ആലുവ: ഡൽഹിയിൽ ഫാഷൻ ടെക്നോളജിക്ക് പഠിക്കുന്ന മകൾ ഡൽഹി പൊലീസിന്റെ പിടിയിലായെന്ന വ്യാജ സന്ദേശം നൽകി അൻവർ സാദത്ത് എം.എൽ.എയുടെ ഭാര്യയെ കബളിപ്പിക്കാൻ ശ്രമം. എം.എൽ.എയുടെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് +92 3221789985 എന്ന നമ്പറിൽ നിന്ന് വാട്സാപ്പ് കാൾ വന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലുള്ള ഒരാളുടെ പടമാണ് ഫോണിൽ പ്രൊഫൈൽ ചിത്രമായുണ്ടായിരുന്നത്. മകൾ മയക്കുമരുന്നുമായി ഡൽഹി പൊലീസിന്റെ പിടിയിലായെന്ന് ഹിന്ദിയിൽ അറിയിച്ചു. മകളുടെ പേര് കൃത്യമായി പറഞ്ഞശേഷം മകൾ എവിടെയാണ് പഠിക്കുന്നതെന്ന് ചോദിച്ചു.
ഇതോടെ സ്തംഭിച്ചു പോയ എം.എൽ.എയുടെ ഭാര്യ ആലുവയിൽ സ്വകാര്യ ചടങ്ങിലായിരുന്ന അൻവർ സാദത്തിനെ വിളിച്ചറിയിച്ചു. എം.എൽ.എ മകളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. 15 മിനിറ്റിനു ശേഷം മകളെ ബന്ധപ്പെട്ട് ക്ളാസിലായിരുന്നുവെന്ന് ഉറപ്പായതോടെയാണ് സംഭവം തട്ടിപ്പാണെന്ന് ബോദ്ധ്യമായത്. എം.എൽ.എയുടെ മകളുടെ പേരും ഭാര്യയുടെ ഫോൺ നമ്പറും എങ്ങനെ തട്ടിപ്പു സംഘത്തിന് ലഭിച്ചെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പാകിസ്ഥാനിൽ നിന്നാണ് ഫോൺ വിളിച്ചതായി കാണിക്കുന്നത്.
കെ-ഫോൺ: വി.ഡി.സതീശന്റെ
ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: സംസ്ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതിയെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചട്ടവിരുദ്ധ ഇടപാടുകൾ നടന്നെന്ന് പ്രഥമദൃഷ്ട്യാ കരുതാനാവില്ലെന്നും അന്വേഷണം ആവശ്യമില്ലെന്നും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സാമ്പത്തിക പിന്നാവസ്ഥയിലുള്ള 20ലക്ഷം കുടുംബങ്ങൾക്കും 30,000ലേറെ സർക്കാർ സ്ഥാപനങ്ങൾക്കും സൗജന്യ ഇന്റർനെറ്റ് സേവനം ലക്ഷ്യമിടുന്ന പദ്ധതി പുരോഗമിക്കുന്ന ഘട്ടത്തിൽ അന്വേഷണം ആവശ്യമില്ല. 20,336 ഓഫീസുകൾക്കും 5,484 കുടുംബങ്ങൾക്കും നിലവിൽ സേവനം ലഭിക്കുന്നുണ്ട്. കൂടുതൽ മേഖലകളിൽ ഒപ്ടിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണെന്ന അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പിന്റെ വിശദീകരണവും കോടതി കണക്കിലെടുത്തു.
ഹർജിയിലെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഹൈക്കോടതിക്ക് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചട്ടവിരുദ്ധമായി എന്തെങ്കിലും സി.എ.ജി റിപ്പോർട്ടിൽ കണ്ടെത്തിയാൽ നിയമസഭയ്ക്ക് പരിശോധിക്കുകയും, പ്രതിപക്ഷ നേതാവായ ഹർജിക്കാരന് വിശദീകരണം തേടുകയും ചെയ്യാം.
കെ-ഫോൺ പദ്ധതിക്ക് കരാർ നൽകിയതിലടക്കം അഴിമതിയുണ്ടെന്ന് ആരോപിച്ചായിരുന്നു സതീശന്റെ ഹർജി.
ബോണസും ഉത്സവബത്തയും അനുവദിച്ചു
തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ.ടി.ഡി.സി ), ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി.ടി.പി.സി)ജീവനക്കാർക്ക് സർക്കാർ ഓണം ബോണസും അനുബന്ധ ആനുകൂല്യങ്ങളും അനുവദിച്ചു. കെ.ടി.ഡി.സി.യിലെ ബോണസിന് അർഹരായ സ്ഥിരം ജീവനക്കാർക്ക് വാർഷിക ശമ്പളത്തിന്റെ 8.33 ശതമാനം തുകയും ബോണസിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയും നൽകും. സ്ഥിരം ജീവനക്കാർക്ക് 20,000 രൂപയും കരാർ തൊഴിലാളികൾക്ക് 5000 രൂപയും തിരിച്ചുപിടിക്കുന്ന അഡ്വാൻസായും നൽകും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സർക്കാർ ഉത്തരവിലെ മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായാണ് ഡി.ടി.പി.സി ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |