അന്ന് ആരാധിക. ബാഡ് ബോയ്സിൽ റഹ്മാന്റെ നായികയായി ഷീലു
ഇത്തവണ ഒാണം ഷീലു എബ്രഹാമിന് ഇരട്ടി മധുരം സമ്മാനിക്കുന്നു. സ്വപ്ന നായകനായി ആരാധിച്ച റഹ്മാന്റെ നായികയായി ഷീലു എബ്രഹാം എത്തുന്ന ബാഡ് ബോയ്സ് ഓണം റിലീസായി തിയേറ്ററിൽ. ഷീലു എബ്രഹാമിൽനിന്ന് ഇതുവരെ പ്രതീക്ഷിക്കാത്ത അടാർ കഥാപാത്രം പ്രേക്ഷകർക്ക് മുൻപിൽ . മാസ് ആക്ഷൻ ചിത്രമായ ബാഡ് ബോയ്സിലൂടെ 'പഴയ റഹ്മാനെ" സംവിധായകൻ ഒമർ ലുലു തിരികെ കൊണ്ടു വരുമ്പോൾ എല്ലാം കളർഫുൾ കാഴ്ചയാകുന്നു . സിനിമയിലെ വിശേഷങ്ങളുമായി ഷീലു എബ്രഹാം മനസ് തുറന്നു.
റഹ്മാന്റെ ആരാധിക നായികയായപ്പോൾ ?
പാട്ടിലൂടെയാണ് റഹ്മാന്റെ സിനിമകൾ കണ്ടു തുടങ്ങുന്നത്. കൂടെവിടെ, പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്നീ സിനിമകൾ കണ്ടതോടെ ആരാധന കൂടി. പതിനാറ് ,പതിനേഴ് വയസിൽ സിനിമയിൽ വന്ന ആളാണല്ലോ റഹ്മാനിക്ക.ചിലമ്പ്, അടുത്തടുത്ത് , എന്ന് നാഥന്റെ നിമ്മി ആസമയത്ത് റഹ്മാനിക്ക അഭിനയിച്ച ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്. ഞാൻ സിനിമയിൽ വന്നിട്ട് പന്ത്രണ്ട് വർഷം എത്തി . ആദ്യമായി റഹ്മാനിക്കയുടെ നായികയാകുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. സീനിയർ താരത്തിന്റെ നായികയായി അഭിനയിക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു. ബാഡ് ബോയ്സിൽ മേരി എന്ന ബാഡ് ഗേളാണ് ഞാൻ . റഹ്മാനിക്ക അവതരിപ്പിക്കുന്ന ആന്റപ്പൻ എന്ന കഥാപാത്രത്തിന്റെ ഭാര്യവേഷം.
ചിരിക്കാത്തവരാണ് കഥാപാത്രങ്ങൾ എന്ന് പലപ്പോഴും കേൾക്കാറുണ്ട് ?
ബാഡ് ബോയ് സിലൂടെ ഇതിന് മാറ്റം വരികയാണ്. ആദ്യമായി ഹ്യൂമർ സിനിമയിൽ ഹ്യുമർ ടച്ച് കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മസിൽ പിടിച്ച് ഗൗരവക്കാരും ഒട്ടും ഇളകി അഭിനയിക്കാൻ കഴിയാത്തവരും, ചിരിക്കാത്തവരുമാണ് എന്റെ കഥാപാത്രങ്ങളിൽ എല്ലാവരും. പട്ടാഭിരാമനിൽ മാത്രമാണ് ഫ്ളെക്സിബിളായി ചെയ്തത്. സ്റ്റാർ , വീകം, സദൃശവാക്യം തുടങ്ങി ഒട്ടുമിക്ക സിനിമയിലെ കഥാപാത്രങ്ങളും പൊലീസ് വേഷങ്ങളുമെല്ലാം ഗൗരവക്കാരും പിരിമുറുക്കത്തിലൂടെ കടന്നുപോകുന്നവരുമാണ്. മുഖം വീർപ്പിച്ചു നിൽക്കുന്ന കഥാപാത്രത്തിൽനിന്ന് വ്യത്യസ്തമായി ബാഡ് ബോയ്സിൽ എന്നെ കാണാൻ കഴിയും. ബാഡ് ബോയ്സിൽ എല്ലാവരും ഫണ്ണി കഥാപാത്രങ്ങളാണ്.
സിനിമകളുടെ എണ്ണം കുറയാൻ കാരണം ?
നൂറുനടിമാരിൽ പത്തുപേരായിരിക്കും ഓടിനടന്ന് അഭിനയിക്കുന്നത്. ആ പത്തുപേരിൽ ഒരാളാകാൻ എനിക്ക് ഭാഗ്യം ഉണ്ടായില്ല. ഞങ്ങ ളുടെ നിർമ്മാണ കമ്പനിയുടെ (അബാം മൂവീസ്) സിനിമകളിലാണ് കൂടുതലായും അഭിനയിക്കുന്നത്. മറ്റുള്ളവരുടെ സിനിമകളിൽ അഭിനയിക്കില്ലെന്ന തെറ്റിദ്ധാരണ കുറെപേർക്കുണ്ട് . പിന്നെ ഒരുപാട് നടിമാരുണ്ട്. ഞാൻ തന്നെ അഭിനയിക്കണമെന്ന അത്യാവശ്യം അവർക്കുള്ളതായി തോന്നില്ല. ചില കഥാപാത്രം ഇഷ്ടപ്പെടാതെ ഉപേക്ഷിച്ചിട്ടുണ്ട്.
എആർഎം എന്ന സിനിമയിൽ ടൊവിനോയുടെ നായികയായും അമ്മൂമ്മയായും സുരഭി ലക്ഷ്മി
സുരഭി ലക്ഷ്മിക്ക് ഇക്കുറി സൂപ്പർ ഒാണം.നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ ടൊവിനോ തോമസ് മൂന്നു വേഷത്തിൽ എത്തുമ്പോൾ സുരഭി ലക്ഷ്മി രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. ടൊവിനോയുടെ നായികയായും അമ്മൂമ്മയായും എത്തിയാണ് പകർന്നാട്ടം.അജയന്റെ രണ്ടാം മോഷണം തിയേറ്ററിൽ എത്തിയ പശ്ചാത്തലത്തിൽ സുരഭി ലക്ഷ്മി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ആദ്യമായി ടൊവിനോയുടെ നായികയാകുമ്പോൾ കഥാപാത്രത്തിന് അനുഭവപ്പെടുന്ന പ്രത്യേകത ?
കൊമേഴ്സ്യൽ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നായകന്റെ, സൂപ്പർ ഹീറോയുടെ നായികയായി അഭിനയിക്കുന്നത് ആദ്യമാണ്. എന്ന് നിന്റെ മൊയ്തിനിൽ അസിസ്റ്റന്റ് ഡയറക്ടറായ ജിതിനിനോട് 'കാത്തിരുന്നു കാത്തിരുന്നു" എന്ന പാട്ടിന്റെ ചിത്രീകരണത്തിനിടെ ഞാൻ ചാൻസ് ചോദിച്ചു. ആദ്യമായി ജിതിൻ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് വിളിച്ചു.എന്നാൽ വെറുതേ വിളിച്ചതല്ല. ടൊവിനോ അവതരിപ്പിക്കുന്ന മൂന്ന് കഥാപാത്രങ്ങളിൽ ഒന്നായ മണിയന്റെ ഭാര്യ മുപ്പത്തി അഞ്ച് വയസ് വരുന്ന മാണിക്യത്തെ അവതരിപ്പിക്കാനാണ് വിളിച്ചത്. മണിയനൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രം.എന്റെ പരിമിതികളെയും സാധ്യതകളെയും അറിയുന്ന നാടക പ്രവർത്തകരായ വിനോദ് മാഷിന്റെയും ജ്യോതിഷ് എം.ജിയുടെയും വർക് ഷോപ്പിന്റെ ഭാഗമാകുകയും ആവശ്യമായ തയാറെടുപ്പുകൾ നടത്തുകയും ചെയ്തു.ടൊവിനോയും കഥാപാത്രത്തിന് ആവശ്യമായ മുന്നൊരുക്കം നടത്തി. അതിനാൽ ഒരു നാടക കലാകാരനൊപ്പം പ്രവർത്തിക്കുന്നതിന്റെ ഊർജ്ജം ലഭിച്ചു. സൂപ്പർ ഹീറോ നായകനൊപ്പമാണ് അഭിനയിക്കുന്നതെന്ന് ഒരിക്കലും തോന്നിയില്ല.
എ.ബി.സി.ഡിയിലും എന്ന് നിന്റെ മൊയ്തീനിലും തീവണ്ടിയിലും ഞങ്ങൾ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന അജയന്റെ രണ്ടാം മോഷണംടൊവിനോയുടെ അൻപതാമത്തെ സിനിമയാണ്. അതിൽ നായികയാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
കുമാരിയിലെ മുത്തമ്മയ്ക്കൊപ്പം നിൽക്കുന്നതാണ് എഴുപതു വയസ് വരുന്ന അമ്മൂമ്മ കഥാപാത്രം. എന്റെ
മകളുടെ വേഷം അവതരിപ്പിക്കുന്നത് രോഹിണി ചേച്ചിയാണ്. ഇവരുടെ മകൻ അജയനായി ടൊവിനോ. എന്റെ അഭിനയ ജീവിതത്തിൽ വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങൾ.
ദേശീയ അവാർഡ് ലഭിച്ചത് കരിയറിൽ എന്ത് മാറ്റം വരുത്തി ?
അഭിനയ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കയറാനുള്ള പടിയാണ് അവാർഡ്. ഒരു നായിക നടിക്ക് ദേശീയ അവാർഡ് ലഭിക്കുന്നതുപോലത്തെ വളർച്ചയായിരിക്കില്ല എനിക്ക് . അവാർഡ് ലഭിക്കുമ്പോൾ ഒരു സീരിയലിൽ അഭിനയിക്കുകയായിരുന്നു. എവിടെയാണോ നിൽക്കുന്നത് അവിടെ നിന്ന് ഒരു ഉയർച്ചയുണ്ടാകും. അതിന്റെ ഭാഗമായാണ് ടൊവിനോ തോമസിന്റെയും അനൂപ് മേനോന്റെയും സൗബിന്റെയും നായികയായ സിനിമകൾ തേടി എത്തുന്നതും അവതരിപ്പിക്കുന്നതും . വ്യത്യസ്തമായ കഥാപാത്രങ്ങൾ ധൈര്യത്തോടെ ഏൽപ്പിക്കാൻ ഒരു മിനിമം മാർക്ക് എന്ന രീതിയിൽ അവാർഡ് സഹായിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ച് എവിടെനിന്ന് തുടങ്ങി, എവിടെ എത്തി നിൽക്കുന്നു എന്നതിൽ ദേശീയ അവാർഡ് ഒരു പങ്ക് വഹിച്ചു.
റൈഫിൾ ക്ളബിന്റെ വിശേഷങ്ങൾ?
ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് അഭിനയിക്കുന്ന ആദ്യ മലയാള സിനിമ. വാണിവിശ്വനാഥ് മടങ്ങിവരുന്ന സിനിമ എന്നതാണ് മറ്റൊരു പ്രത്യേകത. ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സെന്ന ഹെഗ്ഡെ, ഹനുമാൻ കൈൻഡ്, വിജയരാഘവൻ, ദിലീഷ് പോത്തൻ, വിനീത് കുമാർ തുടങ്ങി വലിയ താരനിരയുണ്ട്. ആഷിഖ് അബു ആണ് സംവിധാനം. ശ്യാം പുഷ്കരനും ദിലീഷ് നായരും ഷറഫ് - സുഹാസ് ടീമും ചേർന്ന് തിരക്കഥ. റൈഫിൾ ക്ളബിനെ കേന്ദ്രീകരിച്ച് നടക്കുന്ന പ്രമേയത്തിൽ നല്ല ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതുവരെ അവതരിപ്പിച്ചതിൽനിന്ന് വ്യത്യസ്തമായ കഥാപാത്രവും പശ്ചാത്തലവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |