സിനിമയിൽ തിളക്കമായി ധനഞ്ജയ് പ്രേംജിത്ത്
ഡാഡികൂൾ കണ്ടവർ മമ്മൂട്ടിയുടെ മകൻ ആദി സൈമണെ കൂടെ കൂട്ടി. ഉറുമിയിൽ പൃഥ്വിരാജിന്റെ ചെറുപ്പം. ബാബാ കല്യാണിയിൽ കൈനിറയെ വെണ്ണ തരാം ഗാനത്തിൽ ഉണ്ണിക്കണ്ണൻ, ട്രിവാൻഡ്രം ലോഡ്ജിൽ അനൂപ് മേനോന്റെ മകൻ. അന്നത്തെ ബാലതാരം ധനഞ്ജയ് പ്രേംജിത്ത് ഇനി വലിയ കളിയിൽ. 'കാസർഗോൾഡിൽ" നിന്നാണ് ഇപ്പോഴത്തെ വരവ്. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന കുമ്മാട്ടിക്കളിയിൽ ധനഞ്ജയ് പ്രധാന വേഷത്തിൽ എത്തുന്നു. സിനിമ തനിക്ക് പുത്തൻ പ്രതീക്ഷ നൽകുന്ന സന്തോഷത്തിൽ ധനഞ്ജയ് സംസാരിക്കുന്നു.
ഇവിടെ നിൽക്കണം
കുമ്മാട്ടിക്കളിയിൽ അമീർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മാധവ് ഉൾപ്പെടുന്ന അനാഥരായ നാലു ചെറുപ്പക്കാരിൽ ഒരാൾ. കടപ്പുറവും ഞങ്ങളുടെ ജീവിതവും ചേരുന്നതാണ് കുമ്മാട്ടിക്കളി. കാസർഗോൾഡിൽ പാർട്ടി സെക്രട്ടറിയുടെ മകനായാണ് അഭിനയിച്ചത്. കഥയിൽ വഴിത്തിരിവ് സൃഷ്ടിക്കുന്ന കഥാപാത്രം. ബാബാകല്യാണിയിലാണ് ആദ്യമായി അഭിനയിക്കുന്നത്. ആറാമത്തെ സിനിമയാണ് ഡാഡി കൂൾ. ട്രിവാൻഡ്രം ലോഡ്ജ്, ബ്ളാക് ബട്ടർഫ്ളൈസ്, 101 വെഡ്ഡിംഗ്സ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഡേവിഡ് ആൻഡ് ഗോലിയാത്ത്, ഷെർലക് ടോംസ്, ജോർജേട്ടൻസ് പൂരം തുടങ്ങി ഇരുപത്തിയാറ് സിനിമകളിൽ അഭിനയിച്ചു. നല്ല സിനിമകളുടെ ഭാഗമായി ഇവിടെ തന്നെ നിൽക്കാനാണ് ആഗ്രഹം.
കുഞ്ഞിക്കൃഷ്ണൻ
മൂന്നര വയസിൽ കൃഷ്ണകൃപാസാഗരം സീരിയലിൽ കൃഷ്ണനായി അഭിനയിച്ചു. ഇതിനുശേഷം നിരവധി സീരിയലുകൾ. ശ്രീ ഗുരുവായൂരപ്പൻ സീരിയലിൽ ഗുരുവായൂരപ്പനായി അഭിനയിച്ചപ്പോൾ കൂടുതൽ ആളുകൾ അറിഞ്ഞുതുടങ്ങി. ഷെർലക് ടോംസിനു ശേഷം പഠനത്തിന്റെ ഭാഗമായി ബ്രേക്കെടുത്തു. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ബി.കോം പഠനം കഴിഞ്ഞപ്പോഴും സിനിമ പാഷനായി കൂടെ തന്നെയുണ്ടായിരുന്നു. പഠനശേഷം കാസർഗോൾഡിൽ ആണ് അഭിനയിക്കുന്നത്. കൂടുതൽ അവസരം ലഭിച്ചാൽ അഭിനയം തന്നെയായിരിക്കും മേഖല. വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങൾ ലഭിച്ചാൽ അവതരിപ്പിക്കാൻ കഴിയുമെന്നാണ് വിശ്വാസം.കൂട്ടുകാർ ഡിജെ എന്ന് വിളിക്കുന്നു. തിരുവനന്തപുരം ആണ് നാട്. അച്ഛൻ പ്രേംജിത്ത് ബിസിനസ് ചെയ്യുന്നു. അമ്മ ധനലക്ഷ്മി. ചേട്ടൻ ആദിത്യ ഗ്രാഫിക് ഡിസൈനറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |