ഇന്ത്യയിൽ എത്തുന്ന ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ
ജീവനക്കാരിൽ 4 മലയാളികളും
വിഴിഞ്ഞം:അന്താരാഷ്ട്ര തുറമുഖത്ത് ചരിത്രം കുറിച്ച് ലോകത്തെ നാലാമത്തെ വലിയ കണ്ടെയ്‌നർ കപ്പൽ എം.എസ്.സി ക്ലോഡ് ഗിരാർദെ ബെർത്തിൽ അടുത്തു. ഇന്ത്യയിലെന്നല്ല, ദക്ഷിണേഷ്യയിൽ തന്നെ ബെർത്ത് ചെയ്യുന്ന ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലാണിത്. 19,462 കണ്ടെയ്‌നറുകളുമായി മുന്ദ്ര തുറമുഖത്ത് എത്തിയ എം. എസ്.സി അന്ന ആണ് ഇന്ത്യയിൽ മുൻപ് എത്തിയ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ.
കമ്മിഷൻ ചെയ്യും മുമ്പ്, ട്രയൽ റൺ നടക്കുന്ന വിഴിഞ്ഞത്ത് ഇത്രയും വലിയ കണ്ടെയ്‌നർ കപ്പൽ അടുത്തത് തുറമുഖത്തിന്റെ ശേഷിയുടെ തെളിവാണ്. മലേഷ്യയിലെ താൻജുങ് പെലപാസിൽ നിന്നാണ് കപ്പൽ എത്തിയത്.ഇവിടത്തെ കണ്ടെയനറുകൾ ഇറക്കിയ ശേഷം പോർച്ചുഗലിലേക്ക് പോയി.
ക്യാപ്റ്റൻ ഇന്ത്യക്കാരൻ, നാല് മലയാളികളും
ക്യാപ്റ്റൻ ഇന്ത്യക്കാരനായ രാജേന്ദ്ര സിംഗ്. 24 ജീവക്കാരിൽ നാല് മലയാളികൾ - യശ്വന്ത് (കണ്ണൂർ ),നന്ദകുമാർ ( മലപ്പുറം ), തൃശൂർ സ്വദേശികളായ ജോർജ് ആന്റണി,പ്രതീഷ് നാരായണപണിക്കർ.18 പേർ മറ്റ് സംസ്ഥാനക്കാർ. രണ്ട് പേർ യുക്രെയിൻ, പോളണ്ട് സ്വദേശികൾ.
ക്ലോഡ് ഗിരാർദെ
നീളം 399 മീറ്റർ
വീതി 61.5 മീറ്റർ
24,116 കണ്ടെയ്‌നറുകൾ
രജിസ്ട്രേഷൻ ലൈബീരിയയിൽ
ഓപ്പറേഷൻ സ്വിസ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി
കപ്പലിനെ വിഴിഞ്ഞത്തെ 3 ടോൾഫിൻ ടഗ്ഗുകളുടെ അകമ്പടിയോടെയാണ് ബെർത്തിലെത്തിച്ചത്. തിരുവനന്തപുരം വാട്ടർ ലൈൻ ആൻഡ് ലോജിസ്റ്റിക് കമ്പനിയുടെ വിഴിഞ്ഞം സ്വദേശികളായ ജീവനക്കാരാണ് മൂറിംഗ് (നങ്കൂരമിട്ട് ബെർത്തിൽ ബന്ധിക്കൽ) നടത്തിയത്.
സുപ്രധാന ചുവട് വയ്പ്: മുഖ്യമന്ത്രിയുടെ ഓഫീസ്
രാജ്യത്തെ ഏറ്റവും വലിയ മദർ പോർട്ടായ വിഴിഞ്ഞം തുറമുഖത്തിന് ഭീമൻ കണ്ടെയ്‌നർ കപ്പലുകളെ കൈകാര്യം ചെയ്യാനാവും. കേരളത്തിന്റെ വികസനക്കുതിപ്പിലേക്കുള്ള സുപ്രധാന ചുവടാണ് എം.എസ്.സി ക്ലോഡ് ഗിരാർദേ കപ്പലിന്റെ നങ്കൂരമിടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |