തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ്ഹൗസിന്റെ സുരക്ഷ വീണ്ടും കൂട്ടുന്നു. 4.32 ലക്ഷം രൂപയുടെ ക്വട്ടേഷന് ധനവകുപ്പ് അനുമതി നൽകി. 20നകം ടെൻഡർ നൽകണം.
അടുത്തിടെ 12.93ലക്ഷം ചെലവിട്ട് ഇവിടെ ക്യാമറാനിരീക്ഷണം ഉൾപ്പെടെ നവീകരിച്ചതേയുള്ളൂ. എ.ഡി.ജി.പി അജിത്കുമാർ വിഷയത്തിൽ പ്രതിഷേധം കടുക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ ഇനിയും കൂട്ടണമത്രെ! കൂടുതൽ ക്യാമറ വച്ച് ക്ലിഫ്ഹൗസിലേക്കുള്ള രണ്ട് റോഡുകളടക്കം സദാ നിരീക്ഷണത്തിലാക്കും. ഇസഡ്-പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്ക്.
സുരക്ഷയ്ക്ക് എസ്.പി ജയ്ദേവിനെ ചുമതലപ്പെടുത്തി കമാൻഡോകളെയും സ്ട്രൈക്കർഫോഴ്സിനെയും വിന്യസിച്ചത് മാസങ്ങൾക്ക് മുമ്പാണ്. ചാടിക്കടക്കാൻ കഴിയാത്തവിധം മതിലിന്റെ ഉയരംകൂട്ടി മുള്ളുവേലി സ്ഥാപിച്ചു. ക്ലിഫ്ഹൗസിനു അകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയുമാക്കി. എന്നിട്ടും പഴുതുണ്ടെന്നാണ് പൊലീസ് പക്ഷം.
സിൽവർ ലൈനിനെതിരേ പ്രതിഷേധിച്ച യുവമോർച്ചക്കാർ ക്ലിഫ്ഹൗസിന്റെ പിറകുവശത്തെ മതിൽ ചാടിക്കടന്ന് കെ-റെയിലിന്റെ കല്ല് കുഴിച്ചിട്ടിരുന്നു. തുടർന്നായിരുന്നു അന്ന് സുരക്ഷ കൂട്ടിയത്.
പൊലീസ് പടയ്ക്ക്
നടുവിൽ
ക്ലിഫ്ഹൗസിൽ ആർ.ആർ.ആർ.എഫിലെ 45 പേരും 5 ഇൻസ്പെക്ടർമാരും 24 മണിക്കൂറും ഡ്യൂട്ടിയിലുണ്ട്. 15കമാൻഡോകളും 15 പേരടങ്ങുന്ന സ്ഥിരം സ്ട്രൈക്കർഫോഴ്സുമുണ്ട്. ബറ്റാലിയനിൽ നിന്ന് 3എസ്.ഐമാരടക്കം 45 പേരെക്കൂടി പിന്നീട് നിയോഗിച്ചു. 28 കമാൻഡോകളടക്കം 40 പൊലീസുകാരുണ്ട് മുഖ്യമന്ത്രിക്കൊപ്പം സദാസമയവും. മുന്നിലെ വാഹനത്തിൽ 5 പേർ. രണ്ട് കമാൻഡോ വാഹനങ്ങളിൽ 10 പേർ, ദ്രുതപരിശോധനാ സംഘത്തിൽ 8 പേർ, സ്ട്രൈക്കർഫോഴ്സ്, ബോംബ്-ഡോഗ് സ്ക്വാഡ്, ആംബുലൻസ്, പൈലറ്റും 2 എസ്‌കോർട്ടും, സ്പെയർകാർ.
പ്രത്യേക സുരക്ഷാമേഖല
സെക്രട്ടേറിയറ്റും ക്ലിഫ്ഹൗസും പ്രത്യേകസുരക്ഷാമേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്
ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനുമടക്കം നിയന്ത്രണം
ദേവസ്വംബോർഡ് ജംഗ്ഷനിൽ നിന്ന് ക്ലിഫ്ഹൗസ് റോഡിലേക്ക് പോകാനും പരിശോധന
ക്ലിഫ്ഹൗസിന് മുന്നിലെ ഗാർഡ് റൂമിന്റെ സൗകര്യങ്ങൾ വാച്ച് ടവറിന്റേതിനു തുല്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |