കോതമംഗലം: ലൈസൻസ് സസ്പെൻഷന്റെ കാലാവധി തീരും മുമ്പ് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ കൈയോടെ പിടികൂടി മോട്ടോർ വാഹനവകുപ്പ്. കുട്ടമ്പുഴ ഭാഗത്തുനിന്ന് കോതമംഗലത്തേയ്ക്ക് സർവീസ് നടത്തിയ KL 44 D 0367 ഐഷാസ് ബസിലെ ഡ്രൈവർ അജിത്തിന് സാധുതയുള്ള ലൈസൻസ് ഇല്ല എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് വാഹനം പിടിച്ചെടുക്കുകയും 15,000 രൂപ പിഴ ചുമത്തുകയും ചെയ്തു. വാഹന ഉടമ ട്രിപ്പ് മുടങ്ങാതിരിക്കാൻ പകരം ഡ്രൈവറുമായി ഹാജരായതിനെ തുടർന്ന് വാഹനം വിട്ടുനൽകിയത്. രണ്ടുമാസം മുമ്പ് കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ താലിപ്പാറയിൽ വച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തിലാണ് അജിത്തിന്റെ ലൈസൻസ് കോതമംഗലം ജോയിന്റ് ആർ.ടി.ഒ സസ്പെൻഡ് ചെയ്തത്. ഇതിനെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർ മുൻപാകെ അപ്പീൽ നൽകാൻ പോലും ശ്രമിക്കാതെയാണ് ഇയാൾ ബസ് ഓടിച്ചത്. വരും ദിവസങ്ങളിലും സർവീസ് ബസുകളിൽ പരിശോധന ഉണ്ടാകുമെന്ന് കോതമംഗലം ജോയിന്റ് ആർ.ടി.ഒ സലിം വിജയകുമാർ അറിയിച്ചു. വാഹനപരിശോധനയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബെന്നി വർഗീസ്, റെജിമോൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, എൽദോസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |