കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാഹനങ്ങളിലുള്ള അഭ്യാസം അനുവദിക്കരുതെന്ന കർശന നിർദ്ദേശവുമായി ഹൈക്കോടതി. കോഴിക്കോട് ഫാറൂഖ് കോളേജിലേയും കണ്ണൂർ കോളേജിലെയും ഓണാഘോഷത്തിൽ അതിരുവിട്ട വാഹനാഭ്യാസത്തിൽ വാഹനഉടമയ്ക്കും ഡ്രൈവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടിയെടുക്കണം. പൊലീസ് മേധാവിയും ഗതാഗത കമ്മിഷണറും നടപടി ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടപെട്ടത്.
കോഴിക്കോട്, കണ്ണൂർ കോളേജുകളിൽ ഉപയോഗിച്ച മുഴുവൻ വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് പരിശോധന നടത്താനും നിർദ്ദേശിച്ചു. വാഹനങ്ങൾ രൂപമാറ്റം വരുത്തിയിട്ടുണ്ടോയെന്ന് മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കണം. വാഹനത്തിൽ അഭ്യാസം നടത്തിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു.
നടപടി സ്വീകരിച്ചതായും വാഹനമോടിച്ചവരുടെ ലൈസൻസ് റദ്ദാക്കുന്നത് പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു. പിടിച്ചെടുത്ത എട്ട് വാഹനങ്ങളുടെ ഫോട്ടോകളും കോടതിക്ക് കൈമാറി. ഗതാഗത കമ്മിഷണർ വിശദമായ റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശിച്ച കോടതി ഹർജി 27ന് പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |