്ലാതെ നേരത്തേ നിശ്ചയിച്ചതായിരുന്നില്ല. അതിൽ ഒരുപാട് സാദ്ധ്യതകളുണ്ട്. അതൊരു ത്രിഡി ഫിലിമാണ്, ചിൽഡ്രൻ സൗഹൃദ ചിത്രമാണ്.
കുട്ടികളുടെ ചിത്രമാണോ?
അങ്ങനെ പറയാൻ പറ്റില്ല. നമ്മളിലെ മുതിർന്ന കുട്ടികൾക്കും ആസ്വദിക്കാനാകും. അങ്ങനെ 'ബറോസ്" തുടങ്ങി. ജിജോയായിരുന്നു മേൽനോട്ടം. കുറച്ചു കഴിഞ്ഞപ്പോൾ ആ സിനിമയിൽ ചില മാറ്റങ്ങൾ വരുത്തി. കഥയിൽ മാറ്റങ്ങൾ വരുത്താൻ ജീജോ സമ്മതം നൽകി. അദ്ദേഹം പിൻമാറുകയും ചെയ്തു. ഷൂട്ടിംഗ് തുടങ്ങിയപ്പോഴേക്കും കൊവിഡ് വന്നു. ഇതിലെ പ്രധാന വേഷം ചെയ്യുന്ന കുട്ടി യു.എസിൽ നിന്നായിരുന്നു. ഒരു വർഷം അവർ നിന്ന് ഏതാണ്ട് മുഴുവൻ ഡയലോഗും കാണാതെ പഠിച്ചു. എല്ലാം റെഡിയായപ്പോഴേക്കും അവർക്കു തിരിച്ചുപോകേണ്ടിവന്നു. വീണ്ടും വന്നു. പക്ഷേ സ്‌കൂളിന്റെ പ്രശ്നമൊക്കെ ഉള്ളതിനാൽ തിരിച്ചു പോയി. കൊവിഡ് വാക്‌സിനേഷനെ ഒക്കെ എതിർക്കുന്ന ഒരു വിഭാഗം അമേരിക്കയിലുണ്ട്. അവർ അതിൽപ്പെട്ട ആൾക്കാരാണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഒക്കെ കാണിക്കണമല്ലോ. അതുകൊണ്ട് ട്രാവൽ ചെയ്യാൻ പറ്റില്ല. അങ്ങനെ ഒരു പുതിയ കുട്ടി വന്നു. ഒരു ഹാഫ് ബ്രിട്ടീഷ് ഗേൾ.
ഇതൊരു ഇന്റർനാഷണൽ സിനിമയാണോ?
അങ്ങനെയാകണം. ഒരു കുട്ടിയുടെയും ഗോസ്റ്റിന്റെയും കഥയാണ്. സംഗീതത്തിന് വലിയ പ്രാധാന്യമാണ്. അങ്ങനെ നോക്കിയപ്പോഴാണ് ലിഡിയൻ നാഗസ്വരം എന്നൊരു ബാലൻ ഉണ്ടെന്നറിഞ്ഞത്. അന്ന് 12 വയസ്സേ ഉള്ളൂ. പ്രോഡിജിയാണ്. അയാളെ കിട്ടി. മ്യൂസിക് കമ്പോസ് ചെയ്തു. ആ മ്യൂസിക് ചെയ്തത് ഗ്രീസിലെ മസഡോണയിലാണ്. പാട്ടുകൾ മിക്സ് ചെയ്തത് യു.കെയിലാണ്. അതിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചത് ലൊസാഞ്ചലസിലുള്ള പ്രസിദ്ധനായ കമ്പോസർ മാർക്ക് കിലിയൻ. അത് യു.കെയിലും ബുഡാ പെസ്റ്റിലുമൊക്കെയായിരുന്നു.
ആദ്യ സംവിധാന സംരംഭം വളരെ സവിശേഷതകൾ ഉള്ളതാണല്ലോ?
അക്കാഡമി അവാർഡുകൾക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവരാണ് അണിയറയിൽ പ്രവർത്തിച്ചത് . ക്യാമറ ചെയ്തിരിക്കുന്നത് സന്തോഷ് ശിവനാണ്. അദ്ദേഹം ഇപ്പോൾ ലോകത്തെ മികച്ച ക്യാമറാമാൻമാരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. പിയർ ആഞ്ചനിയോ പുരസ്കാരം നൽകി ആദരിക്കപ്പെട്ടിരിക്കുകയാണ്.
താങ്കളുടെ വഴിത്തിരിവായ ചിത്രങ്ങൾ- കലാപാനി, വാനപ്രസ്ഥം, ഇരുവർ, ഇപ്പോൾ ബറോസും, യോദ്ധയുമടക്കം ഛായാഗ്രഹണം
സന്തോഷ് ശിവൻ ആയിരുന്നല്ലോ?
എല്ലാത്തിനും അദ്ദേഹത്തിന് നാഷണൽ അവാർഡാണ്. സന്തോഷ് ശിവനും ഇതൊരു പുതിയ അനുഭവമാണ്. ത്രിഡി ചെയ്തിട്ടില്ല. നമ്മൾ ത്രിഡിയെന്നു പറഞ്ഞു ചെയ്യുന്നത് യഥാർത്ഥത്തിൽ ടൂഡിയാണ്. സാധാരണ അതിനെ ത്രിഡിയാക്കുന്നതാണ്. ബറോസിൽ അങ്ങനെയല്ല. ത്രിഡി ക്യാമറ തന്നെയാണ്. രണ്ട് ക്യാമറ രണ്ടു കണ്ണുകൾ പോലെ. അതിനെ അലൈൻ ചെയ്യും. ഇതിന്റെ പ്രത്യേകത എന്നു പറഞ്ഞാൽ ഞാനും ഒപ്പം ഒരു ആനിമേറ്റഡ് ക്യാരക്ടറും ഉണ്ടാകും. അത് ഇന്ത്യൻ സിനിമയിൽ ഇതുവരെ വന്നിട്ടില്ല.
ബറോസ് താങ്കൾ അവതരിപ്പിക്കുന്ന കഥാപാത്രമാണോ?
അതെ. കാപ്പിരി മുത്തപ്പൻ എന്ന ഒരു മിത്താണത്. ഒരു പോർച്ചുഗൽ കഥയാണ്. 120 വർഷം പോർച്ചുഗൽ കൊച്ചി ഭരിച്ചിട്ടുണ്ട്. കഥ നടക്കുന്നത് ഗോവയിലാണ്. ലിസ്‌ബണെക്കാളും അവർക്ക് ഇഷ്ടമുള്ള സ്ഥലമാണ് ഗോവ. അവിടെ പ്രത്യേക സമയത്ത് ഒരു കാറ്റുണ്ട്. കപ്പൽ അവിടെയിട്ടാൽ ആ കാറ്റ് കപ്പലിനെ കറക്ടായി ഗോവയിലെത്തിക്കും. അങ്ങനെ അവർ ഇവിടെ വന്ന് സെറ്റിൽ ചെയ്തു. അനധികൃതമായി സമ്പാദിച്ചതും കൊള്ളയടിച്ചതുമായ ഒരുപാട് നിധിയുണ്ട്. ഒരു സമയം ആയപ്പോൾ മറാഠായുടെ ആക്രമണം വന്നു. അപ്പോൾ ഈ നിധിയൊക്കെ കൊണ്ടുപോകാൻ പറ്റാതെ, അവിടെനിന്ന് പിടിച്ചുകൊണ്ടുപോയ അടിമകളിൽ ഒരാളെ കൊന്ന് ഭിത്തിയിൽ ഒട്ടിക്കും. ആഫ്രിക്കൻ മന്ത്രവാദത്തിലൂടെയാണത്. അയാൾ ഒരു ഗോസ്റ്റായി മാറിയിട്ട് അയാളാണ് ഇവരുടെ അനന്തരാവകാശികൾ വരുന്നതുവരെ ഈ നിധി സംരക്ഷിക്കുന്നത്. ആ ഗോസ്റ്റാണ് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം. ആ ഗോസ്റ്റും ഒരു കുട്ടിയുമായുള്ള കഥയാണ്.
പ്രധാന വേഷവും അവതരിപ്പിക്കുന്നു, സംവിധാനവും ചെയ്യുന്നു?
നമ്മുടെ കൂടെ വർക്ക് ചെയ്യുന്ന സന്തോഷ് ശിവനായാലും രാജീവായാലും ഒരുപാട് വർഷത്തെ പരിചയമുള്ളവരല്ലേ. സാങ്കേതിക വശങ്ങൾ ഏറെയുണ്ടല്ലോ. ഷോട്ട് എടുക്കുന്ന രീതിവരെ പ്രത്യേകമാണ്. കുട്ടികൾക്ക് ഇഷ്ടപ്പെടണമെന്നതിനാൽ രക്തച്ചൊരിച്ചിൽ രംഗങ്ങൾ ഇല്ല. ചില സിനിമകൾ ഉണ്ടല്ലോ- വല്ലാത്ത വയലൻസും ഒക്കെയായി. ഇത് അങ്ങനെ ഒരു ചിത്രമല്ല. ഒരു ഇന്റർനാഷണൽ സിനിമയുടെ ഫോർമാറ്റിലേക്കു മാറി.
ഭാഷ?
ഇന്ത്യൻ ഭാഷകളിൽ മുഴുവൻ ചെയ്യാം. ഏത് വിദേശ ഭാഷയിലേക്കും ഡബ് ചെയ്യാം. ഇങ്ങനെയൊരു സിനിമ ആരും ചെയ്തിട്ടുണ്ടാവില്ല.
സിനിമ കൂട്ടായ്മയാണെങ്കിലും സംവിധായകന്റെ സൃഷ്ടിയല്ലേ?
എല്ലാമായിരിക്കുമല്ലോ. സംവിധായകനാണ് എല്ലാം തീരുമാനിക്കുന്നത്. അതിൽ ചില തർക്കങ്ങൾ ഉണ്ടാകാം. വിട്ടുവീഴ്ചകൾ ഉണ്ടാകും. എന്റെ സ്വതന്ത്ര ചിന്തയിൽ സംഭവിക്കുന്ന സിനിമയാണ്. അതിൽ എല്ലാവർക്കും പങ്കാളിത്തമുണ്ട്.
ദീർഘകാലമായി സിനിമയിൽ പ്രവർത്തിച്ചുവരുന്ന അനുഭവ പരിചയമുണ്ടല്ലോ?
ഒരുപാട് സിനിമകൾ നമ്മൾ അഭിനയിച്ചു. എങ്ങനെ വരുമെന്ന് ഒരു ധാരണ നമ്മൾക്കറിയാമല്ലോ. സാധാരണ സിനിമ ഷൂട്ട് ചെയ്യുന്നതുപോലെയല്ല ഇത്. വി എഫക്ട്സുകൾ പുറത്താണ് ചെയ്തത്. വ്യത്യസ്തമായ ഒരു സിനിമയാകും. ഒരു ആക്ടർ സംവിധാനം ചെയ്ത സിനിമയെന്ന നിലയിൽ ആ ധാരണയോടെ പോകുന്നവർക്ക് തികച്ചും വ്യത്യസ്തമായ സിനിമയായിരിക്കും. ഒരു ഇന്ത്യൻ സിനിമയായി പുറത്തൊക്കെ കാണിക്കാൻ പറ്റുന്ന ഒരു സിനിമയാകും.
ഇനിയും സിനിമകൾ സംവിധാനം ചെയ്യാനുള്ള ഒരു പ്രേരണ ബറോസിലൂടെ ലഭിക്കുന്നുണ്ടോ?
ഇതിലും വലിയ ഒരു സിനിമയേ ഇനി ചെയ്യാനാകൂ.
ആത്മവിശ്വാസം?
ഉണ്ടല്ലോ. അതിനാലാണല്ലോ ഈ സിനിമ ചെയ്തത്. ഈയൊരു സിനിമ ചെയ്താൽ ആത്മവിശ്വാസം ഉണ്ടാകും. ആ സിനിമയ്ക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. മൂന്നാലു വർഷം അതിനുവേണ്ടി പോയി. കൊവിഡ് മാത്രമല്ല. ഒരുപാട് വെല്ലുവിളികൾ നേരിട്ടു.
മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാൻ താത്‌പര്യമുണ്ടോ?
അങ്ങനെ സംഭവിക്കട്ടെ. ബറോസിന്റെ സബ്ജക്ട് വളരെ സ്ട്രെയിറ്റ് ആയിരുന്നതിനാലാണ് ചെയ്തത്. സന്തോഷ് ശിവനും ഇനി സിനിമ സംവിധാനം ചെയ്യണ്ടേയെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ഇതെന്റെ ജോലിയേ അല്ലായെന്ന്. അതിനൊക്കെ വേറെ ആൾക്കാരുണ്ട്. വളരെ വ്യത്യസ്തമായതിനാലാണ് കർണ്ണഭാരം എന്ന സംസ്‌കൃത നാടകം ഞാൻ ചെയ്തത്. ഇന്ത്യൻ സിനിമയിലെ വേറെ ആക്ടർമാർ ആരും ചെയ്തിട്ടില്ല. ബോംബെയിൽ ഇത് പെർഫോം ചെയ്തുകൊണ്ടിരിക്കുമ്പോൾ കാണാൻ നസറുദ്ദീൻ ഷാ, ശശികപൂറിന്റെ മകൾ ഒക്കെ വന്നിരുന്നു. 'ഞങ്ങൾക്ക് ഇത് പഠിക്കേണ്ടതാണ്. പക്ഷേ ചെയ്തിട്ടില്ലെന്നുമാണ് "നസറുദ്ദീൻ ഷാ പറഞ്ഞത്. അതൊരു ഭാഗ്യമാണ്. അനുഗ്രഹമാണ്. നമ്മുടെ ജീവിതയാത്രയിൽ ഇങ്ങനെയൊരു നിയോഗം കൂടിയുണ്ടെന്ന് അടയാളപ്പെടുത്തുന്ന ഒരു പ്രവൃത്തിയായിട്ടാണ് ഞാൻ അതിനെ കാണുന്നത്.
മമ്മൂട്ടി - മോഹൻലാൽ, മോഹൻലാൽ - മമ്മൂട്ടി മലയാള സിനിമയുടെ മുഖബിംബങ്ങളാണ്. ഈ ദീർഘകാലയളവിൽ മമ്മൂട്ടിയുടെ സാന്നിദ്ധ്യം മറ്റുള്ളവർ കരുതുന്നതുപോലെ മത്സരാധിഷ്ഠിതമായിരുന്നോ? പരസ്പരം അഭിനയം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ബാരോമീറ്റർ ആയിരുന്നോ?
ഞങ്ങൾ 52 സിനിമകൾ ഒരുമിച്ചു ചെയ്തിട്ടുണ്ട്. ഇനിയും സിനിമകൾ ചെയ്യാൻ തയ്യാറാണ്. അദ്ദേഹത്തിന്റെ സിനിമകളും എന്റെ സിനിമകളും തികച്ചും വ്യത്യസ്തമാണ്. അല്ലാതെ അദ്ദേഹത്തിന്റെ റോൾ എനിക്കു ചെയ്യാമെന്നോ, എന്റെ റോൾ അദ്ദേഹത്തിനു ചെയ്യാമെന്നോ ഞങ്ങൾ ചിന്തിച്ചിട്ടില്ല. അങ്ങനെയൊരു കാര്യങ്ങളും ഉണ്ടായിട്ടില്ല. പിന്നെ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് സിനിമ ചെയ്യുമ്പോൾ അതിന്റെ പ്രൊഡക്‌ഷനും ഒക്കെ എളുപ്പമല്ല. രണ്ടുപേർ ഒരു സിനിമ ചെയ്യുന്നതിലും നല്ലതല്ലേ, രണ്ടുപേർ രണ്ടു സിനിമ ചെയ്യുന്നത്.
അല്ലാതെ മത്സരം?
ഒരിക്കലും മത്സരിക്കേണ്ട കാര്യങ്ങൾ ഇല്ല. മലയാളത്തിൽ ഞങ്ങൾ വന്ന സമയം ഏറ്റവും നല്ല സമയമായിരുന്നു. അന്നുണ്ടായിരുന്ന എത്രയോ നല്ല ആക്ടേഴ്സ് പോയി. ഇപ്പോൾ ഉള്ളവർ മോശമെന്നല്ല പറയുന്നത്. ഒരുപാട് നല്ല സംവിധായകർ, കഥകൾ. അതൊരു സുവർണകാലം. അവരുടെയൊക്കെ അനുഗ്രഹത്തോടെ എത്തിപ്പെട്ടു എന്നു പറയുന്നതാകും ശരി. ഞാൻ എസ്.പി പിള്ള സാറിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. ശിവാജി സാറിന്റെ കൂടെ, നാഗേശ്വരറാവു സാറിന്റെ കൂടെ, അമിതാഭ് ബച്ചന്റെ കൂടെ, രാജ്‌കുമാർ സാറുമായി നല്ല സൗഹൃദമാണ്. ഞാൻ എം.ജി.ആറിനെ നേരിൽക്കണ്ട് സംസാരിച്ചിട്ടുണ്ട്. അവരുടെയൊക്കെ ഒരു അനുഗ്രഹം ഉണ്ട്. അതുപോലെ തന്നെ സ്‌ത്രീകളും. പത്മിനിയമ്മ... അങ്ങനെ. ഗോപിച്ചേട്ടനായാലും വേണുച്ചേട്ടനായാലും അവരുടെ ഒക്കെ കാര്യങ്ങൾ ഓർക്കുമ്പോൾ ഒരുപാട് സങ്കടം വരും. ഇതിലൊന്നും മത്സരിക്കേണ്ട കാര്യമില്ല. എന്തിനാണ് മത്സരിക്കുന്നത്. അതൊരു മനോഹരമായ ഫാമിലി പോലെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇപ്പോഴും അങ്ങനെയാണ്. അവരിൽ പലരും പോയതിനാൽ അതുപോലെയുള്ള സിനിമകൾ ഉണ്ടാകാൻ പ്രയാസമാണ്.
ഐ.വി. ശശി നിങ്ങൾ ഇരുവരേയും വച്ച് ഒരുപാട് സിനിമകൾ ചെയ്തു. അതുപോലെയുള്ള സംവിധായകർ
ഇല്ലാത്തതും അത്തരം സിനിമകൾ എടുക്കാതിരിക്കാൻ ഒരു കാരണമാണോ?
ശശിയേട്ടനുമായി എത്രയോ സിനിമ ചെയ്തു. അന്നത്തെ സബ്ജക്ടുകൾ ഒക്കെ അങ്ങനെയായിരുന്നു. ഇപ്പോഴുള്ളവർക്കും ചെയ്യാം. എന്തുകൊണ്ട് ചെയ്യുന്നില്ലെന്നു ചോദിച്ചാൽ ഞങ്ങൾക്ക് വേറെ വേറെ പ്രോജക്ടുകൾ ഉണ്ട്. ഒരാൾ ഒരു പ്രോജക്ടുമായി വന്നാൽ നോക്കാവുന്നതേയുളളൂ. ഇപ്പോഴാണ്, മലയാള സിനിമയ്ക്കു കുറേക്കൂടി എക്സ്‌പോഷർ ലഭിച്ചത്. നമ്മൾക്ക് മറ്റു ഭാഷകളിൽ കൂടി സ്വീകാര്യത വന്നു. രണ്ടുപേരെ വച്ച് ഒരു സിനിമ ചെയ്യുകയെന്നുവച്ചാൽ സാമ്പത്തികം, കഥ അങ്ങനെ ഒരുപാട് കാര്യങ്ങൾ.
മമ്മൂട്ടിയിലെ നടനെയും വ്യക്തിയെയും എങ്ങനെ കാണുന്നു?
വളരെ സ്നേഹവും സൗഹൃദവുമാണ്. എപ്പോഴും വിളിക്കുകയും സംസാരിക്കാറുമുണ്ട്. എന്റെ കുട്ടികളും അവരുടെ കുട്ടികളുമൊക്കെയായി വലിയ അടുപ്പമാണ്. ഞങ്ങൾ മദ്രാസിൽ ആയിരുന്നല്ലോ താമസിച്ചിരുന്നത് ഒരുപാടുകാലം. കുട്ടികളുമായിട്ടാണ് കൂടുതൽ ബന്ധം. എനിക്കൊരു കാര്യം അറിയണമെങ്കിൽ അദ്ദേഹത്തെ വിളിക്കാറുണ്ട്. അദ്ദേഹവും അങ്ങനെ വിളിക്കും.
അമിതാഭ് ബച്ചനായാലും രജനീകാന്തായാലും അവരൊക്കെ അഭിനയിച്ചശേഷം താങ്കളോട് ആരാധന കലർന്ന അടുപ്പത്തോടെ സംസാരിക്കുന്നത് കേൾക്കുമ്പോൾ എന്തു തോന്നും?
ദൈവത്തോട് കൂടുതൽ നന്ദി പറയും. കമലഹാസനും രജനീകാന്തും ഒക്കെ അങ്ങനെയാണ്. എത്രയോ കാലത്തെ അടുപ്പമാണ്. രജനീകാന്തിന്റെ കൂടെ ജയിലറിൽ അഭിനയിച്ചു. പണ്ടൊക്കെ മദ്രാസിൽ ഞങ്ങൾ കൂടിച്ചേരുമായിരുന്നു. അദ്ദേഹം എന്റെ ഭാര്യാപിതാവിന്റെ എത്രയോ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എപ്പോൾ കണ്ടാലും ആ സ്നേഹമുണ്ട്. എന്റെ ഭാര്യയുമായി നല്ല അടുപ്പമാണ്. കൊച്ചിലേ മുതൽ അറിയാം. തൊട്ടിലിൽ നിന്ന് ഞാൻ എടുത്തുകൊണ്ടുപോയി എന്നാണ് ഞങ്ങളുടെവിവാഹത്തെക്കുറിച്ചു പറയുന്നത്.
അമിതാഭ് ബച്ചൻ?
ആഗ് എന്ന ചിത്രത്തിൽ ഞങ്ങൾ അഭിനയിക്കുമ്പോൾ എന്റെ എല്ലാ ചിത്രങ്ങളും കാണണമെന്നു പറഞ്ഞു. ഞാൻ പറഞ്ഞു അതൊന്നും എളുപ്പമല്ലെന്ന്. രണ്ടുമൂന്ന് ചിത്രങ്ങൾ കൊടുത്തു.
ഏതൊക്കെ?
'സ്ഫടികം" ഞങ്ങൾ തിയേറ്ററിൽ ഒരുമിച്ചു കണ്ടു. വളരെക്കാലം മുമ്പ്. ഞാൻ കൊടുത്തതിൽ പ്രധാന സിനിമ 'വാനപ്രസ്ഥം" ആയിരുന്നു. അത് കണ്ടതിന്റെ അടുത്ത ദിവസം അദ്ദേഹം എന്നെ കുറേനേരം നോക്കിനിന്നു. അത് കഴിഞ്ഞ് How can you do this എന്നു ചോദിച്ചു. കഥകളി വലിയൊരു കലയല്ലേ. ആ കലയോടും കലാകാരനോടുമുള്ള സ്നേഹം അദ്ദേഹത്തിന് വലുതായിട്ടുണ്ട്. ശിവാജി സാറായാലും നാഗേശ്വരറാവു സാറായാലും അവർക്ക് ചെറിയ ആക്ടർ, വലിയ ആക്ടർ എന്നില്ല. സിനിമ ഇൻഡസ്ട്രിയാണ്. അതിൽ അഭിനയിക്കുന്നവരോടുള്ള ബഹുമാനം വളരെ വലുതാണ്.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |